KeralaLatest News

ഇനി പ്രണയ സംരക്ഷണ സേനയും കേരളത്തിന് സ്വന്തം

തിരുവനന്തപുരം : കമിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാനായി കേരളത്തില്‍ പ്രണയ സംരക്ഷണ സേന പിറവിയെടുക്കാനൊരുങ്ങുന്നു. കെവിന്‍ നീനു ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പ്രവർത്തനം. കെവിന്റെയും നീനുവിന്റെയും അവസ്ഥ ഇനിയൊരു കമിതാക്കള്‍ക്കും ഉണ്ടാകരുത് എന്ന ചിന്തയോടെ , പ്രണയത്തിലായവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വിദഗ്ധർ വഴി നല്‍കാനും മറ്റുമാണ് പ്രണയ സേന പ്രവർത്തിക്കുന്നത്.

സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാനുമാണ് ഈ യത്‌നമെന്ന് ലവ് കമാന്‍ഡോസ് കേരളാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ജോസ് വിശദീകരിക്കുന്നു. രാജ്യത്താകെ ഇതുവരെയും 52,000 പ്രണയ വിവാഹങ്ങള്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലവ് കമാന്‍ഡോസി’ന്റെ ചുവടു പിടിച്ചായിരിക്കും പ്രണയസേനയുടെ പ്രവര്‍ത്തനം.

സംസ്ഥാനത്തെ ഓരോ വാര്‍ഡിലും 10 പേരെ ഉള്‍പ്പെടുത്തിയാകും സേനയുണ്ടാക്കുക. കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്‌നിക് ഹാളില്‍ ഈ മാസം 22 ന് ആദ്യ കൂട്ടായ്മയും സംഘടിപ്പിക്കും. സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നൽകാനാണ് സേനയുടെ തീരുമാനം.

shortlink

Post Your Comments


Back to top button