![](/wp-content/uploads/2018/07/SASI-THAROOR-1-1.png)
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തരൂരിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ കരി ഓയില്‍ ഒഴിക്കുകയും വീടിനുമുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തു.
ശശി തരൂര്‍ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം. സംഭവ സ്ഥലത്ത് പോലീസ് എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ ഓയില്‍ ഒഴിയ്ക്കുകയും റീത്ത് വയ്ക്കുകയും ചെയ്തിരുന്നു. കടുത്ത മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്.
ശശി തരൂരിന്റെ ഹിന്ദുപാക്കിസ്ഥാന്‍ പ്രസ്താവനയെ പിന്തുണച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന അപകടം ചൂണ്ടിക്കാണിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുഅഭിപ്രായമാണ് തരൂര്‍ പറഞ്ഞതെന്ന് എം.എം.ഹസനും വിലയിരുത്തി.
അതേസമയം ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന പ്രയോഗത്തിലെ ഒരു വാക്കുപോലും പിന്‍വലിക്കില്ലെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദു രാഷ്ട്രം കൊണ്ടുവന്നാല്‍ പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പാകും നാം. ആക്ഷേപിക്കുന്ന രാഷ്ട്രത്തെപോലെ ആകാന്‍ ശ്രമിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് കേള്‍ക്കണമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments