ന്യൂഡല്‍ഹി•പ്രമുഖ തായ്‌വാനീസ് പ്രീമിയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്.ടി.സി ഇന്ത്യ വിടുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഇന്ത്യ മേധാവി ഫൈസല്‍ സിദ്ധിഖി, വില്പന മേധാവി വിജയ് ബാലചന്ദ്രന്‍, ഉത്പന്ന മേധാവി ആര്‍ നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി ഉന്നതര്‍ രാജിക്കത്ത് സമര്‍പ്പിച്ചു.
മറ്റു ജീവനക്കാരോടും കമ്പനി വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വിതരണ കരാറുകളെല്ലാം കമ്പനി റദ്ദാക്കുകയാണ്. ഏകദേശം ഒരു വര്‍ഷമായി ഇന്ത്യയിലെ നിര്‍മ്മാണവും കമ്പനി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
മൊബൈല്‍ വില്പന അവസാനിപ്പിച്ചാലും വി.ആര്‍ രംഗത്ത് കമ്പനി ഇന്ത്യയില്‍ തുടരും. എച്ച്.ടി.സി വൈവ്, വൈവ് പ്രൊ ഹെഡ്സെറ്റുകളുടെ വില്പനയും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ഈ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം തായ്‌വാനില്‍ നിന്നും നേരിട്ടായിരിക്കും.
അതേസമയം, ഭാവിയില്‍ എച്ച്.ടി.സി ഓണ്‍ലൈന്‍ വഴി മാത്രമായി വില്പന നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ഇന്ത്യ വിടുകയാണ്.
ഇപ്പോള്‍ കമ്പനി സ്മാര്‍ട്ട്‌ഫോണുകള്‍ വില്പന നടത്തുന്നുണ്ട്. മിക്കവാറും സ്റ്റോക്ക് തീരുംവരെ മാത്രമായിരിക്കും അതെന്ന് ഒരു കമ്പനി വക്താവ് പറഞ്ഞു.
മറ്റു വിപണികള്‍ പോലെ, ഇന്ത്യയിലും എച്ച്.ടി.സി നിലനില്‍പ്പിനായി പോരാടുകയാണ്. ഒരിക്കല്‍ സാംസങ്ങിനെയും ആപ്പിളിനെയും പോലെ വിപണിയിലെ ഒരു സെക്ടര്‍ കൈയടക്കിവച്ചിരുന്ന കമ്പനിയായിരുന്നു. എന്നാല്‍, അടുത്തിടെ ചൈനീസ് നിര്‍മ്മാതാക്കളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ തള്ളിക്കയറ്റത്തില്‍ എച്ച്.ടി.സിയ്ക്ക് അടിതെറ്റുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെയാണ് കമ്പനിയുടെ വിപണി വിഹിതം.
Post Your Comments