തിരുവനന്തപുരം : ആഗസ്റ്റ് 11ന് കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, അരുവിക്കര, ആലുവ, തിരുമുല്ലവാരം, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കും. മുന്‍ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തുടരുന്നതിനൊപ്പം ആവശ്യമായ പുതിയ ക്രമീകരണങ്ങളും ഒരുക്കും. ഇതിനുമുന്നോടിയായി അതത് സ്ഥലങ്ങളിലെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് ചുറ്റുമുള്ള റോഡുകള്‍ അറ്റകുറ്റപ്പണി നടത്തും. ആവശ്യമായ മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് സജ്ജമാക്കും. കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. ആവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ കെ.എസ്.ഇ.ബിയും, ശുദ്ധജലലഭ്യത ഉറപ്പുവരുത്തല്‍ ജല അതോറിറ്റിയും നിര്‍വഹിക്കും. സുരക്ഷാനടപടികള്‍ പോലീസ് വകുപ്പ് കൈക്കൊള്ളും. ആവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല, ശംഖുംമുഖം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിക്കാന്‍ കളക്ടറോട് ദേവസ്വംമന്ത്രി നിര്‍ദേശിച്ചു. ശംഖുംമുഖം തീരത്ത് കടലാക്രമണംമൂലം തീരം ഇല്ലാതായതും റോഡ് തകര്‍ന്നതും കണക്കിലെടുത്ത് അപകടമില്ലാതെ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പ്രത്യേക കരുതല്‍ നടപടികള്‍ വേണമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ലം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകള്‍ നഗരസഭ അറ്റകുറ്റപ്പണി നടത്താനും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം കണ്ടെത്താനും നഗരസഭയെ ചുമതലപ്പെടുത്തി. ക്ഷേത്രപരിസരവും കടവുകളും വൃത്തിയാക്കാനും പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ കുളിക്കാന്‍ കൂടുതല്‍ ഷവര്‍ ബാത്തുകള്‍ സ്ഥാപിക്കാനും തീരുമാനമായി.
വര്‍ക്കലയില്‍ കൂടുതലായി ആവശ്യമായ വൈദ്യുതി വിളക്കുകള്‍ ഒരുക്കാനും ആവശ്യത്തിന് ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അരുവിക്കരയില്‍ പഞ്ചായത്തും ദേവസ്വവും പോലീസുമായി സഹകരിച്ച് കഴിഞ്ഞവര്‍ഷത്തെപ്പോലെ സൗകര്യങ്ങളൊരുക്കും. കഠിനംകുളത്ത് ബലിതര്‍പ്പണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ജില്ലാതല യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. കൊല്ലം തിരുമുല്ലവാരത്തിലെയും ആലുവയിലെയും ബലിതര്‍പ്പണചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി അതത് ജില്ലകളില്‍ പ്രത്യേക യോഗം വിളിക്കും.
വിവിധ വകുപ്പുകള്‍ ചെയ്ത ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അടുത്തമാസം ആദ്യം വീണ്ടും യോഗം ചേരും. യോഗത്തില്‍ മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ വി. ജോയി, വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also read : റിപ്പബ്ലിക് ദിന പരേഡില്‍ ട്രംപിന് ക്ഷണം: എതിര്‍പ്പുമായി സിപിഎം
Post Your Comments