തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്ന പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കി. രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്(ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സെഷന്‍) ക്ക് വിട്ടു നല്‍കിയിരുന്നു. ഈ കമ്പനിയുടെ മാതൃ കമ്പനിയായ രാജസ്ഥാനിലെ കോട്ട യൂണിറ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചത് മൂലം ഇപ്പോള്‍ അടച്ചു പൂട്ടുകയാണുണ്ടായത്.
Read Also: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം-പൂര്‍ണരൂപം
ഈ കമ്പനി ഏറ്റെടുക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി 4 അംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതകളുമാണ് നിലവില്‍ പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനിക്കുള്ളതെന്ന് കണക്കാക്കിയിട്ടുണ്ട്. ജീവനക്കാരുടെ വേതനവും, കുടിശ്ശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. 53.02 കോടി രൂപ കേന്ദ്ര ഗവര്ണ്മെന്റിന് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കമ്പനി ഏറ്റെടുക്കുന്നത്. ഇനി മുതല്‍ മെ.ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് -കേരള എന്നായിരിക്കും ഈ സ്ഥാപനം അറിയപ്പെടുക. പുതിയ പേരില്‍ കമ്പനി രൂപീകരിക്കാന്‍ റിയാബിനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാസറകോഡ് ബെല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്നീ കമ്പനികളും വിറ്റഴിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഈ കമ്പനികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേന്ദ്രം അവഗണിച്ച കമ്പനികളെ കേരളം ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്നും, വ്യാവസായിക മേഖല കൂടുതല്‍ വളര്‍ച്ചയിലേക്ക് മുന്നേറുമെന്നും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ-വാണിജ്യ നയം ഇതിന് കരുത്ത് പകരുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
Post Your Comments