തിരുവനന്തപുരം: : കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25 പേര്‍ക്ക് പരിക്ക് പറ്റി. 283 വീടുകള്‍ മുഴുവനായും 7213 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7751.6 ഹെക്ടര്‍ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇതുള്‍പ്പെടെ 180 ദുരിതാശ്വാസക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ 30, 549 പേര്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവില്‍ മൂവായിരത്തോളം പേര്‍ ക്യാമ്പുകളിലുണ്ട്. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. എന്നിരുന്നാലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
Post Your Comments