KeralaLatest News

ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം ഒരു മതനിരപേക്ഷ രാജ്യത്ത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അനിയന്ത്രിതമായ ലൈസന്‍സ് അല്ലെന്നു ഹൈക്കോടതി. ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല, കോടതി ചൂണ്ടിക്കാട്ടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയ്ക്കു താഴെ രേഖപ്പെടുത്തിയ കമന്റ് മതവിദ്വേഷമുണ്ടാക്കുന്നതാണെന്ന് വിലയിരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മലപ്പുറം മേലാറ്റൂര്‍ സ്വദേശി ബിജുമോന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

സമൂഹമാധ്യമങ്ങളെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തിന് വന്‍ ഭീഷണിയായിക്കഴിഞ്ഞു, കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഇസ്ലാമിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്ത കമന്റ് മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് കണ്ടെത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള കുറ്റം ചുമത്താന്‍ രണ്ട് വിഭാഗങ്ങള്‍ കേസില്‍ ഉള്‍പ്പെടണമെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.

ദൈവനിന്ദയും അശ്ലീലവും കലര്‍ന്ന കമന്റുകളാണ് ഹര്‍ജിക്കാരന്‍ പോസ്റ്റ് ചെയ്തത്. ഇത് മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റമല്ല. മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമാണ്. ആ നിലയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരമുള്ള കേസാണ് നിലനില്‍ക്കുക. അതേസമയം മതസ്പര്‍ധ വളര്‍ത്താനുദ്ദേശിച്ചല്ല കമന്റ് രേഖപ്പെടുത്തിയതെന്നും ഏതെങ്കിലും സമുദായത്തെ അധിക്ഷേപിക്കണമെന്ന ലക്ഷ്യത്തോടെ ചെയ്തതല്ലെന്നും മാപ്പ് ചോദിക്കുന്നതായും ഹര്‍ജിക്കാരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button