തിരുവനന്തപുരം: ലോകത്തിന് മാതൃകയായ മാതൃശിശു ആശുപത്രിയായി എസ്.എ.ടി.യെ മാറ്റാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയോടൊപ്പം എസ്.എ.ടി. ആശുപത്രിയേയും മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു മാതൃശിശുമന്ദിരം ഒ.പി. നവീകരണം നടത്തി രോഗീസൗഹൃദമാക്കിയത്. മാതൃശിശുമന്ദിരത്തിന്റെ മുകളിലത്തെ നിലകള്‍ നിര്‍മ്മിക്കുന്നതിന് 13 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഐ.വി.എഫ്. ചികിത്സ വഴി ജനിച്ച 100ലധികം കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കുടുംബ സംഗമത്തിന്റേയും സര്‍ക്കാര്‍ പ്രത്യേക വിഭാഗമായി ഉയര്‍ത്തിയ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന്റേയും ഉദ്ഘാടനം മെഡിക്കല്‍ കോളേജ് ഓള്‍ഡ് ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read also: അംഗന്‍വാടികളെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരുടെ ആശാകേന്ദ്രമായി എസ്.എ.ടി. ആശുപത്രി മാറിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് ആശുപത്രികളെപ്പോലെ മികച്ച സംവിധാനങ്ങളാണ് റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളേക്കാള്‍ നാലിലൊന്ന് തുക മാത്രമേ ഈ ചികിത്സയ്ക്ക് ഇവിടെ ചെലവാകുന്നുള്ളൂ. സാധാരണക്കാരെ സംബന്ധിച്ച് ഇതൊരു അനുഗ്രഹമാണ്. റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കുകയും എം.സി.എച്ച്. കോഴ്‌സ് തുടങ്ങുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പഴയ കാലത്തെ അപേക്ഷിച്ച് വന്ധ്യതയുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ റിപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ട്രാമാകെയര്‍ സംവിധാനം ഘട്ടം ഘട്ടമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കി പരിശീലനങ്ങള്‍ നടത്തേണ്ടതുണ്ട്. 315 ആംബുലന്‍സുകളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് സമാന്തരമായി ആശുപത്രികളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തി വരുന്നു. മെഡിക്കല്‍ കോളേജില്‍ എയിംസിന്റെ സഹകരണത്തോടെ ലെവല്‍ വണ്‍ ട്രോമകെയര്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 48 മണിക്കൂര്‍ സൗജന്യ ചികിത്സയ്ക്കായി 25 കോടി രൂപ നിക്ഷേപിക്കാനും അത് നിര്‍വഹിക്കാനായി കെ.എം.എസ്.സി.എല്ലിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും ആയിട്ടുണ്ട്. സമഗ്ര ട്രോമകെയര്‍ സംവിധാനം ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു പറഞ്ഞു.
സാധാരണക്കാര്‍ക്കും വന്ധ്യതാ ചികിത്സ സാധ്യമാക്കിക്കൊടുക്കാന്‍ എസ്.എ.ടി. ആശുപത്രിക്ക് കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷനായ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോകത്ത് ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്ന ആരോഗ്യമേഖലയ്ക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
ഐ.വി.എഫ്. ചികിത്സയിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍ക്കായി നടപ്പാക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ് പദ്ധതിയുടെ വിതരണം മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഐ.വി.എഫി.ലൂടെ ജനിച്ച എല്ലാ കുട്ടികളുടേയും ആദ്യ പ്രീമിയം തുക എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയാണ് നല്‍കുന്നത്.
എസ്.എ.ടി. ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി മെഡിക്കല്‍ കോളേജ് ക്യാമ്പസ് ശുചീകരണത്തിന് വേണ്ടി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. നോര്‍ക്ക റൂട്ട്‌സ് എക്‌സി. വൈസ് ചെയര്‍മാനും സൊസൈറ്റി എക്‌സി. മെമ്പറുമായ കെ. വരദരാജന്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന് കൈമാറി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, നോര്‍ക്ക റൂട്ട്‌സ് എക്‌സി. വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിര്‍മ്മല, റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണന്‍, എച്ച്.ഡി.എസ്. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഡി.ആര്‍. അനില്‍, അനിത കെ., എസ്.എ.ടി.എച്ച്.എച്ച്.ഇ.എസ്. എക്‌സി. കൗണ്‍സില്‍ മെമ്പര്‍ എസ്.എസ്. രാജലാല്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments