ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മരണവിവരം പുറത്തുവന്നതിന് ശേഷം ഇവരുടെ അച്ഛനെ കാണാതായി. എട്ടും അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികളെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.
ജീവനുണ്ടെന്ന് കരുതിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെങ്കിലും നേരത്തെ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുട്ടികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോഷകാഹാരക്കുറവും പട്ടിണിയുമാണ് മരണ കാരണം എന്നും കണ്ടെത്തിയത്. അമ്മയോട് കാര്യങ്ങള്‍ ആരാഞ്ഞുവെങ്കിലും പരസ്പരബന്ധമില്ലാതെയാണ് അവര്‍ സംസാരിക്കുന്നത്. അവര്‍ക്ക് മാനസികആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്.
ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മാന്‍ഡാവാലിയില്‍ എത്തിയത്. കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിക്ഷാവാലയായ പിതാവിനെ കാണാതാകുകയായിരുന്നു. റിക്ഷ മോഷണം പോയതിനെത്തുടര്‍ന്നാണ് കുടുംബം ജോലി അന്വേഷിച്ച് ഡല്‍ഹിയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. കുട്ടികളില്‍ രണ്ടുപേര്‍ക്ക് കുറച്ചുദിവസങ്ങളായി എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മരുന്നുകുപ്പികളും ഗുളികകളും ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ മുറിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. കുട്ടികളുടെ വയറ്റില്‍ ഭക്ഷണമോ, വെള്ളമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നവെങ്കിലും കൃത്യമായ മറുപടികളല്ല അവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഭര്‍ത്താവ് എവിടെയാണ് എന്നതും ഇവര്‍ക്ക് അറിയില്ല. സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.
Post Your Comments