ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. കൂടാതെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സീനിയോറിറ്റി തര്‍ക്കം തുടരവെയാണ് പുതുതായി നിയമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കുന്നത്.
നേരത്തെ, സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷം ജസ്റ്റിസ് കെ എം ജോസഫിനെ ഉള്‍പ്പെടുത്തിയതില്‍ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം. രാവിലെ പത്തുമുപ്പതിന് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞാചടങ്ങ്. ആദ്യം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും, രണ്ടാമതായി ജസ്റ്റിസ് വിനീത് ശരണും ചുമതലയേല്‍ക്കും. കെ.എം.ജോസഫ് മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്യും.
Also Read : ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ തന്നെ, രേഖകൾ സൂചിപ്പിക്കുന്നത്
സീനിയോറിറ്റി വിഷയത്തില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതെങ്ങനെയാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ചീഫ് ജസ്റ്റിസും അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടന്നിരുന്നു. അതേസമയം, ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ജസ്റ്റിസ് കെഎം ജോസഫിന്റെ പേരു ജനുവരി പത്തിനാണ് കൊളീജിയം അയച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേരുകള്‍ അയച്ചത് ജൂലൈ 16 നായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്നും ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments