പത്തനംതിട്ട : ഏതു തൊഴില്‍ മേഖലയിലായാലും ഉന്നതങ്ങളില്‍ എത്താന്‍ കഠിനാധ്വാനം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന് പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന എംപിയുടെ എക്സലന്‍സ് അവാര്‍ഡ് ആദരവ് 2018 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് തമിഴ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസ് വരെ താന്‍ പഠനം നടത്തിയത്. കഠിനാധ്വാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവി വരെ എത്താന്‍ കഴിഞ്ഞത്. വിദ്യാര്‍ഥികള്‍ പഠന കാലത്തു തന്നെ കഠിനാധ്വാനം ഒരു ശീലമാക്കണം. ഏതു തൊഴില്‍ മേഖല തിരഞ്ഞെടുത്താലും പഠന കാലയളവിലെ ഈ ശീലം തുടരുകയാണെങ്കില്‍ ഉന്നതങ്ങളില്‍ എത്തുവാന്‍ കഴിയും. ഉയര്‍ച്ചകള്‍ക്ക് സഹായിക്കുന്ന വ്യക്തികളെ എപ്പോഴും ആദരവോടെ കാണുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ടാകണം. കവി കടമ്മനിട്ട രാമകൃഷ്ണന്റെ ‘നിങ്ങള്‍ ഓര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന പ്രസിദ്ധമായ വരികള്‍ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്. വിജയങ്ങളുടെ നിമിഷങ്ങളില്‍ അതിനു കൈത്താങ്ങായ രക്ഷിതാക്കളെയും അധ്യാപകരെയും അതിലുപരി സമൂഹത്തെയും മറക്കുവാന്‍ പാടില്ല. സമൂഹത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തിരിച്ചു നല്കുവാന് നമുക്ക് കഴിയണം.
ഒരു പ്രവാചകനെയും തന്റെ ജന്മസ്ഥലത്ത് അംഗീകരിക്കാറില്ല എന്ന ബൈബിളിലെ വാക്യം ഉദ്ധരിച്ചു കൊണ്ടായിരുന്നു ജില്ലയിലെ പ്രതിഭകള്‍ക്ക് നല്കുന്ന ആദരത്തെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്. മിക്കപ്പോഴും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ജന്മനാട് തിരിച്ചറിയുന്നത് ഏറെ താമസിച്ചായിരിക്കും. ജില്ലയുടെ അഭിമാനങ്ങളായ ഡോ. ഫിലീപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷത്തില് പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിരുന്നു. കേരള ജനത ഏറ്റവും കൂടുതല്‍ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഡോ. ഫിലീപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി.
മലയാള സിനിമയെ ലോക സിനിമയുടെ വേദികളില്‍ എത്തിച്ച പത്മഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും ഇത് ഏറെ അഭിമാനം നല്കുന്നു. മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ്.
ജീവസുറ്റ സിനിമകളുമായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സംവിധായകനാണ് ബ്ലെസി. അല്‍ഷിമേഴ്സ് ബാധിച്ച വ്യക്തിയുടെ കഥയും ഗുജറാത്ത് ഭൂമികുലുക്കത്തില്‍ അനാഥത്വം അനുഭവിക്കേണ്ടി വന്ന കൊച്ചു കുട്ടിയുടെ സങ്കടങ്ങളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രമേയമായി. സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന്റെ സിനിമകള്‍ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്കുന്നവയാണ്.
സ്കൂള്‍-കോളജ് തലങ്ങളില്‍ ഉന്നത വിജയം നേടി ആദരവിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ ക്രിസോസ്റ്റം തിരുമേനിയേയും അടൂര്‍ ഗോപാലകൃഷ്ണനെയും ഇന്ത്യയുടെ മുന്‍ യുഎന്‍ അംബാസിഡറായ ടി.പി. ശ്രീനിവാസനെയും പോലുള്ളവരെ മാതൃകയാക്കണം. സാമൂഹിക പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇവരൊക്കെ ഉന്നതങ്ങളിലെത്തിയത്. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് സെമിനാര്‍ നയിച്ച ഡോ.ടി.പി. ശ്രീനിവാസന് കോളജ് കാലത്ത് ഏറ്റവും മികച്ച ഒരു വിദ്യാര്‍ഥിയായിരുന്നു. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഒരു നയതന്ത്ര വിദഗ്ധനായി അദ്ദേഹം മാറിയതിന്റെ കാരണം പഠന കാലത്തു തന്നെ ഉണ്ടായിരുന്ന കഠിനാധ്വാന ശീലവും സാമൂഹിക പ്രതിബദ്ധതയുമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, മുന്‍ യു.എന്‍.അംബാസിഡന്‍ ടി.പി. ശ്രീനിവാസന്, ചലച്ചിത്ര സംവിധായകന് ബ്ലെസി, നടന് കൈലാഷ്, ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
Post Your Comments