
കോട്ടയം: സമീപകാലത്ത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോൾ ഉള്ളത്. ഇതിൽ ജില്ലയിൽ മാത്രം മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം മൂന്ന് പേര് മരിച്ചു. ഇന്നലെ പതിനാലുകാരന് ഉള്‍പ്പെടെ രണ്ട് പേര് കൂടി മരിച്ചു. മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരെ കുറിച്ച് ഇതുവരെ വിവരം കിട്ടിയിട്ടില്ല. കിഴക്കന്‍ വെള്ളത്തള്ളലില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു.
പതിനായിരങ്ങളാണ് കെടുതി അനുഭവിക്കുന്നത്. വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളില്‍ ദ്രുതകര്‍മ്മസേന ഇറങ്ങി. ഇന്നലെ രാത്രി വൈകിയും ആയിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നത്.മീനച്ചിലാറ്റില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ട്രെയിന്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ആറുമണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. നിരവധി ട്രെയിനുകള്‍ ഇതു മൂലം വൈകി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ചത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി തുടരുകയാണ്.
Post Your Comments