- സ്വിറ്റ്സര്‍ലന്‍ഡ് vs സ്വീഡന്‍
ഇന്നത്തെ കളിക്ക് മുമ്പ് ഇന്നലത്തെ കളിയെ കുറിച്ച് രണ്ടു വാക്ക്. ആധികാരിക വിജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നു. മെക്സിക്കന്‍ ആക്രമണത്തെ അതിജീവിച്ച് മികച്ച പന്തടക്കത്തോടെ കളിച്ച ബ്രസീല്‍ അട്ടിമറിയുടെ ഒരു സൂചനയും ആര്‍ക്കും നല്‍കിയില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അട്ടിമറികള്‍ ഇന്നലെയും പ്രതീക്ഷിച്ച പലര്‍ക്കും നിരാശയാണ് ബ്രസീല്‍ സമ്മാനിച്ചത്. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഒരുമിച്ചു മിന്നിയപ്പോള്‍ ജയം ബ്രസീലിനൊപ്പം നിന്നു.
സ്വാഭാവിക കളി പുറത്തെടുത്ത ബ്രസീല്‍ എളുപ്പത്തില്‍ ജയിച്ചു കയറിയെങ്കിലും ബല്‍ജിയം ജപ്പാന്‍ കളി സകലരെയും അമ്പരപ്പിച്ചു എന്ന് വേണം പറയാന്‍. പാര്‍ക്കിംഗ് ദി ബസ് പ്രതിരോധം വച്ച് ആദ്യ പകുതി മുഴുവന്‍ ബല്‍ജിയത്തെ തടഞ്ഞ ജപ്പാന്‍ തുടരെ രണ്ടു ഗോളുകള്‍ അടിച്ചു ബല്‍ജിയത്തെ ഭയപ്പെടുത്തി. റഷ്യയിലെ അടുത്ത അട്ടിമറി വിപ്ലവത്തിന് അരങ്ങ് ഉണരുകയായിരുന്നു. ജപ്പാന്‍ വീണ്ടും പാര്‍കിംഗ് ദി ബസ് ചെയ്തു ബല്‍ജിയത്തെ പിടിച്ചു നിര്‍ത്തും എന്ന് സകലരും കരുതി. അങ്ങനെയാണെങ്കില്‍ പോലും ജപ്പാന് സുഖകരമായി ജയിക്കാമായിരുന്നു. പക്ഷെ അമിത ആത്മവിശ്വാസമോ അല്ലെങ്കില്‍ വീണ്ടും ഗോള്‍ നേടാം എന്ന ചിന്തയോ ജപ്പാന്റെ പ്രതിരോധത്തെ ഉലച്ചു. ബല്‍ജിയം രണ്ടു ഗോള്‍ നേടി സമനില പിടിച്ചു. ഒടുവില്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി ഉള്ളപ്പോള്‍ വിജയ ഗോള്‍ നേടി ബല്‍ജിയം അട്ടിമറിയില്‍ നിന്നും രക്ഷപ്പെട്ടു.
ഇന്ന് സ്വിറ്റ്സര്‍ലന്‍ഡ് സ്വീഡനെ നേരിടുന്നു. ഈ ലോകകപ്പിലെ പ്രകടനം അനുസരിച്ച് തുല്യശക്തികള്‍ ആണ് ഇരുവരും. ഗ്രൂപ്പ് ഇ യില്‍ ബ്രസീലിനു പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത അവര്‍ ആദ്യകളിയില്‍ ബ്രസീലിനെ സമനിലയില്‍ പിടിച്ചവരാണ്. ഈ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ജയിക്കാത്ത ഒരേ ഒരു കളിയും സ്വിറ്റ്സര്‍ലണ്ടുമായിട്ടാണ്. ബ്രസീലിനെതിരെ ഇതുവരെ ഗോള്‍ അടിച്ചതും ഇതേ ടീമാണ്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ തോറ്റിട്ടില്ല എന്നതും കഴിഞ്ഞ യൂറോക്ക് ശേഷം നടന്ന കളികളില്‍ ഇരുപതില്‍ ഒന്ന് മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. ലോകറാങ്കിങ്ങില്‍ ആറാം സ്ഥാനം.
ഗ്രാനിത് സാക്ക എന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡറും വിങ്ങര്‍ ഷാക്കിരിയും ലെഫ്റ്റ് ബാക്കായ റിക്കാര്‍ഡോ റോഡ്രിഗസും ആണ് കീ പ്ലെയേഴ്സ്. 4-2-3-1 എന്ന ഫോര്‍മേഷന്‍ തന്നെയാണ് കോച്ച് വ്ലാദിമിര്‍ പെട്കൊവിച് ഇറക്കുക
സാധ്യത ഇലവന്‍ : യാന്‍ സോമ്മാര്‍ ( ഗോളി ), റോഡ്രിഗസ് , അകന്ജി, എല്‍വേദി , മൈക്കല്‍ ലാന്ഗ് , സാക്ക , ബെഹ്രാമി, ഷാക്കിരി, സെമൈലി , ഗൌരനോവിച്, സൂബര്‍
ഇന്ന് എതിരാളികളെക്കാള്‍ ആത്മവിശ്വാസത്തില്‍ ഒരുപടി മുന്നിലാണ് സ്വീഡന്‍. അവസാന കളിയില്‍ മെക്സിക്കോയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് സ്വീഡന്‍ തകര്‍ത്തു വിട്ടത്. സൌത്ത് കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പ്പിച്ചു. ജര്‍മ്മനിയെ സമനിലയില്‍ തളച്ചു എന്ന ആശ്വാസത്തില്‍ ഇരിക്കുന്ന നേരത്താണ് അവസാന നിമിഷത്തെ ക്രൂസിന്റെ അതുഭ്തഗോള്‍ ഫ്രീകിക്കിന്റെ രൂപത്തില്‍ വന്നത്. പണ്ട് മുതലേ അട്ടിമറി വീരന്മാര്‍ എന്ന പേരുള്ള സ്വീഡന്‍ ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞാല്‍ ഉടന്‍ അസ്തമിച്ചു പോകാറും ഉണ്ട്. ആ പേരുദോഷം മാറ്റാന്‍ ആയിരിക്കും അവരുടെ ശ്രമം.
വിങ്ങര്‍ എമില്‍ ഫോഴ്സ്ബര്ഗ് , ഡിഫന്‍ഡര്‍ ആന്ദ്രേസ് ഗ്രാങ്ക്വിസ്റ്റ് , സ്ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗ് എന്നിവരാണ് കീ പ്ലെയേഴ്സ്. മികച്ച ഓള്‍റൌണ്ട് കളി കളിക്കുന്നതിനാല്‍ സ്വീഡന്‍ കോച്ച് ആന്റെഴ്സന്‍ അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തില്‍ ആണ്. എങ്കിലും എതിരാളികളെ ടാക്കിള്‍ ചെയ്തു വീഴ്ത്താന്‍ യാതൊരു മടിയും കാണിക്കേണ്ട എന്ന സ്വിറ്റ്സര്‍ലന്‍ഡ് കോച്ചിന്റെ നയം സ്വീഡന്‍ കളിക്കാരില്‍ ആശങ്കയും ഉണര്‍ത്തുന്നുണ്ട്. പരമ്പരാഗത രീതിയായ 4-4-2 ലൂടെ എതിരാളികളെ എതിരിടാം എന്നവര്‍ കരുതുന്നു.
സാധ്യത ഇലവന്‍ : റോബിന്‍ ഓള്‍സെന്‍ (ഗോളി ), അഗസ്ട്ടിന്സന്‍, ഗ്രാങ്ക്വിസ്റ്റ് , ലിന്ടലോഫ് , ലസ്ട്ടിഗ് , ക്ലാസന്‍ , സ്വെന്സന്‍ , എക്ടല്‍ , ഫോഴ്സ്ബെര്ഗ് , ടോയവോനേന്‍ , മാര്‍ക്കസ് ബെര്‍ഗ്
- ഇംഗ്ലണ്ട് vs കൊളംബിയ
കേരളത്തില്‍ ഏറെ ആരാധകരുള്ള ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കാണുന്ന ആരും ഇംഗ്ലണ്ടിന്റെ ആരാധകരായിപ്പോകും. ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡിലേക്ക് കുതിക്കുന്ന നായകന്‍ ഹാരി കെയ്ന്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം. മികച്ച ടീമാണ് അവരുടേത്. വമ്പന്മാരുടെ ഇടയില്‍ ഫെവരിട്ടുകള്‍ ആയിരുന്നില്ല എന്നത് അവര്‍ക്ക് സമ്മര്‍ദ്ദം കുറച്ചിരുന്നു. 2006 നു ശേഷം ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു നോക്കൌട്ട് മത്സരം ജയിച്ചിട്ടില്ല. മാത്രമല്ല പെനാല്‍റ്റി ഷൂട്ടൌട്ട് എന്ന് കേള്‍ക്കുന്നത് ഓരോ ഇംഗ്ലീഷുകാരനും പേടിസ്വപ്നവും ആണ്. അതുകൊണ്ട് തന്നെ ഈ രണ്ടു ദുഷ്പേരും മായ്ച്ചു കളയേണ്ടത് അവരുടെ ബാധ്യത കൂടിയാണ്. പെനാല്‍റ്റി ഷൂട്ടൌട്ട് അതിജീവിക്കാന്‍ പ്രത്യേക പരിശീലനം അവര്‍ നേടിക്കഴിഞ്ഞു.
സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ , കീരന്‍ ട്രിപ്പിയര്‍ , സെന്റര്‍ ബാക്ക് ജോണ്‍ സ്റ്റൊന്‍സ് , ലിന്ഗാര്‍ഡ് എന്നിവര്‍ തന്നെയാണ് കീ പ്ലെയ്ഴ്സ്. 3-1-4-2 ശൈലി ആയിരിക്കും ഗാരത് സൌത്ത്ഗെറ്റ് ഇറക്കുക എന്നാണു അവസാന വിവരം.
സാധ്യത ഇലവന്‍ : പിക്ഫോര്ഡ് (ഗോളി ) , മഗ്വിര്‍ , സ്റ്റൊന്‍സ് , വോക്കര്‍, ഹെന്ടെഴ്സന്‍ , തൃപ്പിയര്‍ , ലിന്ഗാര്‍ഡ് , ഡലെ അല്ലി , ആഷ്ലി യന്ഗ് , ഹാരി കെയ്ന്‍ , സ്റ്റെര്‍ലിംഗ്
കൊളംബിയ അല്പം ബാക്ഫുട്ടില്‍ ആണ്. ജെയിംസ് റോഡ്രിഗസിന്റെ പരിക്കും ടീമിന് കഴിഞ്ഞ ലോകകപ്പിന്റെ അത്ര എനര്‍ജി ഇല്ലാത്തതും ആരാധകരില്‍ സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്. ജെയിംസ് കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ആദ്യ കളിയില്‍ ജപ്പാനോട് തോറ്റത് ഞെട്ടല്‍ ഉളവാക്കിയിരുന്നു എങ്കിലും തൊട്ടടുത്ത കളിയില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മടക്കി. സെനഗലിനെ ഒരു ഗോളിനും. എങ്കിലും കോച്ച് ജോസ് പെക്കര്‍മാന്‍ സന്തോഷത്തില്‍ അല്ല. ഇംഗ്ലണ്ട് പോലെ ഒരു ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ ടീമിന് ഇന്നുള്ളതിനേക്കാള്‍ അച്ചടക്കവും ഒത്തിണക്കവും വേണം. അല്ലെങ്കില്‍ ഇംഗ്ലണ്ടിനു ഇതൊരു ഈസി ഗോയിംഗ് ആകും. 4-2-3-1 എന്ന ശൈലിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു ടീമിന്റെ വാര്‍ത്താ സമ്മേളനത്തില്‍.
റോഡ്രിഗസ് , ഫല്ക്കാവോ , ക്വിന്റെരോ , മിന എന്നിവരാണ് കീ പ്ലെയേഴ്സ്. താരതമ്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ തളക്കാന്‍ ഇവരുടെ പ്രകടനം നിര്‍ണായകമാകും.
സാധ്യത ഇലവന്‍ : ഡേവിഡ് ഒസ്പിന ( ഗോളി ) , അരിയാസ് , മിന , സാഞ്ചസ് , ജോഹാന്‍, യുറീബി , കുവാട്രാഡോ , കാര്‍ലോസ് സാഞ്ചസ് , മുരിയല്‍/റോഡ്രിഗസ് , ക്വിന്റാരോ , ഫല്ക്കാവോ
സുജിത്ത് ചാഴൂര്‍
Also read : പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇന്ന് ഇംഗ്ലണ്ടും കൊളംബിയയും നേർക്കുനേർ
Post Your Comments