കാട്ടാക്കട: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ നിരന്തരം പിന്തുടരുകയും പ്രണയത്തില്‍ വീഴ്ത്താന്‍ ശല്യം ചെയ്യുകയും ചെയ്തിരുന്ന യുവാക്കള്‍ ഉള്‍പ്പെട്ട സംഘത്തിനും സംഘത്തിന്റെ നേതാവായ യുവതിക്കും പെൺവാണിഭ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസിന് സംശയം. കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആനപ്പാറ കുടപ്പനമൂട് വയലിങ്കല്‍ അഖില്‍ ഭവനത്തില്‍ അഖിൽ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങള്‍ പോലീസിന് കിട്ടിയത്.
ഇയാളെ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരുടെ സംഘത്തില്‍ ഒരു യുവതിയാണ് നേതാവ് എന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പേര് പറഞ്ഞതായിട്ടാണ് സൂചന. സംഭവത്തില്‍ ഇയാള്‍ ഇടനിലക്കാരനായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. പെണ്‍കുട്ടികളെ പ്രേമിച്ച് വീഴ്ത്തുന്നതിന് ഇയാള്‍ക്ക് കൈനിറയെ പണവും മൊബൈലും വിദേശയാത്രയുമാണ് വാഗ്ദാനമെന്നാണ് സൂചന. പ്‌ളാവൂര്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ഒരു മാസമായി അഖിലും സംഘവും നിരന്തരം ശല്യം ചെയ്തത്.
ഇവർ പ്രേമം നടിച്ച് എട്ടാംക്‌ളാസ്സിലും ഒമ്പതിലും പത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ വിവിധ തരം ബൈക്കുകളിൽ എത്തിയാണ് പ്രണയാഭ്യർത്ഥന നടത്തുന്നത്. ഇവർ രാവിലെയും വൈകിട്ടും സ്‌കൂളിന്റെ പരിസരത്ത് എത്താറുണ്ട്. നിരസിക്കുന്നു കുട്ടികളെ പിറകെ നടന്നു ശല്യം ചെയ്യുകയും ചെയ്യും. ബൈക്കില്‍ കയറുന്നോ എന്ന് ചോദിക്കുകയും പെണ്‍കുട്ടികള്‍ നടന്നു പോകുമ്പോള്‍ പിന്നാലെ വേഗത്തിലെത്തി ഹോണടിച്ച് പേടിപ്പിക്കുകയും ചെയ്യും.
ശല്യം സഹിക്കാനാകാതായതോടെ ഭയന്ന പെൺകുട്ടികൾ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും, അവർ ഒരു അധ്യാപകനെ നിരീക്ഷണത്തിനേർപ്പെടുത്തുകയും ചെയ്തു. നിരീക്ഷണത്തിൽ കാര്യങ്ങൾ ബോധ്യപ്പെട്ട സ്‌കൂൾ അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് പൊലീസും മഫ്റ്റിയിൽ എത്തി നിരീക്ഷണം നടത്തി.പിന്നീട് കാട്ടാക്കട പോലീസ് പ്രതിയെ തന്ത്രപൂര്‍വ്വം പിടിക്കുകയായിരുന്നു.
വിലകൂടിയ ബൈക്കുകളിലും കാറുകളിലുമായിട്ടാണ് ഇവര്‍ എത്തുന്നതെന്നും 40 വയസ്സ് തോന്നിക്കുന്ന ഒരാളും യുവതിയും ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനയുന്നതെന്നും പോലീസ് കണ്ടെത്തി.
Post Your Comments