കൊല്ലം: സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പത്തനംതിട്ട കടമ്പനാട് തെക്ക് പ്ലാന്തോട്ടത്തില്‍ വീട്ടില്‍ പ്രശാന്ത്(41), അടൂര്‍ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം സതിയുടെ മകളായ തൂവയൂര്‍ തെക്ക് വടക്കേ ചരുവില്‍ വീട്ടില്‍ ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. പ്രശാന്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ജയസൂര്യ പാര്‍ട്ടി അനുഭാവിയുമാണ്. ഇവർ തട്ടിപ്പ് നടത്തിയത് പത്തനംതിട്ടയിലെ മൂന്ന് ഉന്നത സിപിഎം നേതാക്കളുടെ തണലിലാണെന്ന് ആരോപണം ഉയരുന്നു.
20 പേരില്‍ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയതായി ഇതുവരെ വിവരം പുറത്തു വന്നിട്ടുള്ളത്. 16 പേരില്‍ നിന്ന് രണ്ടു പേരും ചേര്‍ന്നും നാലുപേരില്‍ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 75 ലക്ഷം തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ 1.60 കോടിയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വൈലോപ്പിള്ളി സംസ്‌കൃത ഭവന്‍, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സ്ഥാപനങ്ങളില്‍ നിന്നുള്ള ജോലി സംബന്ധമായ ഉത്തരവുകള്‍ ഉദ്യോഗാര്‍ത്ഥികളെ കാണിക്കും. വകുപ്പു മേധാവികള്‍ ഒപ്പിട്ട വ്യാജ ഉത്തരവും നല്‍കാറുണ്ട്. കെടിഡിസില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു. ജോലി കിട്ടാന്‍ വൈകിയപ്പോള്‍ ഇവര്‍ നേരിട്ട് ചെയര്‍മാന്‍ എം വിജയകുമാറിനെ സമീപിച്ചു. തങ്ങള്‍ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവര്‍ പണം തിരികെ ചോദിച്ചു. നല്‍കാതെ വന്നപ്പോഴാണ് പരാതി നല്‍കിയത്.കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments