ക്രൈസ്തവ സഭ ഇന്ന് മറ്റെങ്ങുമുണ്ടാവാത്ത വിധം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ. ഒരു സഭ മാത്രമല്ല, അനവധി വിഭാഗങ്ങളില്‍ ഇന്നിപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ചീത്ത വര്‍ത്തമാനങ്ങള്‍ ക്രിസ്ത്യാനിറ്റിയെ തന്നെ വല്ലാതെ അലട്ടുകയല്ലേ?. ഇത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കേള്ക്കാനിടവരുന്നു എന്നതാണ് പ്രശ്നം. കന്യാസ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് തെരുവിലും കോടതിയിലുമെത്തുന്നു, കന്യാസ്ത്രീകള്‍ അവിഹിത ഗര്‍ഭം ധരിച്ച പാവപ്പെട്ട സ്ത്രീകളെ സംരക്ഷിക്കുന്നതിനൊപ്പം അതിലൂടെ ഉണ്ടാവുന്ന കുട്ടികളെ വിറ്റ് കാശാക്കുന്ന ചിത്രം വെളിയിയിലെത്തുന്നു, ബിഷപ്പുമാരും അച്ചന്മാരും കന്യാസ്ത്രീകളെയും വിശ്വാസികളെയും അപമാനിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുന്ന കഥകള്‍ നാട്ടില്‍ പാട്ടാവുന്നു. ഒരു കര്‍ദ്ദിനാളിനെ പോലും ക്രൈസ്തവര്‍ക്ക്, എന്തിനേറെ അവരുടെ അച്ചന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും പോലും, വിശ്വാസമില്ലാത്ത അവസ്ഥ വന്നുചേരുന്നു. ഒരു അച്ചന് പാവപ്പെട്ട കര്‍ഷകരെ പറ്റിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നതും നാം കണ്ടു. എവിടേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്?. ഇതൊക്കെ പുറത്ത് വരുന്നു എന്ന് കണ്ടുകൊണ്ടാണോ ഇന്നാട്ടില് ഭരണഘടന വലിയ പ്രതിസന്ധിയിലാണ്, ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു എന്നും മറ്റും ചില വത്തിക്കാന്‍ പ്രതിനിധികള്‍ വിളിച്ചുകൂവിയത്?. രാജ്യം ചര്‍ച്ചചെയ്യേണ്ടുന്ന വിഷയമാണിത് എന്നതില്‍ സംശയമില്ല.
സീറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയില്‍ നടന്ന വലിയ ഭൂമി ഇടപാടുകളാണ് ആദ്യമായി വെളിച്ചം കണ്ടത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആണല്ലോ അതിരൂപതയുടെ അധിപന്. സഭ വലിയ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു എന്നും അതിന് പരിഹാരമായി കയ്യിലുള്ള ഭൂമി വിറ്റഴിക്കാനും പകരം ചിലത് വാങ്ങാനുമൊക്കെ തയ്യാറായി എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. അതിനായി കറന്‍സി കുറെ ചിലവിട്ടു; കുറെ കണക്കില്ലാത്ത പണം ഒഴുകിയെത്തി. ഇതൊക്കെ സഭാംഗങ്ങള്‍ തന്നെ പറയുന്നതാണ്. ഇതൊക്കെ വെളിച്ചത്തുവന്നത് സഭക്കകത്ത് നിന്നുതന്നെയാണ് എന്നതാണ് പ്രത്യേകത. അല്‍മായമാരും വിവിധ പാരീഷുകളിലെ അച്ചന്മാരും മറ്റും ആക്ഷേപമുന്നയിക്കുകയാണ് ഉണ്ടായത്. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടതുകൊണ്ടാവണം, കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ അത് ഒളിപ്പിക്കാന്‍ ശ്രമിച്ചു എന്നുവേണം പുറമെനിന്ന് നിന്ന് നോക്കുന്ന ഒരാള്‍ മനസിലാക്കാന്‍. എന്നാല്‍ പരാതി പോലീസ് സ്റ്റേഷനില്‍ എത്തി; പിന്നാലെ കോടതിയിലേക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാതിയില്‍ കഴമ്പുണ്ടെന്നും എഫ്ഐആര്‍ ഇട്ട് അന്വേഷണം വേണമെന്നും ഉത്തരവിട്ടു. പക്ഷെ കര്‍ദ്ദിനാളിന്റെ സ്വന്തം വിശ്വാസികൂടിയായ ഒരു ജഡ്ജി ഉള്‍പ്പെടുന്ന ബെഞ്ച് ആ വിധി റദ്ദാക്കി. തല്‍ക്കാലത്തേക്ക് കര്‍ദ്ദിനാളിന് ആശ്വാസമായെങ്കിലും പ്രശ്നം അവിടെ തീര്‍ന്നില്ല; അതിനിടയില്‍ ഭൂമി ഇടപാട്, പണം കൈമാറ്റം , അനധികൃത ഇടപാടുകള്‍ എന്നിവയൊക്കെ ആദായ നികുതി അധികൃതര്‍ അന്വേഷിച്ചു; 20- ഓളം കേന്ദ്രങ്ങളിലാണ് അവര്‍ റെയ്ഡ് നടത്തിയതത്രെ. എന്തായാലും അതിനിടെ ലഭിച്ച വിവരങ്ങള്‍ ക്രമക്കേടുകളുടെ കൂമ്പാരം തന്നെ നടന്നിരിക്കുന്നു എന്ന സൂചനകളാണ് നല്‍കുന്നത്. ഇതുവരെ ആദായനികുതി അധികൃതര്‍ കര്‍ദിനാളിന്റെ വാസ സ്ഥലത്തോ അരമനയിലോ കയറിയതായി സൂചനയില്ല. സ്വാഭാവികമായും ആദായനികുതി അധികൃതര്‍ക്ക് ആ അന്വേഷണം ഇവിടെ നിര്‍ത്താനാവില്ലല്ലോ. പറഞ്ഞുവന്നത് യേശുദേവന്റെ സ്വന്തക്കാര്, അതും കര്ദ്ദിനാളിനെപ്പോലുള്ളവര് പോലും, സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലാവുന്നു അല്ലെങ്കില്‍ ആക്ഷേപത്തിന് വിധേയമാവുന്നു എന്നത് ചെറിയകാര്യമല്ലല്ലോ.
ഇവിടെ നാം കാണേണ്ട ഒരു കാര്യം, ഇതൊക്കെ വത്തിക്കാനില്‍ വരെ എത്തിയിരിക്കുന്നു എന്നതാണ്. അതുകൊണ്ടാണല്ലോ മറ്റൊരു ബിഷപ്പിനെ അങ്കമാലി- എറണാകുളം അതിരൂപത ഭരണകര്‍ത്താവായി മാര്‍പ്പാപ്പ നിയമിച്ചത്. വത്തിക്കാന്‍ അധികൃതര്‍ക്ക് എന്തൊക്കെയോ മനസിലായി; ആദായ നികുതി അധികൃതര്‍ക്കും കുറെയൊക്കെ തിരിച്ചറിയാനായി. അത് പക്ഷെ നമ്മുടെ ഹൈക്കോടതിയിലെ ചില ബഹുമാന്യ ന്യായാധിപന്മാര്ക്ക് കാണാനായില്ല; അത് സ്വാഭാവികമാണ്; സംശയമൊന്നും തോന്നേണ്ടതില്ല. തങ്ങളുടെ കര്‍ദ്ദിനാള്‍ തെറ്റ് ചെയ്യുമെന്ന് ഒരു ഇടയനും കരുതരുതാത്തതാണല്ലോ ….. എന്നാല്‍ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്നതാണ് ഇതൊക്കെ എന്നു ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല.
