Latest NewsNews Story

പൊലീസിനെ തള്ളണോ കൊള്ളണോ? നാരദൻ എഴുതുന്നു

കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ രണ്ട്‌ പോലീസുകാർക്ക്‌ ക്യാപിറ്റൽ പണിഷ്മേന്റ്‌ വിധിച്ചുകൊണ്ടുള്ള സി ബി ഐ കോടതിയുത്തരവ്‌ മാധ്യമങ്ങൾ ഏറെ ആഘോഷപൂർവ്വമായാണു പ്രസിദ്ധീകരിച്ചത്‌. നിയമം പാലിപ്പിക്കാൻ ജോലിചെയ്യുന്നവർ തന്നെ നിയമലംഘകരായി മാറുകയും കൊലപാതകക്കേസിൽ പ്രതികളാവുകയും ചെയ്തു എന്ന വിരോധാഭസമാണ്‌ കേരളം ഇനി കുറെനാൾ ചർച്ചചെയ്യപ്പെടാൻ പോകുന്ന വിഷയം.

നിയമപാലനത്തിനു നിയോഗിക്കപ്പെട്ട്‌ വഴികളിലും മറ്റും നിൽക്കുന്ന പൊലീസുദ്യോഗസ്ഥരെ നോക്കി നാലു ചീത്തവിളിക്കാനും പറ്റുമെങ്കിൽ ഒന്ന് പൊട്ടിക്കാനും മനസും കയ്യും തരിച്ചുനിൽക്കുകയാണു മലയാളികൾ എന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആൾക്കൂട്ടസംഭാഷണശകലങ്ങളിൽ നിന്ന് കുറേശെ വ്യക്തമാകുന്നുമുണ്ട്‌. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അത്‌ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രപൂർവ്വമായ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതം തന്നെ. അവിടെ പോലീസെന്നോ പൊതുജനമെന്നോ ഉള്ള വേർ തിരിവുകളില്ല. ഭാരതനീതിവ്യവസ്ഥയുടെ, നീതിദേവതയുടെ കണ്ണും കെട്ടി തുലാസും പിടിച്ചുനിൽക്കുന്ന പ്രതീകാത്മകരൂപം നോക്കിക്കാണുമ്പോൾ നാരദനും അഭിമാനം കൊള്ളാറുണ്ട്‌. അങ്ങനെയൊരു ദിവസം നീതിദേവതയെ നോക്കി അഭിമാനപൂരിതനായി നിൽക്കുമ്പൊഴാണ്‌ തുല്യനീതിയുടെ ചില പൊരുത്തക്കേടുകൾ, ചില ഏറ്റക്കുറച്ചിലുകൾ തരംഗസമാനമായി നാരദമനസിൽ ചേക്കേറിയത്‌.

നിയമപാലകർ നിയമനിഷേധം നടത്തി കൊലക്കയർ വാങ്ങിയെങ്കിൽ സമാനരീതികളിലുള്ള ഉദ്യോഗസ്ഥരുടെ അലംഭാവവും അനാസ്ഥയും കൊണ്ട്‌, അല്ലെങ്കിൽ അവരുടെ നീതിനിഷേധം കൊണ്ട്‌ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുകൊണ്ടാണ്‌ ഇരയുടെ നീതിക്കുവേണ്ടി കോടതികളെ സമീപിക്കാത്തത്‌? കൈപ്പിഴകൊണ്ടൊരു രോഗി മരിച്ചാൽ ഡോക്ടറും റോഡിലെ കുഴിയിൽ വീണൊരു യാത്രികൻ മരിച്ചാൽ പൊതുമരാമത്ത്‌ എഞ്ചിനീയറും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിരസിച്ച്‌ ഒരുവൻ ആത്മഹത്യ ചെയ്താൽ ബന്ധപ്പെട്ട അധികാരികളും മുൻപറഞ്ഞ പോലീസുകാരുടെ ഗണത്തിലേയ്ക്ക്‌ എത്തിപ്പെടേണ്ടതല്ലെ? അവർക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കേണ്ടതല്ലെ? പേർത്തും പേർത്തും കൂലങ്കഷമായി ആലോചിച്ചിട്ടും ഇല്ല എന്നൊരുത്തരമാണു നാരദനു ലഭിക്കുന്നത്‌.

എന്താ കാരണം? സംഘടിതശക്തിക്കുമേൽ വായ്‌ തുറക്കാൻ ഒരുമാതിരിപ്പെട്ട പൊതുജനം തയ്യാറാവില്ല എന്നതുതന്നെ കാരണം. എന്നുവച്ചാൽ ചോദിക്കാനും പറയാനും ആരുമില്ലാത്തവനെ ആർക്കും എപ്പോഴും എന്തും ചെയ്യാമെന്ന്. ഈ വിധിയ്ക്കെതിരെ ഇവിടൊരു പണിമുടക്കോ ഹർത്താലോ ഒരിക്കലുമുണ്ടാവില്ലയെന്ന് നമുക്കെല്ലാവർക്കുമറിയാം. പൊലീസിൽ ക്രിമിനലുകളുടെ എണ്ണം പണ്ടുകാലത്തെയപേക്ഷിച്ച്‌ വർദ്ധിച്ചിട്ടുണ്ടെന്നുള്ളത്‌ നേരുതന്നെ. വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്ന പോലീസുകാരുടെ എണ്ണവും കൂടിയിട്ടുണ്ട്‌. പക്ഷെ ഈ ഡിപ്പാർട്ട്മെന്റിൽ മാത്രമേ കുറ്റവാസനയുള്ളവരുടെ എണ്ണം വർദ്ധിക്കുന്നുള്ളോ?  ഡിപ്പാർട്ട്മെന്റുകളായി ഇത്തരക്കാരെ തരം തിരിച്ചു കണക്കെടുക്കേണ്ട. മറിച്ച്‌ സമൂഹത്തിലാകെ വർദ്ധിച്ചുവരുന്ന ക്രിമിനൽ മനസ്സുകാരിൽ ഒരു പങ്ക്‌ പോലീസിലും ജോലിക്കു കയറുന്നു എന്നുചിന്തിക്കുന്നതല്ലെ കൂടുതൽ അഭികാമ്യം?

