സുരേഷ്‌ഗോപി-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടതുകൊണ്ടും മാത്രം ഇത്രയേറെ വിമര്‍ശിക്കപ്പെട്ട, അപമാനിക്കപ്പെട്ട മറ്റൊരു സിനിമാതാരം മലയാളക്കരയില്‍ ഉണ്ടായിട്ടില്ല തന്നെ. അഭിമന്യുവെന്ന യുവസഖാവിന്റെ അരുംകൊലയില്‍ കേരളമൊന്നടങ്കം കേഴുമ്പോള്‍, അവിടെപോലും തരം താണ രാഷ്ട്രീയക്കളിയുമായി ഒരു കൂട്ടര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത് അനാശാസ്യമായ രാഷ്ട്രീയ തിരക്കഥയ്ക്കനുസരിച്ചാണെന്ന് പറയാതെ വയ്യ. അല്ലെങ്കില്‍ സഖാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച സുരേഷ്‌ഗോപി എം.പിയെ അവിടെ നിന്നും നാലു കിലോമീറ്ററുകള്‍ക്കിപ്പുറം വച്ചെടുത്ത സെല്‍ഫിയുടെ പേരില്‍ ഇത്രയേറെ അപഹാസ്യനാക്കുവാനും അധിക്ഷേപിക്കാനും വെമ്പല്‍ കാട്ടില്ലായിരുന്നു. സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അവള്‍ക്കൊപ്പം നില്ക്കാതെ കുറ്റാരോപിതനായ വേട്ടക്കാരനൊപ്പം നില്ക്കുകയും ഉളുപ്പില്ലാതെ പിന്താങ്ങുകയും ചെയ്ത ജനപ്രതിനിധികളായ താരങ്ങള്‍ ഭരിക്കുന്ന ഈ നാട്ടില്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരു യുവസഖാവിനെ കാമ്പസിനുളളില്‍ വച്ച് മൃഗീയമായി കൊലപ്പെടുത്തിയിട്ട് പോലും ആ സംഘടനയുടെ പേര് ഉറക്കെ പറയാന്‍ മടിച്ച ഇടതുപക്ഷനേതാക്കളുടെയും ബുദ്ധിജീവികളുടെയും നാട്ടില്‍ സഹജീവി സ്‌നേഹത്തിനും മനുഷ്യത്വത്തിനും എന്ത് വില?
അടിമ ഗോപിയെന്നും പിന്‍വാതിലില്‍ കൂടി രാജ്യസഭയില്‍ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ഇദ്ദേഹത്തെ വിമര്‍ശിക്കുന്നവരോട് ഒരൊറ്റ ചോദ്യം മാത്രം-നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന മറ്റേതൊരു രാഷ്ട്രീയനേതാവിനാണ് സുരേഷ്‌ഗോപിയോളം മാനവികത അവകാശപ്പെടാന്‍ ഉള്ളത്? മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്.അത് അദ്ദേഹം എന്നേ തെളിയിച്ചുകഴിഞ്ഞതുമാണ്. സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനെ കുറച്ചുകാലം പഠിപ്പിക്കാന്‍ കഴിഞ്ഞ അദ്ധ്യാപികയെന്ന നിലയിലും ഒരു തിരുവനന്തപുരത്തുകാരിയെന്ന നിലയിലും ആ വ്യക്തിത്വത്തിന്റെ മഹത്വത്താല്‍ ജീവിതം മുന്നോട്ടുനയിച്ച ചിലരെയെങ്കിലും അടുത്തറിയാന്‍ കഴിഞ്ഞവള്‍ എന്ന നിലയിലും എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും സുരേഷ്‌ഗോപിയെന്ന വെള്ളിത്തിരയിലെ പുരുഷത്വത്തിന്റെ ഹൃദയത്തിനു ഒരൊറ്റ നിറമേയുള്ളൂ-അത് മനുഷ്യസ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും നന്മയുടെയും പത്തരമാറ്റുള്ള സ്വര്‍ണ്ണനിറം.
കൊല്ലത്താണ് ജനിച്ചുവളര്‍ന്നതെങ്കിലും കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി തിരുവനന്തപുരത്തിന്റെ മകനാണ് സുരേഷ്‌ഗോപി. ലാലേട്ടനും അമ്പിളിചേട്ടനുമൊപ്പം തിരുവനന്തപുരത്തുകാര്‍ ഹൃദയത്തിലേറ്റി സ്‌നേഹിക്കുന്ന താരമാണ് അദ്ദേഹം.ഇവിടുത്തുകാര്‍ക്ക് അദ്ദേഹം ഒരിക്കലും ഒരു താരമായിരുന്നില്ല. രാഷ്ട്രീയത്തിലുപരി വ്യക്തിപ്രഭാവത്തിന് മുന്‍ഗണന കൊടുക്കുന്നവരാണ് എന്നും തിരുവനന്തപുരത്തുകാര്‍. തിരുവനന്തപുരത്തിന്റെ എം. പി ശശി തരൂര്‍ ഒരു ലക്ഷത്തിനോടടുത്തു വോട്ടുകള്‍ നേടിയാണ് ആദ്യവട്ടം ഇവിടെ നിന്നും എം പി യായി തെരഞ്ഞെടുക്കപ്പെട്ടത്. വിവാദപ്പെരുമഴക്കിടയിലും രണ്ടാംവട്ടവും അദ്ദേഹത്തെ തെരഞ്ഞെടുത്തപ്പോള്‍ ഏറെ പഴി കേട്ടവരാണ് ഓരോ തിരുവനന്തപുരത്തുകാരനും. പക്ഷേ ഇന്നും ഓരോ തിരുവനന്തപുരത്തുകാര്‍ക്കും ഉറച്ച വിശ്വാസമുണ്ട് ആ തെരഞ്ഞെടുപ്പ് ഒരിക്കലും ഒരു പിഴ ആയിരുന്നില്ലയെന്ന്.
ഇനി നിങ്ങള്‍ പരിഹസിക്കുന്ന അടിമഗോപിയുടെ ചില മാനുഷികചെയ്തികളിലേക്ക് കടക്കാം. മലയാളസിനിമയ്ക്ക് മറക്കാന്‍ കഴിയില്ല വെള്ളാരം കണ്ണുള്ള ആ സുന്ദരന്‍ മോഹന്‍ തോമസിനെ. രണ്ടായിരത്തി രണ്ടില്‍ ,രതീഷ് എന്ന അതുല്യതാരം വെറും നാല്പത്തിയഞ്ചാം വയസ്സില്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ അനാഥരായത് പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങളും രോഗിയായ ഒരു ഭാര്യയുമായിരുന്നു. അന്നും ഉണ്ടായിരുന്നു താരസിംഹാസനത്തില്‍ വാണരുളിയ താരരാജക്കന്മാരും ചലച്ചിത്രപ്രവര്‍ത്തകരും. പക്ഷേ അന്ന് ആ അമ്മയ്ക്കും മക്കള്‍ക്കും തുണയാകാന്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റാരുമല്ല നിങ്ങള്‍ അടിമഗോപിയെന്നു പരിഹസിച്ചു വിളിക്കുന്ന ഈ നന്മ മരവും നിര്‍മ്മാതാവും നടി മേനകയുടെ ഭര്‍ത്താവും കീര്‍ത്തിയുടെ അച്ഛനുമായ ശ്രീ സുരേഷ്‌കുമാറും മാത്രം. ആ നാല് മക്കളെയും സ്വന്തം ചിലവില്‍ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയത് അദേഹത്തിന്റെ വലിയ മനസ്സ്.രതീഷിന്റെ മക്കളെ ഇന്ന് മലയാളസിനിമയ്ക്ക് അറിയാം. മധുരനാരങ്ങയിലൂടെ നമ്മുടെ മനസ്സ് കീഴടക്കിയ പാര്‍വതിയും പത്മരാജനും പത്മയും പ്രണവും ഇന്ന് ദൈവത്തിനൊപ്പം മനസ്സ് കൊണ്ട് പ്രണമിക്കുന്നത് ഇവരെയാണ്. തീര്‍ന്നില്ല, രതീഷിന്റെ ഭാര്യ ഡയാനചേച്ചിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചപ്പോള്‍ കൂടെ നിന്ന് പരിചരിച്ചതും ഇവര്‍ മാത്രം. ഒരിക്കല്‍ ശ്രീ ചിത്രയില്‍ ഡയാനചേച്ചിയെ കാണാന്‍ ഒരു സുഹൃത്തിനൊപ്പം ഞാന്‍ പോയപ്പോള്‍ കണ്ടു ഒരനിയത്തിയെ പോലെ കൂടെ നിന്ന് പരിചരിക്കുന്ന രാധികാസുരേഷിനെ. ഇന്ന് ഇതിനു സാക്ഷ്യം പറയാന്‍ ഡയാനചേച്ചിയില്ല. പക്ഷേ ആ സ്‌നേഹത്തിന്റെ കരുതലില്‍ വളര്‍ന്ന ആ നാല് മക്കള്‍ ഒരിക്കലും തള്ളിപറയില്ല. തീര്‍ച്ച.
