ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ടമരണത്തിന്റെ പേരില്‍ വാർത്തയിൽ നിറഞ്ഞ ബുരാരിയുടെ ചീത്തപ്പേര് മാറ്റാന്‍ യുവാക്കള്‍. ബുരാരിയില്‍ മരിച്ചവരുടെ പ്രേതാത്മാക്കള്‍ അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുവെന്നും ദുരൂഹത നിറന്ന പ്രദേശമാണ് ബുരാരിയെന്നുമാണ് കഥകൾ പ്രചരിക്കുന്നത്. ബുരാരിയിലെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിന് ഇത് തിരിച്ചടിയാകുകയും പ്രദേശത്ത് നിന്ന് പലരും വീട് വിട്ടു പോകുകയും ചെയ്തിരുന്നു.
ഇതോടെ ബുരാരിയുടെ ചീത്തപ്പേര് മാറ്റാന്‍ ഹിപ് ഹോപ്പ് പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ഇതിന്റെ ഭാഗമായി ക്വേക്ക് ഡാന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബുരാരിയില്‍ പ്രകടനം നടന്നു. നര്‍ത്തകന്‍ സന്ദീപ് പഞ്ചലിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന് ശേഷം ബുരാരിയിലെ സ്വന്തം വീട്ടില്‍ ഉറങ്ങിയിട്ടില്ലെന്ന് ആര്‍.ഡി.എക്‌സ് കിംഗ്‌സ് എന്ന ഗ്രൂപ്പില്‍ അംഗമായ തരുണ്‍ ശര്‍മ്മ എന്ന 19കാരന്‍ പറയുന്നു. ബുരാരിയിലെ വീട്ടിലിരിക്കുമ്പോള്‍ വല്ലാത്ത ഭീതി മനസിനെ ബാധിക്കുന്നുണ്ടെന്നാണ് തരുൺ പറയുന്നത്. മരിച്ചവരെ വ്യക്തിപരമായി അറിയുന്നത് കൊണ്ട് കൂടിയാകാം ഈ ഭയം ബാധിച്ചത്. ആത്മഹത്യാ കോളനി എന്ന പേര് മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള കലാപ്രകടനത്തിന് തയ്യാറെടുക്കുകയാണ് ഈ യുവാവ്.
Post Your Comments