കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബിഷപ് അന്‍ബ എപ്പിഫാനിയോസിനെ (64) ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആയുധം കൊണ്ടു തലയ്‌ക്കേറ്റ അടിമൂലം തലയോടു പൊട്ടിയിരുന്നു. പിന്‍ഭാഗത്തും പരുക്കുകളുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെയ്‌റോയ്ക്കു വടക്കു പടിഞ്ഞാറ് മരുഭൂമിയോടു ചേര്‍ന്നുള്ള ഏകാന്തമായ സെന്റ് മക്കാരിയസ് മൊണാസ്ട്രിയില്‍ തലയ്ക്ക് അടിയേറ്റു രക്തം വാര്‍ന്നു മരിച്ചനിലയില്‍ ഞായറാഴ്ച കണ്ടെത്തുകയായിരുന്നു.
പണ്ഡിതനും അന്‍ബ മകാര്‍ ആശ്രമാധിപനുമായിരുന്നു അദ്ദേഹം.മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ 10 ശതമാനമുള്ള ക്രിസ്ത്യാനികള്‍ പലപ്പോഴും വംശീയമായ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 128 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെപ്പേര്‍ക്കു വീടുവിട്ടു പോകേണ്ടിവരികയും ചെയ്തു. ബിഷപ്പിന്റെ ദേഹവിയോഗത്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ അനുശോചിച്ചു.
ഈജിപ്തിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ക്രൈസ്തവ സമൂഹമാണ് ഓറിയന്റല്‍ (പൗരസ്ത്യ) ഓര്‍ത്തഡോക്‌സ് സഭയായ കോപ്റ്റിക് ക്രൈസ്തവരുടേത്.ഒന്നേമുക്കാല്‍ കോടിയിലധികം വിശ്വാസികളും നൂറിലധികം ബിഷപ്പുമാരും എഴുപതോളം മെത്രാസനങ്ങളും സഭയിലുണ്ട്.
Post Your Comments