Latest NewsInternational

താലിബാനെ തോൽപ്പിച്ച ഗൗതമബുദ്ധൻ : ഏഴാം നൂറ്റാണ്ടിലെ ബുദ്ധ പ്രതിമ പൂർവ്വ സ്ഥിതിയിൽ

വിഗ്രഹങ്ങൾ ഇസ്ലാമിൽ ഹറാമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബാമിയാനിൽ അഫ്ഗാൻ താലിബാൻ ബുദ്ധ പ്രതിമകൾ തകർത്തതു പോലെയായിരുന്നു പാകിസ്ഥാനിലെ സ്വാത് താഴ്വരയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ പ്രതിമയും തകർക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ബുദ്ധ പ്രതിമയാണ് മതമൗലിക വാദികൾ പ്രതിമയുടെ മുഖത്ത് സ്ഫോടകവസ്തുക്കൾ കെട്ടി വച്ച് തകർത്തത്. സ്ഫോടനത്തിൽ ഒരു ഭാഗം അടർന്നു പോയി.

മതമൗലിക വാദികളുടെ ചെയ്തിക്കെതിരെ വലിയ പ്രതിഷേധമാണ് ‌ലോകത്ത് ഉയർന്നത്. നൂറ്റാണ്ടുകളായി ബുദ്ധവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായിരുന്നു സ്വാതിലെ ഈ പ്രദേശം. എന്നാൽ ഇസ്ളാം പിടിമുറുക്കിയതോടെ ബുദ്ധിസം ഉന്മൂലനം ചെയ്യപ്പെട്ടു. തുടർന്ന് അവശേഷിച്ചിരുന്ന ബുദ്ധ പ്രതിമയാണ് 2007 ൽ താലിബാൻ തകർത്തത്.

മതഭീകരരെ സ്വാത് താഴ്വരയിൽ നിന്ന് തുരത്തിയതിനു ശേഷമാണ് ഖൈബർ പഷ്തൂൺ ആർക്കിയോളജിക്കൽ വകുപ്പും ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷനും സംയുക്തമായി പ്രതിമ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ പരിശ്രമിച്ചത്. ഒടുവിൽ മതതീവ്രവാദത്തിന്റെ ചെറിയ പാടുകൾ അവശേഷിപ്പിച്ച് പ്രതിമ പൂർവ്വ സ്ഥിതിയിൽ ആയിരിക്കുകയാണ്.

ബുദ്ധ പ്രതിമ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും അടയാളമാണെന്ന് സ്വാത് താഴ്വരയിലെ ബുദ്ധിസ്റ്റ് ചരിത്ര ഗവേഷകനായ പർവേശ് ഷഹീൻ പറയുന്നു. ഇസ്ലാമിനു മുന്നേ ഇതായിരുന്നു ഞങ്ങളുടെ സംസ്കാരം . മത തീവ്രവാദികൾ സ്ഫോടനത്തിൽ തകർക്കാൻ നോക്കിയത് പ്രതിമയെ അല്ല മറിച്ച് ഒരു ജനതയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button