ബെംഗളൂരു: കര്‍ണാടകയില്‍ വളരെയധികം സംഘർഷ നിമിഷങ്ങള്‍ക്കൊടുവില്‍ രൂപീകരിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. ഇരു കക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിക്കുകയാണ്. സർക്കാർ രൂപീകരിച്ചിട്ട് ആഴ്ചകൾ പോലുമായിട്ടില്ല. ഈ സർക്കാർ എത്രകാലം മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്ന വീഡിയോ വരെ പുറത്തുവന്നു. കുമാര സ്വാമി സർക്കാരിന്റെ ബഡ്ജറ്റ് അവതരണത്തെ ചൊല്ലിയാണ് കല്ലുകടി രൂക്ഷമായത്.
പുതിയ ബഡ്ജറ്റ് അവതരിപ്പിക്കാൻ സിദ്ധരാമയ്യ അനുവദിക്കുന്നില്ല. കഴിഞ്ഞ സർക്കാരിൽ തങ്ങൾ അവതരിപ്പിച്ച ബഡ്ജറ്റ് തുടരാനാണ് സിദ്ധരാമയ്യയുടെ ആവശ്യം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് അവതരണ കാലത്തുള്ള നൂറോളം എം എല്‍ എ മാര്‍ ഇപ്പോളില്ല എന്നതാണ് കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നത്. പുതിയ എം.എൽ.എ മാർക്ക് പഴയ ബജറ്റിൽ യാതൊരു അറിവുമില്ല. അവരുടെ താത്പര്യങ്ങൾ കൂടി കണക്കിലെടുത്തു വേണം പുതിയ ബജറ്റ് അവതരിപ്പിക്കാൻ. താൻ ആരുടേയും കാരുണ്യത്തിൽ മുഖ്യമന്ത്രിയായതല്ല. ആരുടേയും ദയയിലല്ല തുടരുന്നതെന്നും കുമാര സ്വാമി വ്യക്തമാക്കി.
ജൂലൈ അഞ്ചിനാണ് കുമാര സ്വാമി സർക്കാർ ബജറ്റ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കർഷകരെ സഹായിക്കുന്ന പദ്ധതികൾ ഉൾപ്പെടുത്തണം . പഴയ ബജറ്റിൽ തുടർന്നാൽ അത് നടക്കില്ലെന്നും കുമാര സ്വാമി പറഞ്ഞു. ബജറ്റ് വിഷയത്തിൽ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാൽ പഴയ ബജറ്റ് അതുപോലെ തന്നെ നടക്കട്ടെ , പുതിയതായി എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് ചേർത്താൽ മതിയെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. സിദ്ധരാമയ്യ അനുയായികളോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് അസ്വാരസ്യം മൂർച്ഛിച്ചത്.
‘അവർ പുതിയ ബജറ്റ് അവതരിപ്പിക്കും . എന്നിട്ട് രാഹുൽ ഗാന്ധിയെ പോയി കാണും . പിന്നെ പറയും രാഹുൽ പച്ചക്കൊടി കാണിച്ചിട്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന്. പരമേശ്വരയും പറയും പുതിയ സർക്കാർ വന്നാൽ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് ‘ . എന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. ഇതിനിടെ ഈ സർക്കാർ അധിക കാലം മുന്നോട്ടു പോവില്ലെന്നു കോൺഗ്രസ് നേതാവ് പറയുന്ന വീഡിയോ പ്രാദേശിക ചാനൽ പുറത്തു വിട്ടു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സഖ്യം കൂടുതല്‍ കാലം നില്‍ക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ. മാത്രമല്ല, ജെഡിഎസ് നേതാക്കളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. അധികം വൈകാതെ കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയതലത്തില്‍ മുഖ്യവിഷയമാകുമെന്നാണ് റിപ്പോർട്ട്. അതെ സമയം മുഖ്യമന്ത്രി പദം രാഹുൽ ഗാന്ധിയുടെ കാരുണ്യമാണെന്ന് നേരത്തെ പറഞ്ഞിരുന്ന കുമാര സ്വാമി മുഖ്യമന്ത്രി പടം ആരുടേയും ഔദാര്യമല്ലെന്ന് നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്.
Post Your Comments