അതുപോലെതന്നെ സീത കൃഷ്ണമൂര്‍ത്തി ഐ എ എസിന് സുരേഷ്‌ഗോപിയെന്ന വലിയേട്ടന്‍ പകര്‍ന്നു നല്‍കിയത് കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജ്വലിക്കുന്ന കെടാവിളക്കാണ്. വേദനയുടെയും ധൈര്യത്തിന്റെയും ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും അഭിമാനത്തിന്റെയും പ്രചോദനം നല്‍കുന്ന കഥയാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകളായ സീത കൃഷ്ണമൂര്‍ത്തി ഐ എ എസിന്റെത്. മനോനില തെറ്റിയ അക്രമിയുടെ കത്രികത്തുമ്പില്‍ പകച്ചുനില്‍ക്കാതെ സിവില്‍ സര്‍വീസ് പരീക്ഷ നേരിട്ട സീതയ്ക്ക് ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മുഖത്ത് പ്ലാസ്‌റിക് സര്‍ജറി വരെ നടത്തേണ്ടിവന്നെങ്കിലും ആ പോരാട്ടവീര്യം സിവില്‍ സര്‍വീസ് പരീക്ഷയിലും സീത പുറത്തെടുത്തു. ചെന്നൈയില്‍ അമ്മ രാജിയുടെ വീട്ടില്‍ നിന്നു പഠിക്കുന്നതിനിടെയിലായിരുന്നു ആ അക്രമം. കവിളിന് മുറിവേറ്റ് സംസാരിക്കാനാകാതെ കിടന്നപ്പോള്‍ സീതയ്ക്ക് ഏറെ ഊര്‍ജ്ജം നല്‍കിയ ഒരു ഫോണ്‍ കോള്‍ കേരളത്തില്‍ നിന്നെത്തി . മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ്‌ഗോപിയുടേതായിരുന്നു ആ ശബ്ദം . പെണ്‍കരുത്തിന് അഭിനന്ദനങ്ങള്‍ നല്‍കുന്നതിനോടൊപ്പം ഒരുപാട് പെണ്‍കുട്ടികള്‍ സീതയോട് നന്ദിയുള്ളവരായിരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.ആ വാക്കുകള്‍ സീതയ്ക്ക് പകര്‍ന്നു നല്‍കിയത് ആത്മവിശ്വാസത്തിന്റെ പുതിയൊരു ഊര്‍ജ്ജം.
ഇനി അക്ഷരയുടെയും അനന്തുവിന്റെയും അനുഭവത്തിലേക്ക് വരാം.കേരളക്കരയ്ക്ക് മറക്കാനാവാത്ത രണ്ടു പേരാണ് അക്ഷരയും അനന്തുവും. എച്ച് ഐ വി ബാധിതരായി പോയതിന്റെ പേരില്‍ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകള്‍.നമ്മള്‍ അവരെക്കുറിച്ചറിയുന്നത് രണ്ടായിരത്തി നാലിലാണ്. നാമടങ്ങുന്ന സമൂഹം അവരെ ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളില്‍ നിന്ന് പോലും പുറത്താക്കിയപ്പോള്‍, എച്ച് ഐ വി ബാധിതര്‍ എന്ന പേരില്‍ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ അന്ന് ഒരു രാഷ്ട്രീയപ്രവര്‍ത്തകരും സാംസ്‌കാരികനായകരും ഉണ്ടായില്ല. അന്ന് കൊട്ടിയൂരിലെ സ്‌കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാര്‍ക്ക് മുന്നില്‍ എയിഡ്‌സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവല്‍ക്കരണം നടത്താന്‍ ഈ പിന്‍വാതിലില്‍ കൂടി കടന്ന മോദിഭക്തന്‍ മാത്രമേ ഉണ്ടായുള്ളൂ. ആ ഒരൊറ്റ വരവിലൂടെ അദ്ദേഹം ഒഴുക്കിക്കളഞ്ഞത് കൊട്ടിയൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സില്‍ അറിയാതെ കടന്നുകൂടിയ ഭീതിയെ ആയിരുന്നു.ഇന്ന് അനന്തുവും അക്ഷരയും അറിവിന്റെ പാതകള്‍ ഏറെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ ആരൊക്കെ തള്ളിപ്പറഞ്ഞാലും അദ്ദേഹം അവര്‍ക്ക് ദൈവദൂതന്‍ തന്നെയാണ്.
