Uncategorized

ശിവസേനയുടേത് കൊടും ചതി: ഇനി അവരെ വിശ്വസിക്കാൻ പറ്റില്ലെന്ന് ബി.ജെ.പി : മഹാരാഷ്ട്ര രാഷ്ട്രീയം ചൂടുപിടിക്കുന്നു – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ബിജെപി ഏതാണ്ട് തീരുമാനിച്ചു. ഇന്ന് മുംബൈയിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ എത്തിയത് അടുത്ത തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കാൻ തയ്യാറെടുക്കാൻ സംസ്ഥാന നേതാക്കളോട് ആഹ്വാനം ചെയ്യാൻ വേണ്ടിയാണ് എന്നത് ഏറെക്കുറെ വ്യക്തം. ശിവസേനയെ ഒഴിവാക്കുന്നത് സംബന്ധിച്ച് ഔപചാരികമായ തീരുമാനം ഉണ്ടായിട്ടില്ല എങ്കിലും കാര്യങ്ങൾ അതിലേക്കാണ് നീങ്ങുന്നത്. ലോക്‌സഭയിൽ കഴിഞ്ഞ ദിവസ്സം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്യാൻ ശിവസേന തയ്യാറായിരുന്നില്ല. അവർ വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. സർക്കാരിൽ പങ്കാളിത്തം വഹിക്കവെ ആ സർക്കാരിനെ പിന്തുണക്കാൻ തയ്യാറാവാതെ മാറി നിന്ന കക്ഷിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് ബിജെപി ചിന്തിച്ചാൽ അതിശയിക്കാനില്ല. യഥാർഥത്തിൽ വലിയൊരു രാഷ്ട്രീയ വഞ്ചനയാണ് ഉദ്ധവ് താക്കറെയും കൂട്ടരും കാണിച്ചത്.

2014- ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും കൈകോർത്താണ് മഹാരാഷ്ട്രയിൽ ജനവിധി തേടിയത്. ബിജെപി 23 സീറ്റുകൾ ജയിച്ചപ്പോൾ ശിവസേനയ്ക്ക് കിട്ടിയത് 18 എണ്ണമാണ്. എന്നാൽ അവിടെ കണ്ട ഒരു രാഷ്ട്രീയ യാഥാർഥ്യം, ബിജെപി വോട്ടിലുണ്ടായ വലിയ വർധനവാണ്. എല്ലാ മേഖലയിലും അതിന് വോട്ടു കൂടുതൽ ലഭിച്ചു. അതിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും രണ്ടു പാർട്ടികളും പരസ്പരം മത്സരിക്കേണ്ടിവന്നു. അവിടെയും ബിജെപിയാണ് കരുത്തുകാട്ടിയത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഴയ ഫോർമുല പറ്റില്ലെന്നും വിട്ടുവീഴ്ചക്ക് ശിവസേന തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. പക്ഷെ അത് അംഗീകരിക്കാൻ സേന തയ്യാറായില്ല; പകരം തനിച്ചു മത്സരിക്കുവാനും ഭരണം പിടിക്കുമെന്ന് പ്രഖ്യാപിക്കാനുമാണ് താക്കറെമാർ തയ്യാറായത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 288 അംഗ നിയമസഭയിൽ 122 എംഎൽഎമാരുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായി. ശിവസേനയ്ക്ക് കിട്ടിയത് 63 സീറ്റ്; കോൺഗ്രസ്- 42 , എൻസിപി- 41 എന്നിങ്ങനെയായിരുന്നു കക്ഷി നില. ബിജെപിക്ക് ഭൂരിപക്ഷത്തിന് 22 സീറ്റ് കുറവും.

അന്ന് ബിജെപിയെ സഹായിക്കാൻ എൻസിപി തയ്യാറായിരുന്നു; ശരദ് പവാർ ചില സൂചനകൾ നൽകുകയും ചെയ്തു. എന്നാൽ ബാൽ താക്കറെയുടെ കാലം മുതലുള്ള ബന്ധം കണക്കിലെടുത്ത് ശിവസേന വരുന്നെങ്കിൽ അവരുമായിട്ടു മതി കൂട്ട് എന്ന് ബിജെപി നിശ്ചയിക്കുകയായിരുന്നു. മാത്രമല്ല മുംബൈ കോര്പറേഷൻ ശിവസേന ഭരിക്കുന്നത് ബിജെപിയുടെ പിന്തുണയോടെയാണ്. പക്ഷേ പിന്നീടങ്ങോട്ട് ഒരു പ്രതിപക്ഷ കക്ഷിയെപ്പോലെയാണ് അവർ പെരുമാറിയത്. പലവട്ടം അവരുമായി ബിജെപി നേതാക്കൾ സംസാരിച്ചു. അടുത്തിടെ അമിത് ഷാ മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചർച്ചനടത്തുകയും ചെയ്തു. 2019 -ൽ ഒന്നിച്ചുനീങ്ങണമെന്നും മറ്റും ധാരണയായതാണ്. അതിന് ശേഷമാണ് അവർ അവിശ്വാസ പ്രമേയത്തെ എതിർക്കാൻ തയ്യാറാവാതിരുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം, അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാൻ ശിവസേന നേതൃത്വം തീരുമാനിച്ചതാണ് എന്നതാണ്. അത് വ്യക്തമാക്കിയത് ഉദ്ധവ് താക്കറെ തന്നെയാണ്. എംപിമാർക്ക് അവർ വിപ്പും നൽകി. അതിനുശേഷം മലക്കം മറിച്ചിൽ നടത്തിയത് എന്തോ ‘രഹസ്യ ഇടപാടി’നെ തുടർന്നായിരുന്നു എന്നും മറ്റുമുളള വാർത്തകൾ പ്രചരിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ട് അവരുടെ വക്താവ് രംഗത്ത് വന്നതുമൊക്കെ അതിന്റെ ഭാഗമായിക്കൂടായ്കയില്ല.

കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഒന്നിച്ചുനിൽക്കുന്ന പാർട്ടിയെ തഴഞ്ഞുകൊണ്ട്, കാലുവാരിക്കൊണ്ട്‌, കോൺഗ്ര സിനൊപ്പം പോയ പാർട്ടിയുമായി ഇനി എന്ത് ചങ്ങാത്തമെന്നത് ബിജെപി ചിന്തിച്ചാൽ അതിശയിക്കാനില്ലല്ലോ. അത്തരമൊരു തീരുമാനമെടുക്കുന്നവർ, സാമാന്യ മര്യാദയുള്ളവർ, മന്ത്രിസഭയിൽ നിന്ന് തങ്ങളുടെ മന്ത്രിയെ പിൻവലിക്കും, രാജിവെക്കാൻ ആവശ്യപ്പെടും. അതും താക്കറെമാർ ചെയ്തില്ല. പലവട്ടം അവരുടെ ലജ്ജാകരമായ പെരുമാറ്റത്തെ സഹിച്ചു; ഒരു പക്ഷെ, ബാൽ താക്കറെയോടുള്ള ബഹുമാനം ഒന്നുകൊണ്ടാവാം ഇത്രക്കൊക്കെ സഹിക്കാൻ ബിജെപി തയ്യാറായത്. എന്നാൽ അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അതിനൊന്നും യോഗ്യരോ അർഹരോ അല്ലെന്ന് സ്വയം പ്രഖ്യാപിക്കുമ്പോൾ മറ്റൊരു ചിന്ത ബിജെപിക്ക് ആവശ്യമില്ലല്ലോ. അങ്ങിനെ വന്നാൽ ഒരു പക്ഷെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഡ് ,മിസോറാം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പിനൊപ്പം മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടന്നുകൂടായ്കയില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. എന്തായാലും അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നതാണ് ബിജെപി വിലയിരുത്തുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ ബിജെപിക്കുള്ള പിന്തുണ ശിവസേന പിൻവലിക്കുമോ ?. കോൺഗ്രസും എന്‍സിപിയുമായി ചേർന്ന് ബദൽ സർക്കാരുണ്ടാക്കാൻ ശിവസേന തയ്യാറാവുമോ ?. അറിയില്ല; അതിനൊക്കെയുള്ള സാധ്യതയില്ലാതില്ല. ശിവസേനയുമായി രാഷ്ട്രീയ ചങ്ങാത്തത്തിനില്ല എന്നതായിരുന്നു മുൻപ് എൻസിപി എടുത്തിരുന്ന നിലപാട്. ശരദ് പവാർ അത് പലവട്ടം പറഞ്ഞതുമാണ്. സേനയുമായി കൂട്ടുകൂടിയാൽ മഹാരാഷ്ട്രയിൽ എന്സിപിക്ക് വലിയതോതിൽ ന്യൂനപക്ഷ വോട്ടു നഷ്ടമാവും എന്ന ആശങ്കയാണ് കാരണം. അക്കാര്യം കോൺഗ്രസിനെയും അലട്ടുന്നുണ്ട് എന്നത് തീർച്ച. എന്നാൽ ബിജെപി ബന്ധം ഉപേക്ഷിച്ചുപോയാൽ ശിവസേനയിൽ പിളർപ്പിനുള്ള സാധ്യത കാണുന്നവരുണ്ട്; മന്ത്രിസഭ വിട്ടുപോയാൽ ഇന്നുള്ള എംഎൽഎമാരെല്ലാം തുടർന്നും ആ പാർട്ടിയിൽ ഉണ്ടാവില്ല എന്ന്. നാരായൺ റാണെക്കും മറ്റും ശിവസേനയിലുള്ള സ്വാധീനവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉടനെ മറ്റൊരു തിരഞ്ഞെടുപ്പ് വന്നാൽ ശിവസേനയ്ക്ക് കോൺഗ്രസിന്റെയോ എൻസിപിയുടെയോ പിന്തുണ കിട്ടാനിടയില്ലെന്നും അങ്ങനെവന്നാൽ ജീവിതത്തിൽ ഇനി നിയമസഭ കാണില്ലെന്നും കരുതുന്നവർ അവർക്കിടയിലുണ്ട് എന്നർത്ഥം. അതൊക്കെ ചിന്തകളാണ്; നാളെ അത് എങ്ങിനെ രൂപപ്പെടും എന്നൊന്നും ഇപ്പോൾ പറയുക വയ്യ. എന്തായാലും ബിജെപിയെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയാണ് ശിവസേന എന്ന നിലപാടിൽ എത്തേണ്ടി വന്നിരിക്കുന്നു. പിന്നെ, ഒന്നുകൂടി; നേരത്തെയുള്ള ‘ഓഫർ ‘ ശരദ് പവാർ ഇപ്പോൾ ആവർത്തിക്കുമോ……… ശിവസേനയെ ഒഴിവാക്കിയിൽ സഖ്യമാവാം എന്നതായിരുന്നു അദ്ദേഹം മുൻപ് ബിജെപിയോട് നിർദ്ദേശിച്ചത്. അതിനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button