തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നിശബ്ദമായി ആക്ടീവ 125യുടെ പുത്തൻ പതിപ്പ് അവതരിപ്പിച്ച് ഹോണ്ട. മറ്റു മോഡലുകളെ അപേക്ഷിച്ച് കുറച്ചുകൂടി സ്റ്റൈലിഷാണ് പുതിയ ഡിസൈൻ. എൽ.ഇ.ഡി ഹെഡ് ലൈറ്റാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത. അതോടൊപ്പം ഒരുപിടി പുത്തൻ ഫീച്ചറുകളും പുത്തൻ നിറഭേദവും ആക്ടീവ 125നെ ഏറെ വ്യത്യസ്തനാക്കുന്നു. ഇപ്പോഴുള്ള നിറങ്ങൾക്ക് പുറമെ ക്രസ്റ്റ് മെറ്റാലിക്, മാറ്റ് സെലീന്‍ സില്‍വര്‍ എന്നീ നിറങ്ങളിൽ കൂടി ആക്ടിവ 125 ലഭ്യമാകുന്നതായിരിക്കും.
മൊബൈൽ ചാർജിങ് പോയിന്‍റ് , ഫോര്‍ ഇന്‍ വണ്‍ ലോക്ക്, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച്, ഡിജിറ്റല്‍ അനലോഗ് ഇൻസ്ട്രമെന്‍റ് ക്ലസ്റ്റർ, ഇക്കോ മോഡ് തുടങ്ങിയ പുത്തൻ ഫീച്ചറുകളും പുതിയ ആക്ടീവയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
എഞ്ചിനില്‍ കാര്യമായ മാറ്റമില്ല. മുൻ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നതരത്തിലുള്ള 124.9 സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ ബിഎസ് 4 എൻജിൻ തന്നെയാണ് പുതിയ മോഡലിനും കരുത്തേകുന്നത്. 8.5 ബിഎച്ച്പിയും 10.54 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.
59,621 രൂപയാണ് ഡൽഹി എക്സ്ഷോറൂമില്‍ പുതിയ ആക്ടീവ 125 ന്റെ പ്രാരംഭ വില. ഡ്രം ബ്രേക്കും അലോയ് വീലുകളുമുള്ള മോഡലിന് 61,558 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ടോപ്പ്എന്‍റ് വേരിയന്‍റായ ആക്ടീവ ഡിസ്ക് ബ്രേക്ക് പതിപ്പിന് എക്സ്ഷോറൂം 64,007 രൂപയാണ് വില. ടിവിഎസ് എന്‍ടോര്‍ക്, ആക്സസ് 125,വിപണി പിടിക്കാൻ ഒരുങ്ങുന്ന സുസൂക്കി ബർഗ്മാൻ സ്ട്രീറ്റ് 125, ആയിരിക്കും പുതിയ ആക്ടീവ 125 യുടെ പ്രധാന എതിരാളി.
Post Your Comments