FootballSports

ഇനി വെറും കളിയല്ല, മരണക്കളി

ലോകകപ്പിന്റെ ആവേശത്തിന് പകുതിമാസം പിന്നിടുമ്പോള്‍ തീ പിടിക്കാന്‍ പോവുകയാണ്. ഇന്ന് മുതല്‍ ശെരിക്കും മരണക്കളിയാണ്. ഉടന്‍കൊല്ലി കളികളുടെ കാലം. ജയവും തോല്‍വിയും എന്ന റിസള്‍ട്ട് മാത്രമുള്ള അവസ്ഥ. തോറ്റവര്‍ പുറത്ത്. ആവേശം തീ പിടിക്കാന്‍ അതുമാത്രം മതിയാകും. ഇനി ഓരോ ഘട്ടത്തിലും ആരൊക്കെ ബാക്കിയാകും , ആരൊക്കെ തോല്‍വികളിലൂടെ മറഞ്ഞു പോകും എന്നറിയാന്‍ ഇന്നുമുതല്‍ കാത്തിരിക്കുക.

ഗ്രൂപ്പ് സ്റ്റേജ് കഴിഞ്ഞപ്പോള്‍ പകുതിപേര്‍ യാത്രയായിക്കഴിഞ്ഞു. കളിയും കരുത്തും തന്ത്രവും ഭാഗ്യവും ഭംഗിയുമായി ഇനി പതിനാറ് പേര്‍ കൂടി റഷ്യയില്‍ ! ഇന്നുമുതല്‍ വീരനായകര്‍ ഉണ്ടായേക്കാം , ദുരന്തകഥാപാത്രങ്ങള്‍ ഉണ്ടായേക്കാം. ഒരൊറ്റ നിമിഷത്തിന്റെ ഭാഗ്യത്തിലും ശാപത്തിലും പെട്ട് ജീവിതത്തില്‍ മറക്കാനാകാത്ത സന്തോഷസങ്കടങ്ങള്‍ വന്നു ചേരുന്ന സമയമാണിനി. ആര്‍ക്കൊക്കെ മറുകര താണ്ടാന്‍ കഴിയും എന്നതിനെ കുറിച്ച് ആരാധകര്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു. വരുന്ന ഓരോ ദിവസവും അന്നന്നത്തെ കളികളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

റൗണ്ട് ഓഫ് 16 ലെ ആദ്യ കളി നടക്കുന്നത് ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലാണ്. കസാന്‍ അരീനയില്‍ നടക്കുന്ന ഈ മാച്ചിന്റെ ടിക്കറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്നു. 45000 പേര്‍ക്ക് ഇരിക്കാവുന്ന കസാന്‍ അരീനയിലാണ് ലോകത്തെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലെ ഏറ്റവും വലിയ ഔട്ട് സൈഡ് സ്‌ക്രീനുള്ളത് കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ നാല് മത്സരങ്ങള്‍ നടന്ന ഇവിടെ ഈ ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ നാല് മത്സരങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.

സി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സിന്റെ വരവ്. രണ്ടു ജയവും ഒരു സമനിലയുമായി 7 പോയിന്റോടെ ഏറ്റവും മുന്നിലെത്തി. നോക്കൌട്ട് ഉറപ്പിച്ചതിന് ശേഷം രണ്ടാംനിര ടീമിനെ ഇറക്കിയതിലൂടെ ഡെന്മാര്‍ക്കുമായുള്ള മത്സരം സമനിലയില്‍ കുരുങ്ങി. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഒരേയൊരു ഗോള്‍ രഹിത സമനിലയായിരുന്നു അത്. അവസാന കളിയില്‍ വിശ്രമത്തിനായി സൈഡ് ബെഞ്ചില്‍ ഇരുത്തിയ ഏതാനും താരങ്ങള്‍ തിരികെ വരും. ദിദിയന്‍ ദിഷാമ്പ്‌സ് ഒരുക്കുന്ന മിഡ്ഫീല്‍ഡ് തന്ത്രങ്ങള്‍ തന്നെയാകും ഫ്രാന്‍സിന്റെ കരുത്ത്.

