KeralaLatest News

എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം: സര്‍വ്വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : റാങ്ക് പട്ടിക മറികടന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയോട് വിശദീകരണം തേടി. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്.

അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു നിയമനം നല്‍കിയത് അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയെ മറികടന്നായിരുന്നു എന്നാരോപിച്ച്‌ ഒന്നാം റാങ്ക് നേടിയ ഡോ.എം.പി.ബിന്ദുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഷംസീറിന്റെ ഭാര്യ രണ്ടാം റാങ്കുകാരിയായിരുന്നു.

ഒബിസി സംവരണത്തിലാണ് എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കിയത്. നിയമനവുമായി ബന്ധപ്പെട്ടു സര്‍വകലാശാല നല്‍കുന്ന വിശദീകരണത്തില്‍ കഴമ്പില്ലെന്നുഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.സര്‍വകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കില്‍ പോലും എംഎല്‍എയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്.

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button