കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യുവിന്റെ കൊലപാതകികളെ ക്യാമ്പസുകളിലേക്ക് വിളിച്ചുവരുത്തിയതു വിദ്യാര്‍ഥിനിയെന്നു സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ പെണ്‍കുട്ടിയില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.
അഭിമന്യു വധത്തിന്റെ ഗൂഢാലോചനക്കേസില്‍ ഈ പെണ്‍കുട്ടിയെ പ്രതിയാക്കിയേക്കും. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ ഇവരുടെ അറസ്‌റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടി. കൊലയാളി സംഘത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥിനിയെക്കുറിച്ചുളള വിവരം ലഭിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പങ്ക് കണ്ടെത്തിയത്. ഈ പെണ്‍കുട്ടിക്കു പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അഭിമന്യുവിന്റെ അടുത്ത സുഹൃത്തായ പെണ്‍കുട്ടിയില്‍നിന്നു പോലീസ് മൊഴിയെടുക്കും.
Read also:ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന്‍ വെടിയേറ്റു മരിച്ചു
അതേസമയം അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യംചെയ്‌തുവെങ്കിലും ഇതാരെന്നു കണ്ടെത്താനായിട്ടില്ല.
എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ആക്രമിക്കാനുദ്ദേശിച്ചുതന്നെ ക്യാമ്പസിലെത്തിയെന്നാണു മുഹമ്മദിന്റെ മൊഴി. ഇതിനായി മുന്‍കൂട്ടി പദ്ധതിയും തയാറാക്കി. എന്നാല്‍ ക്യാമ്പസില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി അഭിമന്യുവിനെയും അര്‍ജുനെയും അക്രമിക്കുകയായിരുന്നു. എന്നാല്‍ അതു ചെയ്‌തത് ആരാണെന്നു തനിക്കറിയില്ലെന്നാണ് ആവര്‍ത്തിച്ചു ചോദ്യ ചെയ്‌തിട്ടും മുഹമ്മദ് അന്വേഷണസംഘത്തോടു പറയുന്നത്.
അക്രമവിവരമറിഞ്ഞയുടന്‍ എറണാകുളം ലോ കോളജിലെയും മഹാരാജാസ് കോളജിലെയും ഹോസ്‌റ്റല്‍ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഭവസ്‌ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇതോടെയാണ് 15 അംഗ സംഘം ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്റെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളിലൊരാള്‍ കടന്നത്. ഇയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണു പോലീസ് നിഗമനം. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഉർജിതമാക്കി.
Post Your Comments