സ്ത്രീകളുടെ ഓണവിനോദങ്ങളിൽ ഒന്നാണ് കൈകൊട്ടിക്കളി. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന് ചുവടുവച്ച് കൈകൊട്ടിക്കളിക്കുകയുമാണ് പതിവ്.
വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയെയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാർവലൗകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു
കൈകൊട്ടിക്കളി, കുമ്മികളി ,തിരുവാതിരകളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് തിരുവാതിരകളി എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.
Post Your Comments