തിരുവനന്തപുരം : എണറാകുളം മാഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന നിരവധി വിവരങ്ങൾ പുറത്തു വന്നിരുന്നു. കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന‌് സമാന്തര ഇന്റലിജന്‍സ‌് വിഭാഗം പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട‌്﹣എസ‌്‌ഡിപിഐ കോര്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ‌് സമാന്തര ഇന്റലിജന്‍സ‌് വിഭാഗം പ്രവര്‍ത്തിക്കുന്നത‌്. എല്ലാ ജില്ലയിലും ഇന്റലിജന്‍സ‌് സെക്രട്ടറിയുണ്ട‌്.
ഇതേക്കുറിച്ച‌് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട‌്. അഭിമന്യുവിനെ കൊലപ്പെടുത്തുന്നിന‌് തൊട്ടുമുമ്പ് മഹാരാജാസിലെ എസ‌്‌എഫ‌്‌ഐക്കാര്‍ ഒരാളെയും വിടില്ലെന്ന‌് പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകന്‍ വാട‌്‌സാപ‌് സന്ദേശമയച്ചു. പൊലീസ‌് കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയാണ‌് കൊലപാതകം നടത്തിയവരടക്കം ഉള്‍പ്പെട്ട വാട‌്‌സാപ‌് ഗ്രൂപ്പില്‍ സന്ദേശമയച്ചത‌്. കൊലയാളികളെ ഏകോപിപ്പിച്ചത‌് ഈ വാട‌്സാപ‌് ഗ്രൂപ്പാണെന്ന വിവരവും ഇന്റലിജന്‍സിന‌് ലഭിച്ചു.
തിങ്കളാഴ‌്‌ച പുലര്‍ച്ചെ 12.20നാണ‌് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട‌്﹣എസ‌്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത‌്. 12.10നാണ‌് മഹാരാജാസിലെ ഒരു എസ‌്‌എഫ‌്‌ഐക്കാരനെയും വിടില്ലെന്ന സന്ദേശം ഗ്രൂപ്പിലേക്ക‌് അയച്ചത‌്. സംഘടനയുടെ ചില നേതാക്കളും ഗ്രൂപ്പിലുണ്ട‌്. കൊലയാളി സംഘത്തെ സ്ഥലത്ത‌് കേന്ദ്രീകരിക്കാന്‍ ഈ ഗ്രൂപ്പ‌് ഉപയോഗിച്ചതായ നിഗമനത്തിലാണ‌് പൊലീസ‌്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍നിന്നുള്ളവര്‍ നേരത്തെ മട്ടാഞ്ചേരിയില്‍ കേന്ദ്രീകരിച്ചതായും പൊലീസിന്റെ ഇന്റലിജന്‍സ‌് വിഭാഗം കണ്ടെത്തിയിട്ടുണ്ട‌്.
ക്യാമ്പസ‌് ഫ്രണ്ടിനെ അണിയറയില്‍ നിര്‍ത്തി സ്വതന്ത്രസംഘടനകളുടെ ലേബലിലാണ‌് ഇത്തരം ക്യാമ്പസുകളില്‍ പോപ്പുലര്‍ ഫ്രണ്ട‌് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത‌്. വിദഗ‌്ധ യോഗ്യതയുള്ളവരെ റിക്രൂട്ട‌് ചെയ‌്ത‌് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുകയാണ‌് ലക്ഷ്യം. അടുത്തിടെ കാസര്‍കോട് ജില്ലയുടെ ഭാഗങ്ങളില്‍നിന്ന‌് ഐഎസിലേക്ക‌് റിക്രൂട്ട‌് ചെയ്യപ്പെട്ട പലരും ഇത്തരത്തില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ളവരായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments