തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുമ്മനത്തെ ഗവര്ണറാക്കിയിട്ടും കണ്ണന്താനത്തെ മന്ത്രിയാക്കിയതും അടക്കം സംസ്ഥാനത്തെ നേതാക്കള്‍ക്ക് നല്കിയ പദവികള്‍ നേട്ടമാക്കി മാറ്റുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് നല്കിയ നിയമനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം.
വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെ പോലും ഒപ്പം നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളിലേക്ക് ഇത് എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താവുന്ന സാഹചര്യം പ്രയോജനപ്പെടുത്തിയിലെന്നും ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ അമിത് ഷാ വിമര്‍ശിച്ചു. കുമ്മനം, കണ്ണന്താനം വി. മുരളീധരന് എന്നിവരുടെ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി അമിത് ഷാ മടങ്ങിയാലുടന്‍ ബി.ജെ.പി സംസ്ഥാന കമ്മറ്റിക്ക് പുതിയ അധ്യക്ഷനെ ലഭിച്ചേക്കുമെന്നാണ് സൂചന. ആര്.എസ്.എസ് നേതൃത്വവുമായി വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാകും പുതിയ അധ്യക്ഷന്റെ നിയമനം. കേന്ദ്ര നേതാക്കളായ വി. മുരളീധര റാവു, വി.എല്‍ സന്തോഷ്, എച്ച് രാജ, എല്‍ ഗണേഷ്, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരും കോര്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തു.
Post Your Comments