പത്തനംതിട്ട: ജെസ്നയെ കാണാതായിട്ട് നാല് മാസത്തോളമായി. പലയിടത്തും കണ്ടു എന്ന് പറയുന്നതല്ലാതെ കൃത്യമായി എവിടെഎന്ന് കണ്ടുപിടിക്കാൻ പോലീസിനോ അന്വേഷണ ഏജൻസികൾക്കോ ആയിട്ടില്ല. സാധ്യമായ എല്ലാ വഴിയും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യം മൂന്നരമാസം പിന്നിടുമ്പോഴും ബാക്കിയാണ്. അന്ന് ആ രണ്ടു മിനിറ്റിലാണ് ജസ്‌നയെ നഷ്ടമായതെന്ന് വീട്ടുകാര്‍ പറയുന്നു.
രണ്ടു മിനിറ്റ് മുമ്പേ ജങ്ഷനില്‍ എത്തിയിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു, എവിടേക്കാണ് പോകുന്നതെന്ന്. ജസ്‌ന കാണാതായ ദിവസത്തെ കുറിച്ച് മനോരമയുമായി പങ്കുവച്ചു കൊണ്ട് ജസ്‌നയുടെ പിതാവ് ജെയിംസിന്റെ വാക്കുകളാണ് ഇത്. സ്റ്റഡി ലീവായിരുന്നു ജസ്‌നക്ക്. വീട്ടിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. ഒറ്റയ്ക്കിരുന്ന് പഠിച്ചിട്ട് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് മുണ്ടക്കയത്തുള്ള പിതൃസോഹദരിയോട് പറഞ്ഞിരുന്നു ജസ്‌ന. എന്നാ നീ ഇങ്ങു പോരെ എന്നാണ് അവര്‍ നല്‍കിയ മറുപടി.
ഇതുപ്രകാരമാണ് ജസ്‌ന മുണ്ടക്കയത്തേക്ക് പുറപ്പെട്ടത്.പഠിക്കാനുള്ള പുസ്തകങ്ങള്‍ക്കൊപ്പം 2500 രൂപയും ജസ്‌ന കയ്യില്‍ കരുതിയിരുന്നു. രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. സഹോദരിയും സഹോദരനും കോളജിലേക്ക് പോയിരുന്നു. പിതാവ് ജെയിംസും ജോലിക്ക് പുറത്തേക്ക് പോയപ്പോഴാണ് ജസ്‌ന മുണ്ടക്കയത്തേക്ക് പുറപ്പെട്ടത്.മുണ്ടക്കയത്തേക്ക് പോകുന്ന കാര്യം അയല്‍വാസികളില്‍ ചിലരോട് ജസ്‌ന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലുള്ളവരോട് വ്യക്തമാക്കിയിരുന്നില്ല.
ഓട്ടോയില്‍ കയറി സന്തോഷ് കവലയില്‍ എത്തി ജസ്‌ന. പിന്നീടാണ് ബസ് പിടിക്കാനുള്ള ശ്രമം നടത്തിയത്. ഈ സമയത്തു എരുമേലി ബസ് വന്നു. മുന്നിലൊരു കാര്‍ ബസിന് വട്ടംപിടിച്ചതുകൊണ്ട് ബസ് അവിടെ ബ്ലോക്കായി. ഈ സമയമാണ് ജസ്‌ന പിന്‍വാതില്‍ വഴി ബസില്‍ കയറിയത്. എരുമേലി ബസിന് വട്ടം വന്ന കാര്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെതായിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാണിത്.
പക്ഷേ, കാര്‍ കാരണം ബസ് ബ്ലോക്കായി. ജസ്‌നയ്ക്ക് കയറാനുള്ള അവസരവുമായി. അല്‍പ്പം മുമ്പാണ് കാര്‍ എത്തുന്നതെങ്കില്‍ പിതാവ് ജസ്‌നയെ കാണുമായിരുന്നു. എവിടേക്കാണെന്ന് ചോദിക്കാനും അവസരമുണ്ടാകുമായിരുന്നുവെന്നാണ് പിതാവ് പരിതപിക്കുന്നത് .
Post Your Comments