സാധ്യതാ ഇലവന്‍ : ലോരിസ്, സിഡിബെ , ഉമ്റ്റിറ്റി , ഹെര്‍നാണ്ടസ് , വാറന്‍ , കാന്റെ , പോഗ്ബ , ഗ്രീസ്മാന്‍ , എംപാപ്പേ , ജിരൌഡ് , മറ്റൌഡി

കാന്റെ , പോഗ്ബ , ഗ്രീസ്മാന്‍ ത്രയം നല്‍കുന്ന ഉണര്‍വിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ മുഴുവന്‍.

ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന. പുറത്താകലിന്റെ വക്കില്‍ നിന്ന് പറന്നുയര്‍ന്ന ത്രില്ലിലാണ് അര്‍ജന്റീനയും ആരാധകരും. ഇഞ്ചുറി സമയത്തിന് തൊട്ടു മുമ്പ് മാര്‍ക്കോ റോയോയുടെ ഗോളിലാണ് അര്‍ജന്റീന കുതിച്ചത്. ലോകം മുഴുവനുമുള്ള ആരാധകരുടെ നെഞ്ചിടിപ്പും പ്രാര്‍ഥനയും മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്ന സമയത്താണ് ആ ഗോള്‍ പിറന്നത്. അതിലൂടെ നോക്കൌട്ട് ഉറപ്പിക്കാനും അവര്‍ക്കായി. ആ കളിയില്‍ മെസ്സി എന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ തിരിച്ചു വരവും നമുക്ക് കാണാനായി. പെനാല്‍റ്റിനഷ്ടമാവുകയും രണ്ടാമത്തെ കളിയില്‍ ക്രോയെഷ്യയോടു വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തതോടു കൂടി മെസ്സിയും കളിക്കാരും കോച്ചും ഉള്‍പ്പടെ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.

അതുവരെ മങ്ങിക്കളിച്ചിരുന്ന മെസ്സി അതിവേഗ ഗോളിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിക്കുകയും അതിലൂടെ ടീമിനൊന്നാകെ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എങ്കിലും അര്‍ജന്റീനയുടെ യഥാര്‍ത്ഥ കരുത്തും സൗന്ദര്യവും ഇനിയും പുറത്തു വന്നിട്ടില്ല. ജയം ഒരു ആശ്വാസം ആണെങ്കിലും ഇനിയും മുന്നേറാന്‍ ഇതുവരെ കളിച്ച കളി പോരാതെ വരും. ശൈലികള്‍ മാറി മാറി പരീക്ഷിക്കുന്ന ജോര്‍ജ് സാമ്പോളി എന്ന കോച്ച് ഇതിനകം വിമര്‍ശനങ്ങള്‍ ഏറെ കേട്ടുകഴിഞ്ഞു. നൈജീരിയക്കെതിരെ കളിച്ച വിന്നിംഗ് കോമ്പിനേഷന്‍ തന്നെയാകും ഇന്നും അര്‍ജന്റീന പരീക്ഷിക്കുക.

സാധ്യത ഇലവന്‍ : അര്‍മാനി , മെര്‍കാഡോ , ഒട്ടമേണ്ടി , പെരസ്, തഗ്ലിയാഫിയാക്കോ , റോയോ , ബനേഗാ, മഷേരാനോ , ഹിഗ്വയിന്‍ , മെസ്സി, ഡി മരിയ

പൊരുതിക്കളിക്കുന്ന മഷേരാനോയും ഒട്ടാമെണ്ടിയും ഡി മരിയയും ഫോമില്‍ ആണെങ്കില്‍ മെസ്സിക്ക് പന്തെത്താന്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. മെസ്സിയുടെ ദ്രിബ്ലിംഗ് മാജിക്ക് കൂടി ചേര്‍ന്നാല്‍ മത്സരം ആവേശത്തിന്റെ കൊടുമുടി കയറും.

