KeralaLatest News

വിനോദസഞ്ചാര മേഖലയില്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : “മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്” ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആരംഭിച്ച കേരള എച്ച്ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സംസ്ഥാനത്ത് ടൂറിസം വളര്‍ച്ചയുടെ പാതയിലാണ്. ടൂറിസം വ്യവസായത്തിലുണ്ടായ മാന്ദ്യം പൂര്‍ണമായി ഇല്ലാതാക്കാനും നവീനാശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണകേരളത്തിലും മധ്യ തിരുവിതാംകൂറിലും മാത്രമായി ചുരുങ്ങിയിരിക്കുന്ന കേരള ടൂറിസം ഇപ്പോള്‍ മലബാര്‍ മേഖലയിലും പുതിയ പദ്ധതികളുമായി ചുവടുറപ്പിക്കുകയാണ്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. 300 കോടിയിലധികം ചെലവുവരുന്ന റിവര്‍ ക്രൂയിസ് പദ്ധതി മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന സ്ഥാനത്തെത്തിക്കാന്‍ നിര്‍ണായക പങ്കു വഹിക്കും.

ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പം പ്രധാന ആകര്‍ഷണമായ ജടായുപ്പാറ ചിങ്ങം ഒന്നിന് വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. നിശാഗന്ധി നൃത്തോത്സവവും മണ്‍സൂണ്‍ സംഗീതോത്സവവും വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ആവിഷ്‌കരിക്കുന്നത്. ഓണാഘോഷ പരിപാടികളും അന്തര്‍ദേശീയമായി വിപണനം ചെയ്യും. കേരളത്തെ മനസ്സിലാക്കാനുതകുന്ന വിധത്തില്‍ ടൂറിസം മേഖലയില്‍ പുതിയ ഉത്പന്നങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതില്‍ വകുപ്പ് വിജയിച്ചു. തൊഴില്‍രഹിതരായ യുവാക്കളെയും വ്യവസായികളെയും സംരംഭകരെയും ഒരുമിച്ചെത്തിക്കുന്ന പോര്‍ട്ടല്‍ ടൂറിസം രംഗത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന്” മന്ത്രി പറഞ്ഞു.

കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത് സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്‌സ് ഗവേണിംഗ് ബോഡി അംഗവും ഐഎംജി ഡയറക്ടറുമായ കെ. ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ മോഹന്‍, കെറ്റിഡിസി മാനേജിംഗ് ഡയറക്ടര്‍ ആര്‍. രാഹുല്‍, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ടൂറിസം വ്യവസായികളായ ഇ.എം. നജീബ്, ഡി. ചന്ദ്രസേനന്‍ നായര്‍, പി.കെ. അനീഷ്‌കുമാര്‍, കിറ്റ്‌സ് പ്രിന്‍സിപ്പാള്‍ ഡോ. ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ടൂറിസം രംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനൊപ്പം തൊഴില്‍ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുകയും ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് www.tourismcarriers.in എന്ന എച്ച്ആര്‍ പോര്‍ട്ടല്‍ കിറ്റ്‌സ് ആരംഭിക്കുന്നത്.

Also read : പി സി ജോര്‍ജിന്റെ വീട്ടിലേക്ക് എസ്‌എന്‍ഡിപിയുടെ പ്രതിഷേധ മാര്‍ച്ച്‌ : കോലം കത്തിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button