Latest NewsKerala

മണ്‍മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്‍; ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിടപറച്ചില്‍

മുന്‍ മന്ത്രിയും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. മണ്‍മറഞ്ഞത് മുസ്ലീംലീഗിന്റെ അതികായന്‍. ബാരിക്കാട് മുഹമ്മദ് ഹാജി ആയിഷുമ്മ ദമ്പതികളുടെ മകനായി 1942 സെപ്തംബര്‍ 15ന് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളത്ത് ജനനം. മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി. 1987ല്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു.

തുടര്‍ന്ന് 1991,1996,2001 തിരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. പിന്നാക്ക വിഭാഗ ക്ഷേമ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി,സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി പാര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു.

Also Read : മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. 1972 മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, 1988 മുതല്‍ ആറ് വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, 2002 ല്‍ മുതല്‍ ജില്ലാ പ്രസിഡന്റ്, സി എച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്‍മാന്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു.

അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചിരുന്നു. ചെര്‍ക്കളയിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെയായിരുന്നു അന്ത്യം. നേരത്തെ ബംഗളൂരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button