തിരുവനന്തപുരം•അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുന്നതാണ്. മാത്രമല്ല മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ച് പ്രാഥമിക പരിശോധന നടത്തുമ്പോള്‍ ഫോര്‍മാലിന്റെ അളവ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കേസെടുക്കുന്നതാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണ്. പല വാഹനങ്ങളിലും എവിടെ നിന്നാണ് ഈ മത്സ്യം കൊണ്ടുവരുന്നതെന്ന് വ്യക്തമായ രേഖകളില്ലാത്തതിനാല്‍ കൊണ്ടുവരുന്ന ഡ്രൈവര്‍ക്കെതിരേയും കേസെടുക്കുന്നതാണ്. അങ്ങനെ മത്സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് ചേംബറില്‍ വച്ചുനടന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതാണ്. കര്‍ശന നിയമമാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലുള്ളത്. 6 മാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ട് മാര്‍ഗം വരുന്ന മത്സ്യങ്ങളേയും പരിശോധിക്കുന്നതാണ്. ഇടനിലക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
മായം കലര്‍ന്ന മത്സ്യം ജനങ്ങളിലെത്താതെ തടയുകയാണ് പ്രധാനം. ഫോര്‍മാലിന്‍ കണ്ടെത്തിയ വാഹനങ്ങളിലുള്ള ടണ്‍ കണക്കിന് മത്സ്യം എവിടെ നിന്നാണോ കൊണ്ടു വന്നത് ആ സ്ഥലത്ത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനോടൊപ്പം കൊണ്ടുപോയി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പ് വരുത്താനായി അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേയും സ്ഥലത്തെ ഉദ്യോഗസ്ഥനേയും അറിയിക്കുകയും ആ മത്സ്യം എന്ത് ചെയ്തുവെന്ന റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യും. ഫ്രീസറില്ലാതെ വരുന്ന വാഹനങ്ങളിലെ മത്സ്യങ്ങള്‍ ഇവിടെ പിടിച്ചിട്ടാല്‍ അത് അഴുകി കേരളത്തില്‍ പാരിസ്ഥിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ധാരാളം മത്സ്യ വാഹനങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ട്. മനുഷ്യന് ഹാനീകരമായ ഫോര്‍മാലിന്‍ മത്സ്യത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ പരിശോധന തുടങ്ങിയത്. ജൂണ്‍ മാസം 9-ാം തീയതി മുതല്‍ നടത്തിയ വിവിധ പരിശോധനകളില്‍ മായം കലര്‍ത്തിയ 28,000ത്തോളം കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്. അമരവിള, വാളയാര്‍, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളില്‍ നിന്നാണ് ഇത്രയധികം മത്സ്യങ്ങള്‍ പിടിച്ചെടുത്തത്.
മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സര്‍ക്കാര്‍ ഓപ്പറേഷന്‍ സാഗര്‍റാണി എന്ന പേരില്‍ ഒരു പുതിയ പദ്ധതി ആരംഭിച്ചത്. മൂന്ന് ഘട്ടമായാണ് ഓപ്പറേഷന്‍ സാഗര്‍ റാണി നടപ്പിലാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍, ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്.
മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ഇതില്‍ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ടമായി പരിശോധനകള്‍ ശക്തമാക്കിയത്.
അവബോധം നല്‍കി 140 ഗ്രാമ പഞ്ചായത്തുകളെ മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാക്കി മാറ്റിയിട്ടുണ്ട്. ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊതുവിപണിയിലെത്തും. മൂന്ന് രൂപയോളം വിലയുള്ള ഈ സ്ട്രിപ്പുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് തന്നെ മത്സ്യത്തിലെ മായം കണ്ടെത്താവുന്നതാണ്. അങ്ങനെ വരുമ്പോള്‍ മായം കലര്‍ത്തിയുള്ള കച്ചവടത്തെ സാരമായി ബാധിക്കുകയും കച്ചവടക്കാര്‍ ആ ഏജന്‍സിയില്‍ നിന്നുള്ള മത്സ്യം വാങ്ങല്‍ ഒഴിവാക്കുകയും ചെയ്യും.
ഭക്ഷ്യസുരക്ഷാ വകുപ്പിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 115 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ച് പരിശീലനം നല്‍കിയത്. ഇതോടുകൂടി 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സര്‍ക്കിളുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞു. ഭാവിയില്‍ അവര്‍ക്ക് കൂടുതല്‍ വാഹനങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നതാണ്. ഇപ്പോള്‍ ഉള്ള സൗകര്യം വച്ച് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി മാധ്യമങ്ങളുടെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ ദേശീയ തലത്തിലുള്ള സ്‌കോച്ച് അവാര്‍ഡ്. ഓപ്പറേഷന്‍ സാഗര്‍ റാണിക്ക് സ്‌കോച്ച് ഗോള്‍ഡന്‍ അവാര്‍ഡും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോച്ച് സില്‍വര്‍ അവാര്‍ഡും ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം ഐ.എ.എസ്., ജോ. കമ്മീഷണര്‍ അനില്‍ കുമാര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments