ഇന്ന് കര്‍ക്കിടം ഒന്ന്.. ഇനി രാമായണ ശീലുകളുടെ നാളുകള്‍… നിലവിളക്കിനു മുന്‍പില്‍ ശുഭ്ര വസ്ത്രധാരിയായി രാമായണ കഥ പാരായണം ചെയ്യുന്ന അമ്മമാര്‍. കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം.
ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ കഴിയുന്നു. അത് ഭക്തര്‍ക്ക് ആത്മീയ ബലം പകരും. കർക്കടകത്തിലെ രാമായണ പാരായണത്തിന്റെ ദൗത്യം ഈ ആത്മബലം ആർജിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുകയെന്നതാണ്.
കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർത്ഥിക്കുക. വായിച്ചു തീർക്കുമെന്നു സങ്കൽപിക്കുക.അശുഭ സംഭവങ്ങൾ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിറുത്തരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.
കുളിച്ച് ശുദ്ധിവരുത്തണം , ശുഭ്ര വസ്‌ത്രം ധരിക്കുക. ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ അഞ്ചോ തിരികൾ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവർ വായിച്ചിരുന്നത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്.
വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങൾ വയ്‌ക്കരുതെന്നാണ് വിശ്വാസം. കൂടാതെ സന്ധ്യാ സമയം രാമായണ പാരായണം പാടില്ല. രാമായണം വായിക്കുന്ന ദിക്കിൽ ശ്രീഹനുമാന്റെ സാന്നിധ്യം ഉണ്ട്. അതിനാൽ ആഞ്ജനേയന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയിടണം. സന്ധ്യാവേളയിൽ ശ്രീഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ സമയം പാരായണം പാടില്ലെന്ന് പൂർവികർ ഉപദേശിക്കുന്നത്.
Post Your Comments