കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ തൃണവഗണിച്ച് ബിജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ് കൊല്‍ക്കത്തയില്‍ റാലി ഇന്ന്. കൊല്‍ക്കത്തയിലെത്തിയ അമിത് ഷായെ വിമാനത്താവളത്തിലെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബോ ബാക്ക് വിളിയോടെയാണ് വരവേറ്റത്. നേരത്തെ അമിത് ഷായുടെ റാലിക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ രാജിവെക്കാനായിരുന്നു അമിത് ഷായുടെ വെല്ലുവിളി. തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ അമിത് ഷായുടെ പരിപാടിക്ക് ബിജെപി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മിഡ്നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പന്തല്‍ തകര്‍ന്നു വീണതു പോലുള്ള അത്യാഹിതങ്ങള്‍ കൊല്‍ക്കത്തയില്‍ ഒഴിവാക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം. കൊല്‍ക്കത്തയിലെ മയോ റോഡില്‍ നടക്കുന്ന റാലിയുടെ പന്തലും മറ്റ് അനുബന്ധ അലങ്കാരങ്ങളും കൈകാര്യം ചെയ്യാന്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സംഘത്തെയാണ് ഇത്തവണ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതെ സമയം അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ ബി.ജെ.പി വിരുദ്ധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ബി.ജെ.പി ബംഗാള്‍ വിടുക’, ‘ബംഗാള്‍ വിരുദ്ധ ബി.ജെ.പി തിരിച്ചു പോകുക’ എന്നീ മുദ്രാവാക്യങ്ങളാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്.
അമിത് ഷാ നയിക്കുന്ന റാലിയുടെ പ്രധാന വേദിയായ മായോ റോഡിന് സമീപമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ബംഗാള്‍ തൃണമൂലിന്റെ സ്വകാര്യ സ്വത്തല്ലെന്നും, ആര് നില്‍ക്കണം ആര് പോകണം എന്ന് ബംഗാളിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഗോഷ് അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ കഴിയുംതോറും ശക്തി ക്ഷയിക്കുന്ന തൃണമൂലിന് ബി.ജെ.പിയെ ഭയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മിഡ്നാപൂര്‍ സംഭവത്തില്‍ നിന്നും പാഠം പഠിച്ച്, ഇത്തവണ താരതമ്യേന സുരക്ഷ കുറവായ താല്‍ക്കാലിക പന്തലുകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം.
പരിപാടിയ്ക്കാവശ്യമായ സ്റ്റേജും വേദികളും അതീവ ശ്രദ്ധയോടെ നിര്‍മിയ്ക്കാന്‍ മൂന്നു ഡെക്കറേറ്റര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടികള്‍ക്കും വലിയ റാലികള്‍ക്കും വേദിയൊരുക്കി പരിചയമുള്ള സംഘമാണ് ഇത്തവണ പന്തലൊരുക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റൊരു തരത്തിലുള്ള അപകടങ്ങളും സംഭവിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറയുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പരിശീലനം സിദ്ധിച്ച പാര്‍ട്ടി വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കളും പാര്‍ട്ടി ഭാരവാഹികളും നഗരത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുമുണ്ട്.
അതേസമയം, അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന വ്യാപകമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം ആഹ്വാനം ചെയ്‌തത് അമിത് ഷായുടെ റാലി അട്ടിമറിക്കാനാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബംഗാളിലും സമാനമായ രജിസ്ട്രര്‍ വേണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നുഴഞ്ഞു കയറ്റക്കാരെ പിന്തുണക്കുകയാണ് മമതയെന്നാണ് ബിജെപി ആരോപണം.
Post Your Comments