ദൈവങ്ങളുടെ സ്വന്തം നാടായ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ എന്ന പിശാചിന്റെ പിടിയില്‍ അമര്‍ന്നിട്ടു വര്‍ഷങ്ങള്‍ ഏറെയായി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ മാതാപിതാക്കള്‍ മാറ്റണമായിരുന്നുവെന്നു കണ്ടെത്തിയ ജഡ്ജിയുടെ പ്രസ്താവന മറക്കാറായിട്ടില്ല. അവിടെയും എത്തി ഈ അടിമഗോപി. എത്തുക മാത്രമല്ല എന്‍ഡോസള്‍ഫാന്‍ ഇരകളായ പത്തുകുട്ടികള്‍ക്ക് വീട് വച്ച് കൊടുക്കുമെന്ന് ഉറപ്പും നല്‍കി. മൂന്ന് വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ ദാനവും നിര്‍വഹിച്ചു. എന്നും ഉറപ്പും വാഗ്ദാനങ്ങളും പ്രകടന പത്രികകളില്‍ മാത്രം ഒതുങ്ങുന്ന രാഷ്ട്രീയക്കാര്‍ക്കിടയില്‍ സുരേഷ്‌ഗോപിയെന്ന മനുഷ്യസ്‌നേഹി വ്യത്യസ്തനാകുന്നത് ഇങ്ങനെയൊക്കെയാണ്.
ഇനി ഹിന്ദുത്വവാദിയായ സുരേഷ്‌ഗോപിയുടെ മറ്റൊരു മുഖം കൂടി കാണേണ്ടേ നമുക്ക്. സൈബര്‍ ലോകം മറന്നിട്ടില്ലാത്ത പേരുകളാണ്ഷാഹിദ ഉമ്മയും റേഡിയോ ജോക്കിയായ വൈശാഖിനെയും. പ്രവാസലോകത്തിലെ ദുരിതക്കടലില്‍ ആണ്ടുപോയ അറുപത്തിരണ്ടുകാരിയായ ഷാഹിദ ഉമ്മയുടെ ദുരിതത്തെ ക്കുറിച്ച് നമ്മള്‍ അറിഞ്ഞത് ദുബായിലെ ഗോള്‍ഡ് 101.3 എഫ് എം സ്റ്റേഷനിലെ റേഡിയോ ജോക്കിയായ വൈശാഖിന്റെ വൈറല്‍ ആയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ്. ഒന്‍പതിനായിരത്തോളം പേര്‍ ലൈക്കുകയും അതിലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്ത ആ പോസ്റ്റ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം അനുതാപപ്രകടനങ്ങലോടെ അവസാനിച്ചുവെന്ന് കരുതിയ സൈബര്‍ ലോകത്തിനു പുതിയൊരു ഉണര്‍വ് നല്‍കിയത് സുരേഷ്‌ഗോപിയെന്ന ഹിന്ദുത്വവാദിയെന്നു നമ്മള്‍ മുദ്രകുത്തിയ ആ മനുഷ്യസ്‌നേഹിയുടെ കടന്നുവരവോടെയാണ്. ഈദിന്റെ പുണ്യമാസത്തില്‍ ദൈവദൂതനായി ഷാഹിദയുമ്മയ്ക്ക് മുന്നില്‍ തെളിവാര്‍ന്ന ചിരിയോടെ വന്നതും ഈ നന്മയുടെ വഴിവിളക്ക് മാത്രമായിരുന്നു. ഈദ് സമ്മാനമായി രണ്ടു ലക്ഷം രൂപയും നാട്ടിലെത്താനുള്ള ചിലവും എന്നും ഉമ്മയുടെ സ്വപ്നമായിരുന്ന രണ്ടു സെന്റ് ഭൂമിയും യാഥാര്‍ഥ്യമാക്കിയ ഈ മകന്‍ തീര്‍ച്ചയായും ഈദ് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനം തന്നെയല്ലേ.
