ഭൂമിയിലെ ഏറ്റവും വലിയ മതം സഹജീവിസ്നേഹവും, ഉദാത്തമായ ധർമ്മം മാനവികതയുമാണെന്ന് തെളിയിക്കുകയാണ് തായ് ലൻഡിലെ സംഭവവികാസങ്ങൾ.താംലു വാങ് ഗുഹയും അവിടെ കുടുങ്ങിയ പതിമൂന്ന് മനുഷ്യജീവനുകളും ചരിത്രത്തിൽ ഇടംപിടിക്കുന്നത് വസുധൈവക കുടുംബകംഎന്ന തത്വത്തെകൂടി മുറുകെപ്പിടിച്ചുകൊണ്ടാണ്. അല്ലെങ്കിലും മാനവികതയുടെ വിശാലമായ ലോകത്തിൽ ഞാനും നീയുമില്ലല്ലോ,നമ്മൾ മാത്രമേയുളളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നതും ആത്മാർത്ഥമായി ആഗ്രഹിക്കുന്നതും ഒരൊറ്റ കാര്യത്തിനുവേണ്ടി മാത്രം. അത് ആ പന്ത്രണ്ട് കുഞ്ഞുങ്ങൾക്കും ഇരുപത്തഞ്ചുകാരനായ ഒരു യുവാവിനും വേണ്ടിയാണ്.
തായ് ലൻഡിലെ താം ലു വാങ്ങ് ഗുഹയ്ക്കരികെ ധ്യാനമഗ്നനായ ഒരു ബുദ്ധപ്രതിമയുണ്ട്. ആ ബുദ്ധനെപ്പോലെ മാനവകുലം മുഴുവനും ധ്യാനത്തിലലിഞ്ഞു പ്രാർത്ഥിക്കുന്നത് സ്വന്തം രക്ഷയ്ക്കുവേണ്ടിയായിരുന്നില്ല. മറിച്ച് ഇരുട്ടും വെളളവും കണ്ണുപൊത്തിക്കളിക്കുന്ന നെടുങ്കൻ ഗുഹയ്ക്കുളളിൽ കുടുങ്ങിപ്പോയ ആ ജീവനുകൾക്കുവേണ്ടിയായിരുന്നു. മരണത്തിന്റെ ഇരുളടഞ്ഞ ഗുഹയ്ക്കുളളിൽ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്ക് അവരിലോരോരുത്തരെയും രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുമ്പോൾ ഉറ്റവരെപ്പോലെ തന്നെ അവരെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത നമ്മളും ,ഈ ലോകം മുഴുവനും തന്നെ ആശ്വാസത്തിന്റെ നെടുവീർപ്പിടുമ്പോൾ ആ വികാരത്തിനു ഒരൊറ്റ പേരേയുളളു- അതാണ് കറകളഞ്ഞ സ്നേഹം.ഇവിടെ ദേശത്തിന്റെ അതിർത്തി കളോ ഭാഷയുടെ ഭേദങ്ങളോ മതത്തിന്റെ അതിരുകളോ ഇല്ലാതെ മാനവകുലം ഒന്നായി തീരുന്നു.
യുദ്ധവും കലാപങ്ങളും ഭീകരാക്രമണങ്ങളും തീവ്രവാദവും കൊണ്ട് കലുഷിതമായ ഈ ലോകത്ത് ശാന്തിയും മാനവികതയും സഹജീവി സ്നേഹവും ഇനിയും ബാക്കി നില്ക്കുന്നുവെന്ന് തെളിയിക്കുന്നു തായ്ലാൻഡിലെ രക്ഷാദൗത്യം.ഒരു ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്ത് കാല്പന്തുകളിയുടെ ആരവങ്ങളുയരുമ്പോൾ അതേ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത് നാളെയുടെ ഫുട്ബോൾ പ്രതിഭകൾ ജീവൻ വാരിപ്പിടിച്ച് ,പ്രത്യാശയുടെ മെഴുകുതിരി വെട്ടത്തെ ഇരുൾ മൂടിയ ഗുഹയിൽ തെളിയിച്ച് കാത്തിരുന്നത് കാലത്തിന്റെ കാല്പന്തുകളിയായിരുന്നിരിക്കണം.
ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്നും ഭൂമിയിൽ നമുക്കൊപ്പമുണ്ട്. അത് ആ പന്ത്രണ്ട് കുഞ്ഞുങ്ങളും തിരിച്ചറിഞ്ഞിരിക്കണം.കോച്ചിന്റെ രൂപത്തിൽ അവർ ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞു കാണും, തീർച്ച! കയ്യിലുണ്ടായിരുന്ന അല്പമാഹാരം പങ്കിട്ടു നല്കിയും പ്രതിസന്ധിയിൽ തളർന്നു പോകാതിരിക്കാനുളള ധ്യാനമുറകളെ പഠിപ്പിച്ചും ഊർജം സംഭരിച്ചു വയ്ക്കാൻ ശീലിപ്പിച്ചും ആ കോച്ച് അവർക്കൊപ്പം നിന്നപ്പോൾ അദ്ദേഹം അവർക്ക് ദൈവമായി മാറിക്കഴിഞ്ഞിരുന്നു കാണണം.ഇകപോൾ ചാൻട വോങ് എന്ന ബുദ്ധ സന്യാസിയായ ആ കോച്ച് ലോകത്തെ പഠിപ്പിച്ചത് അതിജീവനത്തിന്റെ പുതിയൊരു പാഠമായിരുന്നു. രക്ഷാദൗത്യത്തിനിറങ്ങിയവരിൽ യു.എസ്, ബ്രിട്ടൻ, ചൈന, സ്വീഡൻ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങി പല രാജ്യങ്ങളിലുളളവരുണ്ടെങ്കിലും അവർക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- പതിമൂന്നു ജീവിതങ്ങളെ തിരികെ വെളിച്ചത്തിന്റെ വർണ്ണജാലം കാണിക്കണമെന്ന പരിപാവനമായ ലക്ഷ്യം.
താം ലു വാങ് ലോകത്തിനു നല്കിയ സന്ദേശങ്ങൾ പലതാണ്. സ്വജീവൻ നല്കിയും അന്യന്റെ ജീവനുതകാൻ തക്ക ത്യാഗികൾ ഇനിയും ഭൂമിയുണ്ടെന്ന പരമമായ സത്യത്തെ വരച്ചു കാട്ടുന്നു തായ് ലൻഡിലെ രക്തസാക്ഷിത്വം വരിച്ച ആ നീന്തൽ വിദഗ്ദ്ധൻ. ഒരു ഗുഹയ്ക്കു മുന്നിൽ ലോകം ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന രക്ഷാദൗത്യം വിരൽ ചൂണ്ടുന്നത് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുളളവർ അതിർത്തികൾക്കും വംശ വ്യത്യാസങ്ങൾക്കുമപ്പുറം ഒന്നാണെന്ന യാഥാർത്ഥ്യം. വർണ്ണവംശമതഭേദങ്ങളൊഴിവാക്കിയാൽ സ്നേഹമെന്ന പാലാഴി ഒഴുകുന്ന സ്വർഗ്ഗമാണ് ഈ ഭൂമിയെന്ന് തായ്ലാൻഡ് ഉറക്കെപ്പറയുന്നുണ്ട്.
ലോകാസമസ്ത സുഖിനോ ഭവന്തു !
Post Your Comments