ഈ വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് ‘കുമ്പസാര മാഹാത്മ്യം’ കേള്‍ക്കാനിടയായത്. സമുദായാംഗമായ ഒരു സ്ത്രീയെ, ഭാര്യയെ, അഞ്ച് അച്ചന്മാര് മാറിമാറി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് വാര്‍ത്ത. കുമ്പസാരം നടത്തുമ്പോള്‍ തുറന്നുപറഞ്ഞത് മുതലെടുത്തുകൊണ്ട്, ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയും ആക്ഷേപിക്കുമെന്ന് പറഞ്ഞുമൊക്കെയാണത്രെ, ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ആ സ്ത്രീയുടെ ഭര്‍ത്താവാണ് ഇതൊക്കെ പുറത്തുപറഞ്ഞത്. സ്ത്രീയും കുറ്റസമ്മതം നടത്തിയെന്ന് കേള്‍ക്കുന്നു. അഞ്ചു അച്ചന്മാരെയും ഓര്‍ത്തോഡോക്സ് സഭ പുറത്താക്കിയതായി വാര്ത്തവന്നുവെങ്കിലും നമ്മുടെ പോലീസ് ഇക്കാര്യത്തില്‍ വളരെ ‘ഗൗരവ’ത്തിലാണ്……… ഇത്രവലിയ ആക്ഷേപം പൊതുസമൂഹത്തില്‍ നിറഞ്ഞുനിന്നിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തിടെ നടന്ന ഒരു ഉപതിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ സംരക്ഷണം എന്നുംമറ്റുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നത് കാണാതെപോകനുമാവില്ലല്ലോ. എന്തൊക്കെ പറഞ്ഞാലും കുമ്പസാരക്കൂട് കാണുമ്പൊള്‍ ഇനി സ്ത്രീകള്‍ ഭയക്കും എന്നതായിരിക്കുന്നു അവസ്ഥ എന്നാണ് വിവിധ ക്രൈസ്തവ സഭാവാസികള്‍ പറയുന്നത്.
ഇതിന് പിന്നാലെയാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് തന്നെയുള്ള ഒരു കന്യാസ്ത്രീ അനവധി തവണ പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറം ലോകമറിഞ്ഞത്. അതും കത്തോലിക്കാ സഭയിലെ കഥയാണ്. കേരളത്തിന് പുറത്തുള്ള ഒരു ബിഷപ്പിനെക്കുറിച്ചാണ് ആക്ഷേപം. പന്ത്രണ്ടോ പതിമൂന്നോ തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ബിഷപ്പിനെതിരായ പരാതി. ആ കന്യാസ്ത്രീ കഴിഞ്ഞദിവസം അടച്ചിട്ട കോടതിയില്‍ ഒരു മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിനല്‍കിയിട്ടുണ്ട് . നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ. ഇവിടെ അനവധി ചോദ്യങ്ങളുയരുന്നുണ്ട്; ഒന്ന് പന്ത്രണ്ടോ പതിമൂന്നോ തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് ആരോരുമറിയാതെയാണോ. ഇത്രയും തവണ ആ കന്യാസ്ത്രീ അതിന് അനുവദിച്ചോ അത് എതിര്‍ത്തോ?. ആരോടൊക്കെ പരാതി നല്‍കിയിരുന്നു…… ലൈംഗികാരോപണം സംബന്ധിച്ച ആ പരാതികിട്ടിയവര്, കേട്ടവര്‍ എന്തൊക്കെ നിലപാടും തീരുമാനവുമെടുത്തു?. ഇവിടെയും ഒരു കര്‍ദ്ദിനാളിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നു….. പരാതി പറഞ്ഞിട്ടും, അത് കേട്ടിട്ടും മറ്റും ഒരു നടപടിയുമെടുക്കാത്തവരുടെ കൂട്ടത്തിലാണത്. അതും ഗുരുതരമായ പ്രശ്നമാണ്, നിയമത്തിന്റെ ദൃഷ്ടിയില്. ഇവിടെയൊക്കെ തങ്ങള്‍ക്ക് വത്തിക്കാന്‍ പറയുന്നതും അവരുടെ നിയമങ്ങളുമാണ് ബാധകം എന്നൊക്കെ ആര്‍ക്കും പറഞ്ഞുനില്ക്കാനാവില്ലല്ലോ. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് ഉണ്ടാക്കിയെന്ന് സഭ കരുതുന്ന ‘ അസഹിഷ്ണുത’ ഉയര്‍ത്തിക്കാട്ടി തെരുവിലിറങ്ങി പ്രകടനം നടത്തിയ ബിഷപ്പുമാരില്‍ ഒരാളാണ് ലൈംഗിക പീഡനത്തിന് പ്രതിക്കൂട്ടിലായിരിക്കുന്നത് എന്നതും പറയാതെവയ്യ.
ഏറ്റവുമൊടുവില്‍ ഇന്നിപ്പൊഴിതാ മറ്റൊരു തട്ടിപ്പ് കേസുകൂടി കന്യാസ്ത്രീകളെ പ്രതിക്കൂട്ടിലാക്കുന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ള വര്‍ത്തയാണത്. മദര്‍ തെരേസയുടെ സഭയിലെ കോണ്‍വെന്റും സ്ഥാപനവുമാണ്, അതിലുള്‍പ്പെട്ട കന്യാസ്ത്രീയാണ്, ആരോപണവിധേയമായിരിക്കുന്നത്. എന്നാല്‍ ആക്ഷേപം വളരെ ഗുരുതരമാണ്. അവിഹിത ഗര്‍ഭം ധരിച്ചുവെന്ന് കരുതുന്ന സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന കുട്ടികളെ വിറ്റഴിക്കുന്ന ഏര്‍പ്പാടാണിത് എന്ന് ജാര്‍ഖണ്ഡ് പോലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആണ് അതുസംബന്ധിച്ച അന്വേഷണം നടത്തിയതും എഫ്ഐആര്‍ ഇട്ടതും. ചിലരെയൊക്കെ അറസ്റ്റ് ചെയ്തിട്ടുണ്ട്; കന്യാസ്ത്രീകള്‍ അടക്കം ചിലര്‍ ചോദ്യംചെയ്യലിന് വിധേയമാക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ ഇതിനിടയില്‍ മുങ്ങിയിട്ടുമുണ്ട്. പണമിടപാട് സംബന്ധിച്ചും കുറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദര്‍ തെരേസയെ എത്രമാത്രം ആദരവോടെയാണ് ഇന്ത്യന്‍ സമൂഹം കണ്ടിരുന്നത് എന്നതോര്‍ക്കുക. അവരുടെ പേരുപറഞ്ഞുകൊണ്ട് ഇതൊക്കെ ചെയ്യുമ്പോഴോ?, ഇതിന് പിന്നില്‍ ഒരു സമുദായോദ്ധാരണവും നടക്കുന്നില്ല; ഒരു മത പ്രവര്‍ത്തനവുമില്ല; ആകെയുള്ളത് വെറും സാമ്പത്തിക തട്ടിപ്പാണ്.
ക്രൈസ്തവ സഭകള്‍ ഇതൊക്കെ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്. അവര്‍ ഇവിടെ എന്തെല്ലാമോ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഇതൊക്കെ ഉയര്‍ന്നുവരുന്നത്. അത് യേശുദേവനെ പ്പോലും വിഷമിപ്പിക്കില്ലേ. ഇത്തരത്തിലുളള ലജ്ജാകരമായ ലൈംഗികാതിക്രമങ്ങള്‍ അവര്‍ക്കിടയില്‍ മാത്രമാണ് എന്നൊന്നും പറയുന്നില്ല. മൂല്യശോഷണം സംഭവിക്കുന്ന സമൂഹത്തില്‍ ഇതൊക്കെ അരങ്ങേറുകതന്നെ ചെയ്യും. അതില്‍ മതവും ജാതിയുമൊന്നുമില്ല. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഇതൊക്കെ മറച്ചുവെക്കാനാണ് ശ്രമിച്ചുപോന്നിരുന്നത്. കന്യാസ്ത്രീകള്‍ അപമാനിക്കപ്പെടുന്നത്, അവര്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നത് ഒക്കെ പുതിയ കാര്യമല്ലല്ലോ. കേരളത്തില്‍ തന്നെ എത്രയോ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എത്രയോ കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിലേറെ പേടിപ്പിക്കുന്നത്, കേള്‍ക്കുന്നത്, വിശ്വസിക്കാമോ എന്നതറിയില്ല, പീഡിപ്പിക്കപ്പെട്ട പലരെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കുന്നു എന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ അതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ക്രൈസ്തവ സഭകള്‍ അതൊന്നും തിരുത്താന്‍ ശ്രമിക്കാറില്ല; അതുതന്നെയാണ് പലപ്പോഴും അതൊക്കെ വിശ്വസിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത് . അഭയ കേസിന്റെ പിന്നാമ്പുറങ്ങള്‍ നമുക്ക് മറക്കാനാവുമോ; തൃശൂരിലെ ഒരു മുന്‍ കന്യാസ്ത്രീ, അവര്‍ കോളേജ് അധ്യാപികയായിരുന്നു, എഴുതിയതൊക്കെ സമൂഹ മധ്യത്തിലുണ്ടല്ലോ. എന്തിനാണ് രാത്രികളില്‍ ബിഷപ്പുമാരും അച്ചന്മാരുമൊക്കെ കന്യാസ്ത്രീകളുടെ കോണ്‍വന്റില്‍ അന്തിയുറങ്ങാനായി എത്തുന്നത്. ഭരണപരമായ കാര്യങ്ങളുണ്ടെങ്കില്‍ അതൊക്കെ പകല്‍ വന്നുചെയ്യണം എന്നെങ്കിലും ഇക്കൂട്ടര്‍ക്ക് എന്തുകൊണ്ടാണ് സഭാ നേതൃത്വം നിര്‍ദ്ദേശം കൊടുക്കാത്തത്. പുറമെനിന്ന് നോക്കുന്ന ഒരാളുടെ സംശയമായി ഇതിനെയൊക്കെ കണ്ടാല്‍ മതി.
ഇതിനെയൊക്കെ തുടര്‍ന്ന് ‘ഇന്ത്യയില്‍ രക്ഷയില്ല, ഭരണഘടന തകര്‍ന്നു, ജനാധിപത്യം താറുമാറായി’ എന്നൊക്കെ പറഞ്ഞുനടന്നിട്ട് കാര്യമില്ല. നിയമം നിയമത്തിന്റെ വഴിയേ പോകണം. അതാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ പക്ഷെ ഈ സര്‍ക്കാര്‍ ഇതൊക്കെ കൂട്ടിവെച്ചുകൊണ്ട് ‘വേണ്ടസമയത്ത് പ്രയോജനപ്പെടുത്താ’മെന്ന് കരുതുന്നുണ്ടോ എന്നതറിയില്ല. ‘ചെങ്ങന്നൂരില്‍ കാണാം’ എന്നും മദ്യനയത്തിനെതിരെ തെരുവിലിറങ്ങുമെന്നും പ്രഖ്യാപിച്ച മദ്യവിരോധികളായ ബിഷപ്പുമാര്‍ ആ വഴിയൊന്നും പോവാതിരുന്നത് നാം കണ്ടുവല്ലോ; കാരണം എന്തായിരുന്നുവോ ആവോ. അങ്കമാലി -എറണാകുളം അതിരൂപതയിലെ ഭൂമിയുമായി അതിന് ബന്ധമുണ്ടായിരുന്നുവോ എന്നൊന്നുമറിയില്ല. അതുപോലെ ഇനിയും വിലപേശലുകള്‍ നടന്നേക്കാം. എന്നാല്‍ അതിനിടെ സഭയിലെ സ്ത്രീകള്‍, അതും കന്യാസ്ത്രീകള്‍, അപമാനിക്കപ്പെടുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ക്രൈസ്തവ സഭകള്ക്കാവുമോ; കുമ്പസാരക്കൂട് കാണുമ്പൊള്‍ ഞെട്ടിവിറക്കുന്ന സ്ത്രീകളെ വിശ്വാസത്തിലെടുക്കാന്‍ അവര്‍ക്ക് കഴിയുമോ. കേരളം കാത്തിരിക്കുന്നത് അതിനൊക്കെയുള്ള മറുപടിയാണ്.
Post Your Comments