തിരുവനന്തപുരം: സ്ഥാനമേറ്റ് 84 ദിവസംകൊണ്ട് കെഎസ്ആർടിസി ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു എം.ഡി ടോമിൻ ജെ തച്ചങ്കരി ജീവനക്കാർക്ക് കത്തയച്ചു. തുടർപ്രവർത്തനങ്ങൾക്ക് ജീവക്കാരുടെ സഹായം ആവശ്യമാണെന്നും കത്തിൽ പറയുന്നു. നല്ലവരായ ജീവനക്കാർ മൗനം വെടിഞ്ഞു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് തച്ചങ്കരി അഭ്യർത്ഥിച്ചു.
അതിനായി നെപ്പോളിയന്റെ വാക്കുകളും കടമെടുത്തു. മോശം ആളുകളുടെ അക്രമമല്ല നല്ല ആളുകളുടെ നിശബ്ദതയാണ് ലോകത്തെ നശിപ്പിക്കുകയെന്നും ഇവിടെ ലോകത്തിനു പകരം കെഎസ്ആർടിസിയുമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ പൊതു സമൂഹത്തിൽ സ്വീകാര്യത നേടിയെങ്കിലും തൊഴിലാളി സംഘടനകൾ ഇടഞ്ഞു നിൽക്കുകയാണ്. കെഎസ്ആർടിസിയിൽ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ ചില തൊഴിലാളി സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് എംഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കിഫ്ബി വഴി പുതിയ ബസുകള്‍ വാങ്ങുന്നതിനെക്കുറിച്ചും കത്തില്‍ വിമര്‍ശനമുണ്ട്. പുതിയ ബസുകള്‍ ലഭിക്കുന്നത് സന്തോഷകരമാണെങ്കിലും 1,000 ബസുകള്‍ കടം വാങ്ങി നിരത്തിലിറക്കുന്നത് ഗുരുതരമായ കടക്കെണിയിലേക്ക് സ്ഥാപനത്തെ എത്തിക്കുമെന്ന് എംഡി മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരില്ലാത്തതിനാല്‍ സര്‍വീസുകള്‍ നടത്താനാകുന്നില്ല. 1,000 ബസ് കൂടി വന്നാല്‍ നഷ്ടം കൂടും. കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ലോണ്‍ തുക ആറു മാസത്തിനുശേഷം ഉപയോഗിക്കാം എന്ന് കിഫ്ബിയെ അറിയിച്ചിട്ടുണ്ട്.
Read also:മാറ്റത്തിന് കളമൊരുങ്ങുന്നു; ഇനി കോടതി നടപടികളുടെ തത്സമയം
ഫ്ലൈ ബസ്, ഇ -ബസ് എന്നിവ നിരത്തിലിറക്കി, പുതിയ സർവീസുകൾ ആരംഭിച്ചു. പ്രതിദിന വരുമാനം റെക്കോർഡിലെത്തിച്ചു. കൃത്യമായി ശമ്പളവും പെൻഷനും നൽകി, ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകിഎന്നിങ്ങനെയുള്ള നേട്ടങ്ങൾ കത്തിൽ പറയുന്നുണ്ട്.
ഒട്ടും താല്‍പര്യമില്ലാതെയാണ് എംഡിയുടെ പദവി ഏറ്റെടുത്തത്. ആരു വിചാരിച്ചാലും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതേ സമയം കളയേണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥാപനത്തോടുള്ള ഇഷ്ടം കൂടിവരികയാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കി.
Post Your Comments