കോട്ടയം: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റെയില്‍പാത പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. അതിവേഗ റെയില്‍പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ സാര്‍ക്കാര്‍ ധാരണയായത്. പദ്ധതിക്കായി രൂപവത്കരിച്ച കേരള ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ലിമിറ്റഡ് ഉടന്‍ പിരിച്ചുവിടുമെന്നാണ് സൂചന. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആര്.സി) സമര്‍പ്പിച്ച പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് പരിശോധനയില്‍ അതിവേഗ റെയില്‍വേ കോറിഡോര്‍ കേരളത്തിന് താങ്ങാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 90,000 കോടി ചെലവിട്ടാണ് അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ ധാരണയായത്. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വേഗട്രെയിന്‍ സര്‍വിസിന് തുടക്കമിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാറും റെയില്‍വേയും സംയുക്തമായി രൂപംനല്കിയ കേരള റെയില്‍ ഡെവലപ്മന്റെ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നിലവിലുള്ള ട്രെയിനുകളുടെ ഇരട്ടിവേഗത്തിലുള്ള സര്‍വിസ് ആരംഭിക്കാന്‍ ധാരണയായത്.
നിലവിലുള്ള റെയില്‍വേ പാതകള്‍ വികസിപ്പിച്ച് സെമി സ്പീഡ് ട്രെയിനുകള്‍ ഓടിക്കാനാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമതൊരു പാത നിര്‍മിച്ച് ഇതിലൂടെ വേഗ തീവണ്ടികള്‍ ഓടിക്കാനാണ് ധാരണ. ഇതിന്റെ സര്‍വേ ഉടന്‍ ആരംഭിക്കും. പുതിയ ലൈനിനായി റെയില്‍വേക്കൊപ്പം കേരളവും മുതല്‍മുടക്കും. കൂടാതെ ഇതില്‍ പകുതി കേന്ദ്രം വഹിക്കുകയും ചെയ്യും.
തലസ്ഥാനത്തുനിന്ന് കണ്ണൂരിലേക്ക് 2.10 മണിക്കൂര്‍കൊണ്ട് എത്താന്‍ കഴിയുമെന്ന് പ്രഖ്യാപിച്ച് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പദ്ധതിക്കായി 2,500 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും 3863 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ഡി.എം.ആര്.സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദേശ വായ്പയിലൂടെ ഇതിനുള്ള തുക കണ്ടെത്താനായിരുന്നു തീരുമാനം. പദ്ധതിക്കായി നടന്ന സര്‍വേക്കെതിരെ മധ്യകേരളത്തിലും മലബാര്‍ മേഖലയിലും കടുത്തപ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments