പത്തനംതിട്ട : മലങ്കര ഓര്‍ത്തോഡോക്സ് സഭയിലെ ലൈംഗികാരോപണം പുതിയ തലത്തില്‍. സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം സംബന്ധിച്ചുള്ള തെളിവുകള്‍ പോലീസിന് കൈമാറാന്‍ തയാറാണെന്ന് ആരോപണവിധേയയായ യുവതിയുടെ ഭര്‍ത്താവ് അറിയിച്ചു.. സഭയുടെ നിരണം ഭദ്രാസന ആസ്ഥാനത്ത് ഇന്നലെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ ഇയാളില്‍ നിന്നു മൊഴിയെടുത്തിരുന്നു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോടാണ് പരാതി പോലീസിനു കൈമാറാമെന്ന് യുവാവ് അറിയിച്ചത്.
നേരത്തെ സഭയ്ക്കു പരാതി നല്‍കിയപ്പോഴും പോലീസില്‍ പരാതിപ്പെടുന്നെങ്കില്‍ സഭയ്ക്ക് അതിനു തടസമില്ലെന്നും തങ്ങള്‍ക്കു ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തുമെന്നും നേതൃത്വം യുവാവിനെ ധരിപ്പിച്ചിരുന്നതാണ്. കാതോലിക്കാ ബാവയ്ക്കും ഭദ്രാസന മെത്രാപ്പോലീത്തയ്ക്കും നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരണത്തു മൊഴിയെടുത്തത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ കേസില്‍ ആരോപണവിധേയരാണ്. ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനങ്ങളില്‍പെട്ടവരാണ് മറ്റു രണ്ടുപേര്‍. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ അതാത് ഭദ്രാസന മെത്രാപ്പോലീത്തമാര്‍ ഇടവക ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍, സംസ്ഥാന ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് യഥാര്‍ഥ തെളിവുകള്‍ പോലീസിനു കൈമാറാന്‍ യുവതിയുടെ ഭര്‍ത്താവ് സന്നദ്ധത അറിയിച്ചത്. മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലി പ്രകാരമാണ് സഭയുടെ അന്വേഷണ കമ്മീഷന്‍ യുവാവില്‍ നിന്നു മൊഴിയെടുത്തത്. ആരോപണവിധേയരുടെ മൊഴിയെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 22നും സഭയ്ക്ക് മുമ്പാകെ മൊഴി കൊടുത്തിരുന്നു.
ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കാന്‍ തയാറാണ്. ഇപ്പോള്‍ മാതാപിതാക്കളുടെ സംരക്ഷണയിലാണ് ഭാര്യ കഴിയുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.
ഇതുകാരണം അവരോടു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കേസൊതുക്കാന്‍ ഇടപെടലില്ലെന്നും ഇയാള്‍ പറയുന്നു. സഭയുടെ അന്വേഷണത്തില്‍ വിശ്വാസമാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അയാള്‍ പറഞ്ഞു. യുവതിയുടെ പിതാവ് ഇന്നലെ ഭദ്രാസന മെത്രാപ്പോലീത്തയെ കണ്ട് മൊഴി നല്‍കി.
മകള്‍ തന്നോടു കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇദ്ദേഹം മൊഴി നല്‍കിയതെന്ന് പറയുന്നു. മകള്‍ ഇപ്പോഴും ഭര്‍ത്താവിനൊപ്പമാണെന്നാണ് പിതാവ് പറയുന്നത്.
Post Your Comments