ബെംഗളൂരു : ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ കേരളത്തിന് പുറത്തും പ്രതിഷേധം അലയടിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി സംവിധായിക കവിത ഉള്‍പ്പെടെ 50 പേര് ഒപ്പിട്ട കത്ത് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് അയച്ചിരിക്കുന്നത്.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ അമര്‍ഷവും നിരാശയും രേഖപ്പെടുത്തിയ കത്തില്‍ കന്നഡ ഫിലിം ഇന്‍ഡസ്ട്രി (കെഎഫ്ഐ), ഫിലിം ഇന്‍ഡ്സ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി (എഫ്ഐആര്‍ഇ) സംഘടനകളിലെ അംഗങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്.
ബഹുമാനം അര്‍ഹിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സംഘടനയാണ് ‘അമ്മ’. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അവരുടെ ജനറല്‍ ബോഡി തീരുമാനം ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമായി. 2017ല്‍ ദിലീപിനെ പുറത്താക്കിയത് നടിയെ തട്ടിക്കൊണ്ടു പോയതിനു നിയമനടപടി നേരിടുന്നതിന്റെ പേരിലാണ്. ലൈംഗികാക്രമണ ആരോപണവും നിയമപ്രകാരം നിലനില്‍ക്കുന്നുണ്ട്.
കുറ്റക്കാരനെന്നു നിയമം മൂലം തെളിയുന്നതു വരെ നിരപരാധിയാണെന്നു ഭരണഘടന വിഭാവനം ചെയ്യുന്നതിനൊപ്പം തന്നെയാണ് കെഎഫ്ഐയും എഫ്ഐആര്‍ഇയും. എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. ആക്രമണം ഉണ്ടായിരിക്കുന്നതാകട്ടെ അമ്മയിലെ തന്നെ ഒരംഗത്തിനെതിരെയും. ഈ സാഹചര്യത്തില്‍ അയാളെ തിരിച്ചെടുത്തത് തികച്ചും അസാന്ദര്‍ഭികമായിപ്പോയി.
സ്ത്രീസുരക്ഷയും ലിംഗസമത്വവും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു മാതൃകയാകേണ്ട പ്രവര്‍ത്തനങ്ങളാണ് ചലച്ചിത്ര മേഖലയില്‍ നിന്നുണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതു വരെ ദിലീപിനെ പുറത്തു തന്നെ നിര്‍ത്താന്‍ ‘അമ്മ’ തയാറാകണം.
ചലച്ചിത്രമേഖലയിലെ എല്ലാവര്ക്കും സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിന് അമ്മയ്ക്കൊപ്പം കന്നഡ ചലച്ചിത്ര പ്രവര്‍ത്തകരും ഉണ്ടാകും. ഈ സാഹചര്യത്തില്‍ ദിലീപ് വിഷയത്തില്‍ ഉചിതമായ നടപടിയാണു പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.
Read Also : രോഗം മാറി അവനെ ഡിസ്ചാര്‍ജ് ചെയ്തു : എന്നാല്‍ പിറ്റേന്ന് കണ്ടത് അവന്റെ മൃതദ്ദേഹം
ശ്രുതി ഹരിഹരന്, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ്, ദിഗ്നാഥ്, രൂപ നടരാജ്, മേഘ്ന രാജ്, സംഗീത ഭട്ട്, കാവ്യ ഷെട്ടി, സംയുക്ത ഹൊര്‍ണാഡ്, ഭാവന റാവു, നിവേദിത, വീണ സുന്ദര്‍, ചേതന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
‘അമ്മ’യുടെ തീരുമാനത്തിനെതിരെ നേരത്തേ ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ (എന്‍ഡബ്ല്യുഎംഐ)യും രംഗത്തു വന്നിരുന്നു.
Post Your Comments