മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടും കൊളംബിയയും ഏറ്റുമുട്ടും. ഗ്രൂപ് ഘട്ടത്തിൽ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തിരുന്നു. അതിനാൽ ഇന്നത്തെ മത്സരം ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കുന്നതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകകപ്പില്‍ ഏതു മികവ്ട്ടാ നിരയെയും മറികടക്കാൻ കെല്‍പ്പുള്ളവരാണെന്ന് ഇതുവരെയുള്ള മത്സരങ്ങളിലൂടെ ഹാരി കെയിനും കൂട്ടരും ഗ്രൂപ് ഘട്ടത്തിൽ തന്നെ തെളിയിച്ചതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റെങ്കിലും ടീമിന്റെ ആത്മവിശ്വാസം ചോരില്ലെന്നാണ് ഇംഗ്ലണ്ട് ആരാധകർ വിശ്വസിക്കുന്നത്. അഞ്ചു ഗോളടിച്ച ക്യാപ്റ്റന്‍ ഹാരി കെയിനിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ജെസെ ലിങ്ങാര്‍ഡ്, റഹീം സ്റ്റര്‍ലിങ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ എന്നിവര്‍ മധ്യനിരയില്‍ ടീമിന് കരുത്തേകും.
ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും പിന്നീട് ആധികാരികമായി പോളണ്ടിനെയും സെനഗലിനെയും നിഷ്പ്രഭരാക്കിയാണ് കൊളംബിയ പ്രീക്വാർട്ടറിലെത്തിയത്. അതേസമയം, കളിക്കാരുടെ പരിക്ക് പ്രീക്വാര്‍ട്ടറില്‍ വില്ലനാകുമോയെന്നതാണ് കൊളംബിയൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്.ഹാമിഷ് റോഡ്രിഗസിന്റെ പരിക്കാണ് കൊളംബിയയുടെ തലവേദന. റോഡ്രിഗസിന് കളിക്കാനായില്ലെങ്കിൽ അത് കൊളംബിയക്ക് വല്യ തിരിച്ചടിയാകും.
ഇംഗ്ലണ്ടിനാണ് ഫുട്ബോൾ നിരീക്ഷകർ സാധ്യത കല്പിക്കുന്നതെങ്കിലും കൊളംബിയയെ വിലകുറച്ചു കാണാനാകില്ല. ക്വാർട്ടറിൽ ആര് സ്ഥാനം പിടിക്കുമെന്നത് കളി കണ്ടു തന്നെ അറിയണം. ഇന്ന് ഇന്ത്യന്‍സമയം രാത്രി 11.30ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് മത്സരം.
Post Your Comments