ഒരാളിലെ രാഷ്ട്രീയം കാണാതെ എന്തുകൊണ്ട് ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളില്‍ നമ്മള്‍ മലയാളികള്‍ ഫോക്കസ് ചെയ്യുന്നില്ല. സാമൂഹ്യപ്രതിബദ്ധതയുള്ള ആളാവണം നല്ലൊരു ജനസേവകന്‍.കുടുംബത്തിന്റെ മാഹാത്മ്യം കൊണ്ടോ വെള്ളിത്തിരയിലെ താരപ്രഭ കൊണ്ടോ ക്രിക്കറ്റിന്റെ മാസ്മരികത കൊണ്ടോ തെരെഞ്ഞെടുക്കെപ്പെടേണ്ട ഒരാളല്ല ജനപ്രതിനിധി. മാനുഷിക മൂല്യങ്ങളും സേവനതല്പരത കൊണ്ടും ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ കഴിയുന്നവനാകണം ജനസേവകന്‍. ഇവിടെ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയത്തിനു മാത്രം അയിത്തം കല്പിക്കുന്നവര്‍ എന്ത് കൊണ്ട് ഇന്നസെന്റിനെയും മുകേഷിനെയും ഗണേഷിനെയും കാണുന്നില്ല?കൂത്തുപറമ്പിലെ രക്തസാക്ഷികളെ മറന്നവര്‍ നികേഷിനായി വോട്ടു ചോദിക്കുന്നതും നമ്മള്‍ കണ്ടതാണല്ലോ. വി എസിനെ വിമര്‍ശിച്ച ഗണേഷ്‌കുമാര്‍ മറുകണ്ടം ചാടിയപ്പോള്‍ എന്തേ വിമര്‍ശകരുടെ നാവടഞ്ഞുപോയി? ഒരുകാലത്ത് ലീഡറുടെ അനുഭാവിയായിരുന്നു സുരേഷ്‌ഗോപിയെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. അതുകൊണ്ട് എന്നും ഒരു പാര്‍ട്ടിയില്‍ തന്നെ വിശ്വസിച്ചു പോകണം എന്നുണ്ടോ ?അങ്ങനെയെങ്കില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് ലീഡറുടെ സ്വന്തം ചോരയായ ശ്രീ.മുരളീധരന്റെ കൂറുമാറ്റം തന്നെയല്ലേ? അബ്ദുള്ളക്കുട്ടിക്കും പ്രേമചന്ദ്രനും ഗണേഷ്‌കുമാറിനും ഇല്ലാത്ത അയിത്തവും വിമര്‍ശനവും സുരേഷ്‌ഗോപിക്ക് മാത്രമെന്തേ? സര്‍ദാര്‍ കെ എം പണിക്കര്‍ക്കും മഹാകവി ജി ശങ്കരക്കുറുപ്പിനും ഡോ രാമചന്ദ്രനും ഡോ കസ്തൂരിരംഗനും കാര്ട്ടൂണിസ്റ്റ് അബു എബ്രഹാമും എം എസ് സ്വാമിനാഥനും ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു എം പി യായതാണ് ശ്രീ.സുരേഷ് ഗോപി. അവാര്‍ഡ് കരസ്ഥമാക്കിയ,നൂറ്റമ്പതോളം സിനിമകളില്‍ വേഷമിട്ട ,മുപ്പതുവര്‍ഷത്തോളമായി സിനിമാവേദിയില്‍ നിറഞ്ഞുനിന്നിരുന്ന ഈ താരം രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെടുന്ന പന്ത്രണ്ടു സീറ്റുകളില്‍ ഒന്നില്‍ കലയെ പ്രതിനിധീകരിച്ചു അംഗമായതില്‍ അസഹിഷ്ണുതയുളളവര്‍ രാഷ്ടീയ അര്‍ബുദം ബാധിച്ചവരാണ്.സുരേഷ്‌ഗോപിയെന്ന മനുഷ്യസ്‌നേഹിയെ രാഷ്ട്രീയം നോക്കി അവഹേളിക്കുന്നത് നിങ്ങളില്‍ തന്നെയുള്ള രാഷ്ട്രീയ അരാജകത്വത്തിന്റെ നേര്‍ക്കാഴ്ചയും.!
Post Your Comments