ശരിയത്ത് കോടതികൾ രാജ്യമെമ്പാടും സ്ഥാപിക്കുമെന്ന ഭീഷണിയുയർത്തി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് (AIMPLB). അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ, ഏകീകൃത സിവിൽ നിയമം സംബന്ധിച്ച ചർച്ചകൾ തുടങ്ങാനിരിക്കെ, രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനത്തെ ആക്ഷേപിക്കാനും അട്ടിമറിക്കാനുമുള്ള പുറപ്പാടാണ് ഇതെന്ന് വ്യക്തം. ഒരുതരം ദ്വിരാഷ്ട്ര വാദമാണ് അവർ ഉന്നയിക്കാൻ ശ്രമിക്കുന്നത് എന്നതും കാണേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ 640 ജില്ലകളിലും ഓരോ കോടതിയെങ്കിലും സ്ഥാപിക്കാനാണ് വ്യക്തിനിയമ ബോർഡിന്റെ ശ്രമം. ഇപ്പോൾ തന്നെ 40 -ഓളം ശരിയത്ത് കോടതികൾ പ്രവർത്തിക്കുന്നുണ്ട് എന്നും അത് വ്യാപിപ്പിക്കാനാണ് ആലോചനയെന്നും ഈ മാസം 15- ന് ദൽഹിയിൽ നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്നും ബോർഡിൻറെ വക്താവ് ജഫർയാബ് ജീലാനി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും നീതിന്യായ സംവിധാനത്തെയും വെല്ലുവിളിക്കാനുള്ള ഉദ്യമമാണ് ഇതെന്ന് വ്യക്തം. ഈ നീക്കവുമായി ബോർഡ് മുന്നോട്ട് പോയാൽ അതിന്റെ തലപ്പത്തുള്ളവരെ ദേശ സുരക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന ഡോ. സുബ്രമണ്യൻ സ്വാമിയുടെ പ്രസ്താവന പ്രശ്നത്തിന്റെ ഗൗരവം കാണിച്ചുതന്നിട്ടുണ്ട്. അതേസമയം കർണാടകത്തിലെ കോൺഗ്രസ് മന്ത്രി വ്യക്തി നിയമ ബോർഡിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിനെ വിഷമത്തിലാക്കി. അത് ഔദ്യോഗിക നിലപാടാണോ എന്ന് ഇനിയും കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിട്ടില്ല.
മുസ്ലിം സമുദായത്തിൽ ഒരു പരിഷ്കാരത്തിനും തയ്യാറാവാത്തവരാണ് പേഴ്സണൽ ലോ ബോർഡിന്റെ തലപ്പത്തുള്ളത് എന്നതാണ് പൊതുവെയുള്ള ആക്ഷേപം. മുതലാക്ക് വിഷയത്തിൽ അവർ ആദ്യാവസാനം സ്വീകരിച്ച നിലപാട് നാം കണ്ടതാണ്. രാജ്യത്തെ വലിയൊരുഭാഗം മുസ്ലിം സ്ത്രീകൾ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും സുപ്രീം കോടതിയും സ്വീകരിച്ച നിലപാടുകളെ പിന്തുണച്ചപ്പോൾ ബോർഡ് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നുവല്ലോ. ഷാബാനോ കേസ് മുതൽ അത് രാജ്യം കണ്ടുവരികയാണ്. ഇവിടെ നാം ഓർമ്മിക്കേണ്ടുന്ന മറ്റൊരു കാര്യം, ഇത്തരം വേളകളിലൊക്കെ കോൺഗ്രസും ഇടത് പാർട്ടികളും മതമൗലിക വാദ ചേരിക്കൊപ്പമായിരുന്നു എന്നതാണ്. ഏറ്റവുമൊടുവിൽ മുത്തലാക്ക് കേസിലും രണ്ടു പാർട്ടികളും മുസ്ലിം മതമൗലികവാദികൾക്കൊപ്പമായിരുന്നുവല്ലോ. മാത്രമല്ല അവരുടെ പ്രധാനപ്പെട്ട വക്കീലന്മാർ കോൺഗസ് നേതാക്കളായിരുന്നു; മുത്തലാക്ക് കേസിൽ കപിൽ സിബലും മറ്റും ഹാജരായത് ഓർമ്മിക്കുക. ഏറ്റവുമൊടുവിൽ അയോദ്ധ്യ – രാമജന്മഭൂമി കേസിലും അതുതന്നെയാണ് കാണുന്നത്.
ഈ നീക്കത്തെ സംശയത്തോടെ കാണുന്നവരാണ് ഇസ്ലാമിക സമൂഹത്തിലെ പ്രമുഖരെല്ലാം. മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും മുസ്ലിം നിയമത്തിലെ റോസ് അന്താരാഷ്ട്ര വിദഗ്ദ്ധനുമായ പ്രൊഫ. മുഹമ്മദ് താഹിർ പറയുന്നത്, ഖുറാനിലെ നിയമങ്ങളെയും പ്രബോധനങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാനുളള ശ്രമമാണ് നടത്തുന്നത് എന്നാണ്. മുൻപും അവർ അതാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു, പ്രത്യേകിച്ചും മുത്തലാക്ക് പോലുള്ള വിഷയങ്ങളിൽ. ഇന്ത്യയിൽ ശരിയത് കോടതികൾ അസാധ്യമാണ് എന്നും അത് മുസ്ലിം മതവിഭാഗത്തെ ദേശീയധാരയിൽ നിന്നും അകറ്റുകയെ ചെയ്യൂ എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ദ്വിരാഷ്ട്ര വാദമെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇവിടെ ഇപ്പോൾ ബോർഡ് ഇത്തരമൊരു നീക്കം നടത്തുന്നത് വളരെ ആസൂത്രിതമായിട്ടാണ് എന്ന് കരുതുന്നവരാണ് പലരും. അതിലൊന്ന് അവർ വിവിധ പ്രശ്‍നങ്ങളിൽ ഉന്നയിച്ച വാദഗതികൾ ഇന്ത്യയിലെ നീതിന്യായ കോടതികൾ നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു; പ്രത്യേകിച്ചും മുത്തലാക്ക് കേസിൽ. ആ കേസിന്റെ വി ചാരണ വേളയിലും ഇത്തരം ചില വാദഗതികൾ ഇക്കൂട്ടർ ഉന്നയിച്ചതാണ്. തങ്ങൾക്ക് ഇന്ത്യയിലെ നിയമങ്ങൾ ബാധകമല്ല, മറിച്ച് ശരിയത്ത് ആണ് തങ്ങളെ നയിക്കുന്നത് എന്നതൊക്കെ. പക്ഷെ അതൊക്കെ സുപ്രീം കോടതി തള്ളി. അതിനുശേഷമാണ് മുത്തലാക്ക് അസാധുവാക്കിയതും അതിനായി പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതും. ഇനിയിപ്പോൾ അവർ നേരിടുന്ന ഒരു പ്രശ്നം അയോദ്ധ്യ – രാമജന്മഭൂമി കേസാണ്. അതിൽ ഏതാനും മാസങ്ങൾക്കകം വിധിയുണ്ടാവുമെന്ന് ഏറെക്കുറെ തീർച്ചയായിരിക്കുന്നു. അതും പ്രതികൂലമാവുമോ എന്ന ആശങ്ക ഈ നേതാക്കളെ വേട്ടയാടുന്നുണ്ട്. അയോദ്ധ്യ- രാമജന്മഭൂമി കേസ് മധ്യസ്ഥതയിൽ തീർക്കാൻ ചില ശ്രമങ്ങൾ നടന്നപ്പോൾ തടസമായി നിന്നത് സുന്നി വഖഫ് ബോർഡും വ്യക്തി നിയമ ബോർഡുമായിരുന്നു എന്നതോർക്കുക. അവിടെയും അവർക്കുവേണ്ടി ഹാജരാവുന്നത് കോൺഗ്രസുകാരായ വക്കീലന്മാർ തന്നെ. ആ കേസ് ഇപ്പോൾ കേൾക്കേണ്ടതില്ലെന്നും വാദം മാറ്റിവെക്കണം എന്നും മറ്റും വരെ കോടതിയിൽ വാദിച്ചതും കോൺഗ്രസുകാരായ അഭിഭാഷകരായിരുന്നുവല്ലോ. അവിടെയൊക്കെ ഷിയാ വഖഫ് ബോർഡ് മറിച്ചൊരു നിലപാടാണ് എടുത്തത് .
ഇവിടെയാണ് കേന്ദ്ര സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് എല്ലാവരുംനോക്കിയിരിക്കുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന് സുപ്രീം കോടതി പലവട്ടം ആവശ്യപ്പെടുകയും അതിന്റെ കരട് നിർമ്മിക്കാൻ ലോ കമ്മീഷനെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്മേൽ ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണ് കമ്മീഷൻ. അതും ഇപ്പോൾ ഇത്തരമൊരു വെല്ലുവിളി ഉയർത്താൻ ബോർഡിനെ പ്രേരിപ്പിക്കുന്നുണ്ടാവണം.
‘ശരിയത്ത് കോടതികളിൽ പ്രശനങ്ങൾ പരിഹരിക്കാനായി ഖാസിയെ നിയമിക്കും. അവിടെയെത്തുന്ന പരാതികൾ പരിഹരിക്കാൻ ശ്രമിക്കും’. വ്യക്തി നിയമ ബോർഡിന്റെ വക്താവ് അറിയിച്ചു. ഇതിനായി ഒരു കോടതിക്ക് അരലക്ഷം രൂപ വേണ്ടിവരും. അത് ഉണ്ടാക്കാനുള്ള പദ്ധതിയും മനസിലുണ്ട്. മറ്റൊന്ന് ആവശ്യത്തിന് ജഡ്ജിമാരെയും വക്കീലന്മാരെയും കണ്ടെത്താനും നിയമിക്കാനുമായി നടപടികൾ സ്വീകരിക്കണം. അതിന് ‘തഫ്ഹീം ഇ ശരിയത്ത്’ സജീവമാക്കും. ശരിയത്ത് കോടതികൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നേരത്തെ വിധിപ്രസ്താവിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ ഇത് ഇസ്ലാമിക വ്യവസ്ഥയാണ് എന്നതായിരുന്നു നിലപാട്. അതായത് കോടതിയും നീതിന്യായ വ്യവസ്ഥയും ഭരണഘടനയുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പറയുകയാണ്.
ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ഒരു മതപരമായ വിവാദമുണ്ടാക്കി മുതലെടുപ്പ് നടത്താമെന്ന് ചിലർ കരുതുന്നു എന്ന് വ്യക്തം. മുൻപ് ഷാബാനോ കേസ് ഉയർന്നുവന്നപ്പോൾ കോൺഗ്രസ് അടക്കമുള്ളവർ മതമൗലിക വാദ പക്ഷത്തിനൊപ്പം അണിനിരന്നത് ഓർക്കുക. ഇപോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യത കൂടുതലാണ് എന്ന് അവർ കരുതുന്നു. അതായത് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ശരിയത്ത് കോടതികൾക്ക് അനുകൂലമായ പിന്തുണ പ്രതീക്ഷിക്കുന്നു. ഏറ്റവും ചുരുങ്ങിയത് അതിനെ എതിർക്കാൻ പ്രമുഖ പാർട്ടികൾ മടിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് കർണാടകത്തിലെ മന്ത്രി പരസ്യമായി പിന്തുണച്ചിട്ടും കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കാത്തത്. നാളെ കോൺഗ്രസും സിപിഎമ്മുമൊക്കെ അതിനെ പരസ്യമായിപിന്തുണച്ചാൽ അതിശയിക്കാനുമില്ല.
Post Your Comments