ടെഹ്‌റാൻ: എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും നീക്കങ്ങൾക്കെതിരെ ചെറുത്തുനില്കുമെന്നു ഇറാന്‍. അതിനോടനുബന്ധിച്ചു എണ്ണ കയറ്റുമതി ചെയ്യാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുമെന്നും ഇറാന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗീരി ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.
ഈ വിഷയത്തിൽ ഇറാന്‍ ഭരണകൂടത്തിന് ഒരു വ്യക്തമായ പദ്ധതിയുണ്ടെന്നും ദൈവം സഹായിച്ചാല്‍ ആവശ്യകത അനുസരിച്ച് നല്ല അളവില്‍ എണ്ണ വില്‍ക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജഹാംഗീരിയുടെ മുന്നറിയിപ്പ്.
നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ചൈനയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. രാജ്യാന്തര കമ്പോളത്തിലെ എണ്ണ വില നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം സൗദി അറേബ്യ അംഗീകരിച്ചിരുന്നു.
നിലവില്‍ 60,000 ബാരല്‍ ക്രൂഡോയില്‍ പ്രതിദിനം തങ്ങൾ കയറ്റി അയക്കുന്നതായും ജഹാംഗീരി അറിയിച്ചു. ഇറാന്റെ എണ്ണ വ്യാപാരത്തിൽ കൈകടത്താന്‍ ശ്രമിക്കുന്നത് ആരായാലും അത് ഇറാനെതിരായ വഞ്ചനയായി മാത്രമേ കാണാനാവൂ എന്നും ഇതിന് അവർ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി
Post Your Comments