കണക്കിലും നിലവിലെ ഫോമിലും ഫ്രാന്‍സ് ഒരുപടി മുന്നില്‍ തന്നെയാണ്. അര്‍ജന്റീന ആരാധകരെ അലട്ടുന്ന വിഷയവും അത് തന്നെയാണ്. പക്ഷെ മെസ്സി എന്ന മാന്ത്രികന്‍ ടീമിലുള്ളപ്പോള്‍ ഒരൊറ്റ നിമിഷം മതി അര്‍ജന്റീനക്ക് തിരികെ വരാന്‍. ഏതൊരു ടീമിനെയും പിടിച്ചു കെട്ടാന്‍. എതിര്‍വശത്ത് ഫ്രാന്‍സിനു വലിയ ആശങ്കകള്‍ ഒന്നും തന്നെയില്ല. കരുത്തുറ്റ യൂറോപ്യന്‍ ശൈലിയും, മികവിലുമുള്ള ഫ്രാന്‍സിനെ പിടിച്ചു കെട്ടാന്‍ അര്‍ജന്റീനയുടെ ലാറ്റിന്‍ അമേരിക്കന്‍ സൌന്ദര്യത്തിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. എന്തായാലും ആദ്യ പ്രീ ക്വാര്‍ട്ടറില്‍ പൊരിഞ്ഞ പോരാട്ടം ഉറപ്പ് ! മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന്.

മാച്ച് 2: പോര്‍ച്ചുഗല്‍ vs ഉറുഗ്വേ

പോര്‍ച്ചുഗല്‍ – സ്‌പെയിന്‍ ആവേശമത്സരം നടന്ന സോചിയിലെ അതിമനോഹരമായ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് രണ്ടാമത്തെ പ്രീ ക്വാര്‍ട്ടര്‍ നടക്കാന്‍ പോകുന്നത്.

ഉറുഗ്വെ ഫോമിലാണ്. എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. ഈ ലോകകപ്പിലെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും വിജയിച്ചത് ആകെ മൂന്നു ടീമുകളാണ്. അതിലൊന്നാണ് ഉറുഗ്വെ. ഈ ലോകകപ്പിലെ ഇതുവരെ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാത്ത ഒരേ ഒരു ടീം. 1998 ല്‍ അര്‍ജന്റീന ഈ നേട്ടം കൈവരിച്ചതിനു ശേഷം ആദ്യമായാണ് ഒരു ടീം ഇങ്ങനെ എത്തുന്നത്. അങ്ങനെ ഒരുപിടി സവിഷേതകളുമായാണ് അവര്‍ വരുന്നത്. ഉറുഗ്വെ എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത് ലൂയി സുവാരസിനെ അല്ലാതെ പിന്നെ ആരെയാണ് ? എങ്കിലും സുവാരസിന്റെ വേഗം കുറഞ്ഞുവോ എന്ന് പലര്‍ക്കും തോന്നിത്തുടങ്ങി. പക്ഷെ ഗോളടിക്കുന്നതിലും അവസരം സൃഷ്ടിക്കുന്നതിലും കുറവൊന്നുമില്ല. ആക്രമണകാരിയായ എഡിന്‌സന്‍ കവാനി, ലൂയിക്ക് ഏറ്റവും ചേര്‍ന്ന ഒരു സപ്പോര്‍ട്ട് ആണെന്നതില്‍ സംശയമില്ല. ഊന്നുവടിയില്‍ നടക്കുന്നതെങ്കിലും ഓസ്‌കാര്‍ ടബരെസ് എന്ന 71 കാരന്‍ കോച്ചിന്റെ ബുദ്ധികേന്ദ്രം കവാനിയെയും സുവാരസിനെയും ചുറ്റിപ്പറ്റി തന്നെയാണ്.

സാധ്യത ഇലവന്‍ : മസ്ലേര , കാസറസ് , ഗിമെനസ് , വരേല , ഗോഡിന്‍ , സാഞ്ചസ്, വസീനോ , ടോരൈറ , കവാനി , സുവാരസ്, ബെന്ടാന്ക്യുര്‍

ഗ്രൂപ്പ് ബി യില്‍ നിന്ന് പോയന്റ് നിലയില്‍ ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ സ്‌പെയിന്റെ താഴെ രണ്ടാമതായാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. ഒരു വിജയവും രണ്ടു സമനിലയുമാണ് പോര്‍ച്ചുഗലിന്റെ ഗ്രൂപ്പ് റിസള്‍ട്ട്. ഇറാനും മോരോക്കോയും ഉള്ള ഗ്രൂപ്പില്‍ നിന്ന് ഏറെക്കുറെ നോക്കൌട്ട് നേരത്തെ ഉറപ്പിച്ച മട്ടിലായിരുന്നു തുടക്കമെങ്കിലും വിയര്‍ത്താണ് പോര്‍ച്ചുഗല്‍ കടന്നു കൂടിയത്. സ്‌പെയിനും അങ്ങനെ തന്നെ. ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന അത്ഭുതത്തിന്റെ ചിറകില്‍ മാത്രം പറന്ന ടീം !

പെനാല്‍റ്റി, ഫീല്‍ഡ് , ഫ്രീകിക്ക് എന്നിവയിലൂടെ ഹാട്രിക് തികച്ച റൊണാള്‍ഡോയുടെ അത്ഭുത പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പോര്‍ച്ചുഗലിന്റെ പേര് ഇവിടെ എഴുതേണ്ടി വരില്ലായിരുന്നു. രണ്ടാമത്തെ മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടി. ടീമില്‍ നിന്നും പ്രതീക്ഷിച്ചത്ര പിന്തുണ റൊണാള്‍ഡോക്ക് കിട്ടാതെ പോയി. പെപ്പെയുടെയും സെദ്രിക്കിന്റെയും പ്രകടനം പോര്‍ച്ചുഗലിന് നിര്‍ണായകമാണ്. കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് കടുത്ത പ്രതീക്ഷയിലാണ്

സാധ്യത ഇലവന്‍ : റൂയി പാട്രിഷ്യോ , ഫോന്റെ , പെപ്പെ , സെദ്രിക് , ഗുരെയ്‌റോ , കാര്‍വാലോ , കുറയ്‌സ്മ , അഡ്രിയാന്‍ സില്‍വ, റൊണാള്‍ഡോ , ആന്ദ്രെ സില്‍വ, ജോവ മരിയോ

ഉറുഗ്വെ എല്ലാ കളികളും ജയിച്ചെങ്കിലും ഒരു ഗോള്‍ പോലും ഏറ്റു വാങ്ങിയില്ല എങ്കിലും അവരുടെ ഗ്രൂപ്പില്‍ നിന്ന് ഒരു കടുത്ത മത്സരം ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. താരതമ്യേന ദുര്‍ബലരായ എതിരാളികളില്‍ നിന്ന് നോക്കൌട്ട് റൌണ്ടില്‍ എത്തുമ്പോള്‍ കടുത്ത മത്സരം പ്രതീക്ഷിക്കണം ഉറുഗ്വെ. പോര്ച്ചുഗലിനും അങ്ങനെ തന്നെ. കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. രണ്ടു ടീമുകളുടെയും ശക്തി ഏതാണ്ട് സമമാണ്. ഉറുഗ്വെ 2010 ലോകകപ്പിലെ സെമി ഫൈനലിസ്റ്റ് ആയിരുന്നു. പോര്‍ച്ചുഗല്‍ 2006 ലെയും. ഈ കളിയുടെ റിസള്‍ട്ട് വ്യക്തിഗത മികവിനെ ആശ്രയിച്ചിരിക്കും എന്നാണ് വിദഗ്ദമതം. ഈ കളി ഒരു പെനാല്‍റ്റി ഷൂട്ടൌട്ട് വരെ പോകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കവാനി സുവാരസ് കൊമ്പോയെ റൊണാള്‍ഡോ നേരിടുന്ന വിധം കാണാനായി ലോകം കാത്തിരിക്കുന്നു. മത്സരം : ഇന്ത്യന്‍ സമയം രാത്രി 11.30

ഇനി മരണക്കളികള്‍ മാത്രം

 

സുജിത്ത് ചാഴൂര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button