Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ശരീരഭാഗം അടിഞ്ഞ വാര്‍ത്ത കേട്ട് മരവിച്ച്‌ ആറ്റുകാട്-പാറത്തോട് സ്വദേശികള്‍ : രണ്ടു വീട്ടമ്മമാരെ കാണാതായിട്ട് ആഴ്ചകൾ

മൂന്നാര്‍: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാര്‍ത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ആറ്റുകാട് സ്വദേശി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായതിന്റെ ഞെട്ടലിൽ വീട്ടുകാർ കഴിയുമ്പോഴാണ് സമീപത്ത് ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത ഇരുകുടുംബങ്ങളിലുമെത്തുന്നത്. ഇതോടെ ഉറ്റവരുടെ വേവലാതി പതിന്മടങ്ങായി.

ഇരുവരുടെയും അടുത്ത ബന്ധുക്കളെ ശരീര ഭാഗം കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ല.ജീര്‍ണ്ണിച്ച്‌ തുടങ്ങിയ അവസ്ഥയില്‍ അരയ്ക്ക് താഴോട്ടുള്ള ഒരു കാല്‍ മാത്രമാണ് തീരത്തടിഞ്ഞത്.നാട്ടുകാര്‍ നോക്കി നില്‍ക്കെ പള്ളിവാസല്‍ ആറ്റുകാട് തോട്ടിലെ പാറക്കെട്ടില്‍ നിന്നും വെള്ളത്തിലേയ്ക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവന്‍ മരുകേശ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്.

കഴിഞ്ഞമാസം 9-ന് രാവിലെ പത്തുമണിയോടടുത്താണ് നാട്ടുകാരെ ഞെട്ടിച്ച്‌ വിജി കുത്തൊഴുക്കുള്ള ഭാഗത്ത് വെള്ളത്തിലിറങ്ങുന്നത്. തോടിന് കുറുകെയുള്ള പാലത്തില്‍ നിന്ന ചിലരാണ് വിജി വെള്ളത്തിലിറങ്ങുന്നത് കണ്ടത്. താഴ്ഭാഗത്തുനിന്നും തീരത്തുകൂടി നടന്നാണ് വിജി പാലത്തിന് മീറ്ററുകള്‍ മാത്രമലെ പാറക്കൂട്ടത്തില്‍ കയറിയതെന്നാണ് ദൃക്‌സാക്ഷി വിവരണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴുക്കില്‍പ്പെട്ട് ഇവരെ കാണാതായി.

നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജി കണ്ടെത്താനായില്ല. ആറ്റുകാട് പത്തുമുറിലയം മണികണ്ഠന്റെ മകളായ വിജി (35) വിവാഹിതയും പ്ലസ്‌വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭര്‍ത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷത്തിലേറെയായെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ച്‌ വിജി ചെന്നൈയിലായിരുന്നു താമസം.

ഇവിടെ ചൂട് കൂടുതലാണെന്ന് പറഞ്ഞ് കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ വിജിയുടെ ആറ്റുകാടിലെ വീട്ടിലേക്ക് താമസം മാറിയത്.താന്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നൈയിലേയ്ക്ക് പോന്നിരുന്ന സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലന്നും ഇപ്പോള്‍ ചെന്നൈയിലുള്ള അലക്‌സ് പറയുന്നു. പാറത്തോട് അരീക്കല്‍ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി.

കഴിഞ്ഞമാസം 29 ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ രാവിലെ 11 മുതല്‍ .ഉച്ചകഴിഞ്ഞ് 2 വരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തുവല്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തുനിന്നായി ശേഖരിച്ച സി സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ വിവരം വ്യക്തമായിട്ടുള്ളത്. ബന്ധുവീടുകളിലും ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ഇവരെയും കണ്ടെത്താനായിട്ടില്ല.ബിനീഷ്് കൂലിപ്പണിക്കാരനാണ്.

ഈ ദമ്പതികള്‍ക്ക് നാല് വയസ്സായ മകനുണ്ട്.സന്ധ്യയെ കണ്ടെത്താന്‍ശ്രമം തുടരുകയാണെന്നും വ്യാപകമായി അന്വേഷണം നടക്കുന്നുണ്ടെന്നും അടിമാലി സി ഐ പി കെ സാബു,വെള്ളത്തുവല്‍ എസ് ഐ ശിവലാല്‍ എന്നിവര്‍ അറിയിച്ചു. പുഴതീരത്തുനിന്നും കിട്ടിയ ശരീരഭാഗം പൊലീസ് ഡി എന്‍ എ ടെസ്റ്റിന് അയച്ചിരി്ക്കുകയാണ് .

shortlink

Post Your Comments


Back to top button