ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ലൈംഗിക പീഡനത്തിന്റെ ഇരയായി ജീവിച്ചിരിക്കുന്നതിന്റെ അപമാനം താങ്ങാനാകുന്നില്ലെന്നും തനിക്ക് ദയാവധം അനുവദിക്കണമെന്നുമാണ് യുവാവിന്റെ അഭ്യര്‍ത്ഥന. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ബുധനാഴ്ചയാണ് യുവാവ് രാഷ്ട്രപതിക്ക് കത്തയച്ചത്.
എട്ട് വയസുള്ളപ്പോഴാണ് ഈ യുവാവ് ആദ്യമായി ലൈംഗിക പീഡനത്തിനിരയായത്. ബന്ധുവായ സ്ത്രീയാണ് അന്ന് പീഡിപ്പിച്ചത്. പിന്നീട് ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്‌ബോള്‍ അധ്യാപികയും പീഡിപ്പിച്ചു. ഇക്കാര്യം വീട്ടില്‍ പറഞ്ഞുവെങ്കിലും പോലീസ് കംപ്ലെയ്ന്റ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ആണ്‍കുട്ടി ലൈംഗിക പീനഡത്തിനിരയായെന്ന് പരാതി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന ധാരണയും നാണക്കേടും ഓര്‍ത്താണ് പരാതി നല്‍കാതിരുന്നതെന്ന് യുവാവ് വെളിപ്പെടുത്തി.
ഇപ്പോള്‍ ബയോടെക്നോളജി ബിരുദധാരിയാണ് യുവാവ്. ലൈംഗിക ചൂഷണങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അതിന്റെ മുറിവുണങ്ങിയിട്ടില്ലെന്ന് യുവാവ് പറഞ്ഞു. ഇതേതുടര്‍ന്നാണ് മരിക്കാന്‍ അനുമതി തേടി യുവാവ് രാഷ്ട്രപതിക്ക് കത്തയച്ചത്. കത്തിന്റെ ഒരു പകര്‍പ്പ് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനില്ലെന്നും ദേവനയില്ലാതെ മരിക്കാനാണ് ദയാവധം ആവശ്യപ്പെടുന്നതെന്നും യുവാവ് പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വന്‍ വാര്‍ത്തയാകുകയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്‌ബോള്‍ ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടമെന്ന നിലയ്ക്ക് കൂടിയാണ് യുവാവ് രാഷ്ട്രപതിയെ സമീപിച്ചത്. സിവില്‍ എഞ്ചിനീയറായിരുന്ന പിതാവ് അടുത്തിടെ മരിച്ചു. അമ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് യുവാവിന്റെ പോരാട്ടം.
രാഷ്ട്രപതിയും ആന്ധ്ര മുഖ്യമന്ത്രിയും തന്റെ കത്തിന് അനുകൂല മറുപടി നല്‍കിയില്ലെങ്കില്‍ ജീവനൊടക്കുമെന്ന് യുവാവ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരായിരിക്കും തന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments