KeralaLatest News

അഭിമന്യു വധം; ഒത്തുതീര്‍പ്പിനു പോലീസ് നീക്കം?

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒത്തുതീര്‍പ്പ് നീക്കവുമായി പോലീസെന്ന് റിപ്പോര്‍ട്ടുകള്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഒളിയിടങ്ങളിലേക്കു കടക്കാനാകാത്ത സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് പോലീസ് മുന്‍തൂക്കം നല്‍കുന്നത്. ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ ഒളിത്താവളത്തെക്കുറിച്ചു പോലീസിന് ദിവസങ്ങള്‍ക്കു മുമ്പേ സൂചന ലഭിച്ചിരുന്നു.

പ്രതികളിലാരും രാജ്യം വിട്ടിട്ടില്ലെന്നും കൊച്ചിയിലടക്കം ഇവര്‍ ഒളിവിലുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉറപ്പിച്ച് പറയുമ്പോഴും അത്തരം ഒളിത്താവളങ്ങളിലേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ് പോലീസ്. പ്രതികള്‍ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ രഹസ്യചര്‍ച്ചകള്‍ തുടങ്ങിയതായാണു വിവരം. ഒരു അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവര്‍ അണിയറനീക്കത്തിന്റെ ഭാഗമാണ്. യു.എ.പി.എ. അടക്കമുള്ളവ ചുമത്താതെയുള്ള കീഴടങ്ങലിനോ അറസ്റ്റിനോ വേണ്ടിയാണു നീക്കം.

Also Read : അഭിമന്യുവിനെ കൊന്നവര്‍ ഇസ്ലാമിനെ പഠിച്ചത് ഇന്റര്‍നെറ്റിലൂടെയെന്ന് പാളയം ഇമാം

പ്രതികളുണ്ടെന്നു വിശ്വസനീയമായ വിവരം കിട്ടിയ ചില കേന്ദ്രങ്ങള്‍ക്കു മുന്നില്‍ യൂണിഫോമിലല്ലാത്ത പോലീസുകാരെ വിന്യസിച്ചിരുന്നു. അതിലപ്പുറത്തേക്കു നീങ്ങാന്‍ പോലീസിനു കഴിഞ്ഞില്ല. പ്രതികള്‍ പുറത്തിറങ്ങിയതുമില്ല. അതിനാലാണ് കീഴടങ്ങാന്‍ അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യചര്‍ച്ചകള്‍ നടക്കുന്നത്. ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കൊലയാളി സംഘാംഗങ്ങള്‍ ഇപ്പോഴും പുറത്താണ്. കുറ്റകൃത്യം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളില്‍ ചേക്കേറുകയായിരുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ആക്രമി സംഘം രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ജോസ് ജംഗ്ഷനില്‍ നിന്ന് കയറി തോപ്പുംപടിയില്‍ ഇറങ്ങി. ഇവര്‍ തോപ്പുംപടിയില്‍ താമസമെന്നാണ് കരുതുന്നത്.

എല്ലാവരും ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. നാലംഗ സംഘത്തിലെ ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ കളി കാണുന്നതിനിടെ സംഘര്‍ഷം ഉണ്ടായെന്നാണ് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ച അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button