കേന്ദ്ര സംസ്ഥാനസർക്കാർ വിഭാഗങ്ങളിലെയും സ്വകാര്യസ്ഥാപനങ്ങളിലെയുമൊക്കെ ഒരു ചെറിയ ശതമാനം പേർ ക്രിമിനൽ വാസനയുള്ളവരാണ്‌. പക്ഷെ മറ്റിടങ്ങളെയപേക്ഷിച്ച്‌ പൊലീസിലെ ക്രിമിനലുകളെ പെട്ടെന്ന് തിരിച്ചറിയുവാനും കൃത്യമായി ശിക്ഷ വാങ്ങിനൽകുവാനുമാവുന്നുണ്ട്‌. അപ്പൊഴും ബാക്കിയുള്ളിടങ്ങളിലെ വൻ ക്രിമിനലുകളെ നാം കാണാതെപോവുകയോ, മാധ്യമങ്ങൾ അറിയിക്കാതിരിക്കുകയോ ചെയ്യുന്നു. ആ വാർത്തകൾ വായിക്കുവാൻ ജനത്തിനൊരു ആകാംക്ഷയില്ല.

പൊലീസിനെതിരെയുള്ള ഏതൊരു വാർത്തയും നമുക്ക്‌ ഇന്ററസ്റ്റിങ്ങുമാണ്‌ എന്ന സത്യം സമീപഭാവിയിൽ നമ്മുടെ സാമൂഹ്യക്രമങ്ങളിൽ അപകടകരമായ ചില പ്രവണതകൾക്ക്‌ വഴിവച്ചേക്കാമെന്ന് ചിന്തിക്കുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌ കുറ്റകൃത്യങ്ങളിൽ തഴക്കവും പഴക്കവുമുള്ളൊരു ക്രിമിനലിന്‌ നീതിന്യായവ്യവസ്ഥകളെക്കാൾ പേടി ലോക്കൽ പോലീസിനെയാവും. ഒരു കുറ്റത്തിനു പിടിക്കപ്പെട്ടാൽ പോലീസിന്റെ കിടിലൻ ഇടി കിട്ടുമെന്നുള്ള ഭീതികൊണ്ടുമാത്രമാണ്‌ അവൻ അടങ്ങിയൊതുങ്ങി കഴിയുന്നത്‌. കേസ്‌ കോടതിയിലെത്തിയാൽ പണം വാരിയെറിഞ്ഞ്‌ മികച്ചൊരു വക്കീലിനെ തരപ്പെടുത്താൻ അവനൊരു ബുദ്ധിമുട്ടുമില്ല. കോടതിയിലെത്തും മുൻപേ വാദിയെയും വാദിഭാഗം സാക്ഷിയെയും പ്രലോഭനത്തിനാലൊ സമ്മർദ്ദത്തിനാലോ ഭീഷണിയാലോ വരുതിക്കാക്കുവാൻ അവനും വക്കീലിനും വഴിയറിയാം. പണം കൊണ്ടോ സമുദായബലം കൊണ്ടോ ഭീഷണികൊണ്ടോ അവർ സാക്ഷികളെ തന്റെ വരുതിയിലാക്കി ഊരിപ്പോരുകയും ചെയ്യും.

സത്യം പറഞ്ഞാൽ നാരദന്‌ പോലീസിനോട്‌ അളവറ്റ ബഹുമാനമുണ്ട്‌. നമ്മുടെ പെങ്കുഞ്ഞുങ്ങളും സ്ത്രീജനങ്ങളും സധൈര്യം സഞ്ചരിക്കുന്നത്‌ ഇവരുടെ സാന്നിധ്യത്തിന്റെയൊരു സംരക്ഷണ വിശ്വാസത്തിലല്ലെ? അവരുണ്ടെന്നുള്ളൊരു ആശ്വാസമല്ലെ നമ്മുടെ ഓരോ രാത്രികളെയും സുരക്ഷിതമാക്കുന്നത്‌? ആ ഒരു വിശ്വാസം കേരളാ പോലീസ്‌ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക്‌ ആശ്വസിക്കാം, ഒപ്പം കാക്കിക്കുള്ളിലെ കറുത്ത മനസുകളെ നുള്ളിയെറിഞ്ഞ്‌ സംശുദ്ധമായൊരു നിയമപരിപാലനസേനയെ നമുക്ക്‌ പ്രതീക്ഷിക്കുകയുമാവാം.

  • നാരദൻ

Also read : റോഡെവിടെ മക്കളേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button