സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 16 മരണം റിപ്പോർട്ട് ചെയ്തു . ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളും വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ഒരാളും മരിച്ചു. മഴ കനത്തതോടെ മലയോര മേഖല ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കുടുംബത്തോടെ ഒലിച്ചുപോയവരുമുണ്ട്.
ഇടുക്കിയില്‍ മാത്രം 8 പേരാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീണാണ് 8 പേരും മരിച്ചത്. മലപ്പുറത്ത് 5 പേരും മരിച്ചു. ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു സ്ത്രീയുമാണ് മരിച്ചത്. ഇടുക്കി മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പൊട്ടി. വീട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. അടിമാലി- മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആറു പേരാണ് വീട്ടിലുണ്ടായിരുന്നത്.
ഹസന്‍ കോയയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായി.പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. മലപ്പുറത്തു ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്.
നാട്ടുകാര്‍ ഉള്‍പ്പെടേയുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നാല്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, വയനാട്ടിലെ വൈത്തിരിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. സമീപത്തെ വീട്ടിലെ വീട്ടമ്മ മരിച്ചു. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കോഴിക്കോട് മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്‌സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. റവന്യൂമന്ത്രി അടിയന്തരയോഗം വിളിച്ചു.
Post Your Comments