Latest NewsKerala

ക്യാമ്പുകളില്‍ ശുദ്ധജലമെത്തിക്കാന്‍ നിര്‍ദേശം: എറണാകുളത്ത് മാത്രം 7,500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും-മുഖ്യമന്ത്രി

തിരുവനന്തപുരം•ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകീട്ട് വിലയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വെള്ളപ്പൊക്കം കാരണം ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.

ജില്ലാ ഭരണാധികാരികളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ശുദ്ധജലം ലഭ്യമാക്കണം. വിവിധ ജില്ലകളിലായി വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 53,500 പേര്‍ ക്യാമ്പുകളിലുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. എറണാകുളത്ത് ഇതിനകം തന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തവും പുനരധിവാസ പ്രവര്‍ത്തവും ഏകോപിപ്പിക്കുന്നതിന് മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി ഈ ജില്ലയിലേക്ക് നിയോഗിക്കും. ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ട്.

മുഖ്യമന്ത്രി ശനിയാഴ്ച ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ കൂടെയുണ്ടാകും.

ഇടുക്കി അണക്കെട്ടില്‍ നിന്ന് 750 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. നീരൊഴുക്ക് ശക്തമാണെങ്കിലും ജലനിരപ്പ് കൂടുന്നത് നിന്നിട്ടുണ്ട്. ശക്തമായ മഴ തുടരുകയാണെങ്കില്‍ മാത്രമേ അണക്കെട്ടില്‍നിന്ന് കൂടുതല്‍ തോതില്‍ വെള്ളം തുറന്നുവിടേണ്ടി വരൂ എന്ന് യോഗം വിലയിരുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി ഞായറാഴ്ച പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മന്ത്രിമാര്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button