Latest NewsKerala

കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സിന് ഒടുവില്‍ മോചനം

ദമ്മാം•കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച മലയാളിയായ നഴ്സ്, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നേരത്തെ നാട്ടിലേയ്ക്ക് മടങ്ങി.

കോഴിക്കോട്ടുകാരിയായ നഴ്സ് മൂന്നു വർഷം മുൻപാണ് അൽ കോബാറിലെ ഒരു ആശുപത്രിയിൽ ജോലിയ്‌ക്കെത്തിയത്. ഒന്നരവർഷത്തെ പ്രവൃത്തി പരിചയം മാത്രമുണ്ടായിരുന്ന അവർ, ഏജന്റിന്റെ നിർദ്ദേശപ്രകാരം രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് ജോലിയ്ക്ക് ചേർന്നത്. രണ്ടു വർഷം ജോലിയ്ക്കു ശേഷം നാട്ടിൽ വെക്കേഷൻ പോകാൻ നോക്കിയപ്പോഴാണ്, സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയതിന് സൗദി അധികൃതര് കേസെടുത്തു ട്രാവൽ ബാൻ ഏർപ്പെടുത്തിയെന്നും, അതിനാൽ നാട്ടിലേയ്ക്ക് പോകാൻ കഴിയില്ലെന്നും മനസ്സിലായത്. താമസിയ്ക്കാതെ സൗദി പോലീസ് ഇവരെ അറസ്റ്റു ചെയ്തു. വിവരമറിഞ്ഞു എത്തിയ, നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ഇവരെ നേരിട്ട് കാണുകയും, കോടതിയിൽ വേണ്ട നിയമസഹായങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ ഇവർ ജോലി ചെയ്തിരുന്ന ആശുപത്രി അധികൃതർ വേണ്ടത്ര സഹകരിച്ചില്ല. കോടതി ഇവർക്ക് ഒരു വർഷം തടവ് ശിക്ഷയും, പതിനായിരം റിയാൽ പിഴയും വിധിച്ചു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ജയിലിൽ പലപ്രാവശ്യവും ഇവരെ പോയിക്കാണുകയും, വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു. റംസാൻ മാസം എത്തിയപ്പോൾ, സൗദി രാജാവിന്റെ പ്രത്യേക കാരുണ്യത്തിൽ ഉൾപ്പെടുത്തി ഇവരെ നേരത്തെ ജയിൽമോചിതയാക്കാൻ അപേക്ഷ നൽകുകയും, നവയുഗം ജീവകാരുണ്യപ്രവർത്തകർ ജയിൽ അധികൃതരുമായി ഇതിനെപ്പറ്റി ചർച്ചകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി, 9 മാസം ആയപ്പോഴേയ്ക്കും ജയിലിൽ നിന്നും പുറത്തു വരാൻ അവർക്കു കഴിഞ്ഞു. പിഴയും ഒടുക്കി, പെട്ടെന്ന് തന്നെ അവർ നാട്ടിലേയ്ക്ക് മടങ്ങി.

സൗദി സർക്കാർ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കിയ ശേഷം, ഇത്തരം ഒരുപാട് കേസുകൾ നവയുഗം ജീവകാരുണ്യവിഭാഗത്തിന് മുന്നിൽ എത്താറുണ്ട്. പല ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സ്മാർ ഇപ്പോൾ നിയമനടപടികൾ നേരിടുന്നുണ്ട്. ജോലിയ്ക്കായി സമർപ്പിയ്ക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും നിയമപ്രകാരം ആധികാരികമാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും ഏജന്റുമാരുടെ വാക്കുകേട്ട് സർട്ടിഫിക്കറ്റിൽ തിരിമറികൾ നടത്തുന്നവർക്ക്‌ സൗദിയിൽ കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നതിനാൽ, എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അഭ്യർത്ഥിച്ചു.

(ഈ കേസിന്റെ പ്രത്യേകസ്വഭാവം കണക്കിലെടുത്ത് ആ നഴ്‌സിന്റെ പേര് വെളിപ്പെടുത്തുന്നില്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button